Connect with us

Gulf

കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയ വേലക്കാരി പിടിയില്‍

Published

|

Last Updated

ഷാര്‍ജ: ജോലിചെയ്യുന്ന വീട്ടുകാര്‍ക്ക് കുടിക്കാനുള്ള വെള്ളത്തില്‍ വിഷം കലര്‍ത്തിയ വേലക്കാരിയെ പിടികൂടി. ഇന്തോനേഷ്യക്കാരിയായ വേലക്കാരിയാണ് പോലീസ് പിടിയിലായത്. ജോലി ചെയ്യുന്ന വീട്ടിലുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടിക്ക് കുടിക്കാന്‍ കരുതിവെച്ച വെള്ളത്തിലാണ് വേലക്കാരി വിഷം കലര്‍ത്തിയതെന്ന് പോലീസ്.
കുട്ടിക്ക് വെള്ളം നല്‍കാന്‍ വേണ്ടി ബോട്ടില്‍ തുറന്നപ്പോള്‍ അനുഭവപ്പെട്ട അസ്വഭാവിക വാസനയാണ് വീട്ടുകാരിക്ക് സംശയം ജനിപ്പിച്ചത്. ബോട്ടിലുമായി പോലീസ് സ്റ്റേഷനിലെത്തി സ്വദേശി വീട്ടമ്മ പരാതിപ്പെടുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വേലക്കാരിയുടെ സ്വഭാവങ്ങളിലും പെരുമാറ്റങ്ങളിലും മാറ്റങ്ങള്‍ പ്രകടമായിരുന്നെന്നും പരാതിയില്‍ വീട്ടമ്മ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ വേലക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലില്‍ വെള്ളത്തില്‍ വിഷം കലര്‍ത്തിയതായി പ്രതി സമ്മതിച്ചു. വീട്ടിലുണ്ടായിരുന്ന പ്രാണികളെ നശിപ്പിക്കാനുള്ള കെമിക്കലടങ്ങിയ മരുന്നാണ് ചേര്‍ത്തതെന്നും പ്രതി പോലീസിനോട് പറഞ്ഞു. വിഷവും ചേര്‍ത്ത വെള്ളവും കൂടുതല്‍ അന്വേഷണങ്ങളുടെ ഭാഗമായി വിദഗ്ധ പരിശോധനക്ക് ലാബിലേക്ക് മാറ്റിയതായി ഖോര്‍ഫുക്കാന്‍ പോലീസ് അറിയിച്ചു. വീട്ടുടമസ്ഥയില്‍ നിന്നുള്ള മോശം പെരുമാറ്റത്തില്‍ കുപിതയായാണ് ഇത് ചെയ്തതെന്ന് വേലക്കാരി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.