Connect with us

National

സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് സുപ്രീം കോടതി മാര്‍ഗനിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രീയനേട്ടത്തിന് വേണ്ടി പൊതു ഫണ്ട് ഉപയോഗിച്ച് പത്ര, ദൃശ്യ മാധ്യമങ്ങളില്‍ സര്‍ക്കാറും സര്‍ക്കാര്‍ അതോറിറ്റികളും പരസ്യം നല്‍കുന്നതിന് മാര്‍ഗരേഖകള്‍ ആവശ്യമാണെന്ന് സുപ്രീം കോടതി. ഇതിനായി നാലംഗ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. ദേശീയ ജുഡീഷ്യല്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍ ആര്‍ മാധവ മേനോന്‍, ലോക്‌സഭാ മുന്‍ സെക്രട്ടറി ടി കെ വിശ്വനാഥന്‍, മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍, വിവര, പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. മൂന്നാഴ്ചക്കുള്ളില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് പി സദാശിവന്‍ നേതൃത്വം നല്‍കുന്ന ബഞ്ച് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഒരു പൊതു താത്പര്യ ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. പൊതു ഫണ്ട് ഉപയോഗിച്ച് ഭരിക്കുന്ന പാര്‍ട്ടികള്‍ നല്‍കുന്ന മാധ്യമ പരസ്യം ആ കക്ഷിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നു എന്നായിരുന്നു പൊതുതാത്പര്യ ഹരജി ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ പരസ്യങ്ങള്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നു പറഞ്ഞ ഹരജിക്കാരന്‍, ഇതിന്റെ മറവില്‍ രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തുന്നത് ശരിയല്ലെന്ന് കോടതിയില്‍ വാദിച്ചു.

 

---- facebook comment plugin here -----

Latest