കുരങ്ങ് പനി ഭീതി: ബോധവത്കരണം ശക്തമാക്കി

Posted on: April 24, 2014 12:42 am | Last updated: April 23, 2014 at 11:42 pm

ആലപ്പുഴ: കുരങ്ങ് പനിക്കെതിരെ ബോധവത്കരണവുമായി മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും രംഗത്തെത്തി. മാന്നാര്‍ ഇലഞ്ഞിമേല്‍ വള്ളിക്കാവ് ദേവിക്ഷേത്രത്തിലെ കുരങ്ങുകള്‍ ചത്തത് കുരങ്ങ് പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണവുമായി സര്‍ക്കാര്‍ വകുപ്പുകള്‍ രംഗത്തെത്തിയത്.
ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി വെറ്ററിനറി ഡോക്ടര്‍മാരുടെയും ആരോഗ്യ വകുപ്പ് വിദഗ്ധരുടെയും സംയുക്ത യോഗം ഇന്ന് തിരുവനന്തപുരം പാലോട് കേന്ദ്രത്തില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. കുരങ്ങ് പനി ബാധിച്ച ഒരു കുരങ്ങിനെ കര്‍ണാടകയിലെ ഷിമോഗയിലെ വൈറസ് ഗവേഷണ ലബോറട്ടറിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ ഇതില്‍ കുരങ്ങ് പനിയുടെ വൈറസ് കണ്ടെത്താനായി. കുരങ്ങ് പനി മനുഷ്യരില്‍ പകരാനുള്ള സാധ്യത കണക്കിലെടുത്ത് വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. കുരങ്ങ് പനിയുടെ വൈറസ് മനുഷ്യരില്‍ പകരാനുള്ള സാധ്യത തുടക്കത്തില്‍ കുറവാണ്. എന്നാല്‍ വായുവിലൂടെ പകരുന്ന വൈറസ് മനുഷ്യനെ തളര്‍ത്തുകയും ഇത് അനാരോഗ്യത്തിനിടയാക്കുമെന്നും ജില്ലാ ആനിമല്‍ ഹസ്ബന്ററി വകുപ്പ് ഓഫീസര്‍ ലിസി പി സ്‌കറിയ പറഞ്ഞു.
ജില്ലയില്‍ ഇതേ വരെ മനുഷ്യരില്‍ കുരങ്ങ് പനി ബാധ ആര്‍ക്കും ഇതേ വരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി എം ഒ ഡോ. സഫിയ്യാ ബീവി പറഞ്ഞു. ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സൈഫഌത്രിന്‍ ലോഷന്‍ തളിച്ചിട്ടുണ്ട്. കുരങ്ങുകള്‍ക്ക് കൈ കൊണ്ട് ഭക്ഷണം നല്‍കുന്നത് സൂക്ഷിക്കണമെന്നും രോഗബാധിതമായ കുരങ്ങില്‍ നിന്ന് കടി ലഭിച്ചാല്‍ കുരങ്ങ് പനി പകരാനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ പറഞ്ഞു. കുറഞ്ഞത് രണ്ട് മാസമെങ്കിലുമായി കുരങ്ങുകള്‍ക്ക് പനി ബാധിച്ചിട്ടെന്നാണ് മൃഗസംരക്ഷണ വിദഗ്ധരുടെ അഭിപ്രായം. കേരളത്തില്‍ ഇത് ആദ്യമായാണ് കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കര്‍ണാടകയിലെ ഷിമോഗയിലെ ക്യാസനൂര്‍ വനാന്തരത്തിലാണ്. ശക്തമായ പനി, കടുത്ത തലവേദന എന്നിവയാണ് കുരങ്ങ് പനിയുടെ പ്രധാന ലക്ഷണം. എട്ട് ഏക്കര്‍ വിസ്തൃതിയുള്ള വള്ളിക്കാവ് ക്ഷേത്രക്കാവില്‍ ഇരുന്നൂറോളം കുരങ്ങുകളാണുള്ളത്. ഇതില്‍ പത്തോളം കുരങ്ങുകളാണ് പനി ബാധിച്ച് ചത്തത്.