Connect with us

Ongoing News

ബോബി മാരത്തണിന് തലസ്ഥാനത്ത് ആവേശോജ്ജ്വല സമാപനം

Published

|

Last Updated

തിരുവനന്തപുരം: “രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ” എന്ന സന്ദേശം പ്രചരിപ്പിച്ച് കാസര്‍കോട് നിന്ന് തുടങ്ങിയ ബോബി ചെമ്മണൂരിന്റെ മാരത്തണിന് തലസ്ഥാനത്ത് ആവേശോജ്ജ്വലമായ സമാപനം. വൈകിട്ട് അഞ്ച് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢോജ്ജ്വലമായ ചടങ്ങില്‍ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശവുമായി 812 കിലോമീറ്റര്‍ ഓടിയെത്തിയ ബോബിയെ കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് ആദരിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമ്പോള്‍ ലഭിക്കുന്ന സന്തോഷം വലുതാണെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. രക്തദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കാന്‍ മാരത്തണുമായി കേരളത്തിലുടനീളം എത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം പ്രകടിപ്പിച്ച ബോബി മദ്യപാനത്തിനും പുകവലിക്കുമെതിരെ മുന്‍പ് നടത്തിയ യജ്ഞങ്ങളെപ്പറ്റിയുള്ള അനുഭവങ്ങളും സദസ്സിനോട് പങ്കുവെച്ചു.
സമൂഹത്തിന് അനുകരിക്കാന്‍തക്ക മാതൃക പകര്‍ന്നു നല്‍കിയ ബോബി ചെമ്മണ്ണൂരിന്റെ പ്രവൃത്തിക്ക് ആദരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരും മറ്റ് പ്രമുഖ നേതാക്കളും മത, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
രക്തദാനം പ്രോത്സാഹിപ്പിക്കാനായി 812 കിലോമീറ്റര്‍ ഓടിയ റെക്കോര്‍ഡ് ഇന്ത്യയില്‍ ബോബി ചെമ്മണ്ണൂരിന് മാത്രം അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. മാരത്തണില്‍ അല്‍പ്പസമയം പങ്കുചേരാനായ കാര്യവും മുഖ്യമന്ത്രി ഓര്‍മിച്ചു. രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി ഓടിയ ബോബി സമൂഹ മനസ്സാക്ഷിയുടെ ഉത്തരവാദിത്വത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ, ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ അഭിപ്രായപ്പെട്ടു.
മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍, ഒ രാജഗോപാല്‍, മേയര്‍ കെ ചന്ദ്രിക, എ സമ്പത്ത് എം പി, ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം, ഗുരുരത്‌നം ജ്ഞാനതപസ്സി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, ബെന്നറ്റ് എബ്രഹാം, നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ എന്നിവര്‍ ബോബിക്ക് ആശംസകളുമായി സംസാരിച്ചു.
ബോബിയുടെ നേട്ടം ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഉള്‍പ്പെട്ടതായി ചടങ്ങിനിടെ പ്രഖ്യാപിച്ചു. ബോബി ചെമ്മണ്ണൂര്‍ സംഭാവന ചെയ്യുന്ന ആംബുലന്‍സുകളുടെ താക്കോല്‍ദാനം പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ യൂനിറ്റിലെ അബ്ദുല്‍ കരീമിന് നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു. ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ മാഗസിനായ ലൈഫ് വിഷന്റെ പ്രകാശനവും വേദിയില്‍ നടന്നു.

Latest