Connect with us

Ongoing News

ആറാം ഘട്ടം പരസ്യ പ്രചാരണം അവസാനിച്ചു; ഇനി ബൂത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആറാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പരസ്യ പ്രചാരണം അവസാനിച്ചു. പതിനൊന്ന് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 117 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നാളെയാണ് വോട്ടെടുപ്പ്. ഇതിന് പുറമെ അസം (ആറ്), ബീഹാര്‍ (ഏഴ്), ഛത്തീസ്ഗഢ് (ഏഴ്), ജമ്മു കാശ്മീര്‍ (ഒന്ന്), ഝാര്‍ഖണ്ഡ് (നാല്), മധ്യപ്രദേശ് (പത്ത്), മഹാരാഷ്ട്ര (19), രാജസ്ഥാന്‍ (അഞ്ച്), ഉത്തര്‍പ്രദേശ് (12), പശ്ചിമ ബംഗാള്‍ (ആറ്) എന്നിവിടങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ദേശീയ രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനും ബി ജെ പിക്കും പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുനൈറ്റഡ്, എ ഐ എ ഡി എം കെ, ഡി എം കെ തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ക്കും വളരെ നിര്‍ണായകമാണ് ഈ ഘട്ടം. ദേശീയ രാഷ്ട്രീയത്തിനു പുറമെ ആറാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രാദേശിക വിഷയങ്ങള്‍ക്കും പ്രാധാന്യമേറെയാണ്. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ വലിയ റാലികള്‍ നടത്തി ശക്തി തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു പാര്‍ട്ടികള്‍.
മുംബൈയിലും ആന്ധ്രാപ്രദേശിലുമായി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോദി മൂന്ന് റാലികളിലാണ് ഇന്നലെ പങ്കെടുത്തത്. ഛത്തീസ്ഗഢിലും തമിഴ്‌നാട്ടിലെ മഥുരയിലുമായിരുന്നു രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലികള്‍ സംഘടിപ്പിച്ചത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പശ്ചിമ ബംഗാളിലെ റായ്ഗഞ്ചിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രചാരണം. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, ഡി എം കെ നേതാവ് എം കരുണാനിധി എന്നിവരും വിവിധയിടങ്ങളില്‍ നടന്ന അവസാന ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തു.
ലോക്‌സഭാ പ്രതിപക്ഷ നേതാവായ സുഷമാ സ്വരാജ് (വിദിഷ, മധ്യപ്രദേശ്), മിലിന്ദ് ദേവ്‌റ (മുംബൈ സൗത്ത്), രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് (ജങ്കിപ്പൂര്‍, പശ്ചിമ ബംഗാള്‍), പ്രിയരരഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഭാര്യ ദീപാ ദാസ്മുന്‍ഷി (റായ്ഗഞ്ച്, പശ്ചിമ ബംഗാള്‍), കേന്ദ്ര മന്ത്രി ചിദംബരത്തിന്റെ കാര്‍ത്തി ചിദംബരം (ശിവഗംഗ, തമിഴ്‌നാട്), മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ രാജ (നീലഗിരി), ആര്‍ എല്‍ ഡി നേതാവ് അമര്‍ സിംഗ് (ഫത്തേപൂര്‍സിക്രി), വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് (ഫാറൂഖാബാദ്, യു പി), സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് (മെയ്ന്‍പുരി, യു പി), ബോളിവുഡ് നടി ഹേമമാലിനി (മഥുര, യു പി) എന്നിവരാണ് ഇത്തവണ ജനവിധി തേടുന്ന പ്രമുഖര്‍. ഇവര്‍ ഉള്‍പ്പെടെ 2,087 സ്ഥാനാര്‍ഥികളാണ് നാളെ ജനവിധി തേടുന്നത്.