Connect with us

Ongoing News

കലൈഞ്ജര്‍ക്കും തലൈവിക്കും ഡല്‍ഹിതാന്‍ മുഖ്യം

Published

|

Last Updated

കോയമ്പത്തൂര്‍: തമിഴകത്തിന്റെ സ്ഥാനം ഡല്‍ഹിയില്‍ ഉറപ്പിക്കുക ലക്ഷ്യം വെച്ച് എ ഐ എ ഡി എം കെ അധ്യക്ഷ ജയലളിത നീക്കം നടത്തുമ്പോള്‍ കൈവിട്ടു പോയ സ്ഥാനം ഉറപ്പിക്കുന്നതിനും അതിനൊപ്പം ഡല്‍ഹിയില്‍ ചലനം സൃഷ്ടിക്കാന്‍ പറ്റുന്ന തരത്തിലുള്ള ശക്തിയാകാനുമാണ് ഡി എം കെ നേതാവ് കരുണാനിധിയുടെ ശ്രമം. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജയലളിത ആദ്യം തുടക്കം കുറിച്ചത് പോലെ തന്നെ ഒരു ദിവസം മുമ്പേ ഇവര്‍ സ്റ്റേജ് ഷോ പോലുള്ള പ്രധാന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാര്‍ഥികളെയെല്ലാം ഒരേ വേദിയില്‍ അവതരിപ്പിച്ചായിരുന്നു എ ഐ എ ഡി എം കെയുടെ കൊട്ടിക്കലാശം. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചാണ് അവസാന പ്രചാരണ യോഗം ജയലളിത കൊഴുപ്പിച്ചത്.
ഗുജറാത്തിന്റെ വികസന നേട്ടങ്ങളെ എണ്ണമിട്ട് എതിര്‍ത്ത ജയലളിത മോദി ഉയര്‍ത്തിക്കാട്ടുന്ന വികസനം വെറും പൊള്ളയാണെന്ന് അഭിപ്രായപ്പെട്ടു. ഡി എം കെയെയും ജയലളിത വെറുതെ വിട്ടില്ല.
ജയലളിതക്കെതിരെയും ബി ജെ പിക്കെതിരെയും ശക്തമായ ആഞ്ഞടിച്ചു കൊണ്ടാണ് ഡി എം കെ പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. എന്നാല്‍, കോണ്‍ഗ്രസിനെതിരെ യാതൊന്നും മിണ്ടാന്‍ കരുണാനിധി തയ്യാറായിട്ടില്ല. കോണ്‍ഗ്രസ്, എ ഐ എ ഡി എം കെ എന്നീ കക്ഷികള്‍ ഒറ്റക്ക് മത്സരിക്കുന്ന തമിഴ്‌നാട്ടില്‍ ക്യാപ്റ്റന്‍ വിജയകാന്തിന്റെ ഡി എം ഡി കെ, വൈകോയുടെ എം ഡി എം കെ തുടങ്ങിയ കക്ഷികളുമായി സഖ്യമായാണ് ബി ജെ പി മത്സരിക്കുന്നത്. സഖ്യമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ട ഇടത് പാര്‍ട്ടികളും മത്സരരംഗത്തുണ്ട്.
കനത്ത ചൂടിലും നാടും നഗരവും ഇളക്കിമറിച്ചുള്ള തീപാറുന്ന കൊട്ടിക്കലാശത്തിനാണ് തമിഴകം ഇന്നലെ സാക്ഷിയായത്. പ്രചാരണ രംഗത്ത് ഒരുപടി മുന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞതും സംസ്ഥാനത്തെ ഭരണ നേട്ടങ്ങള്‍ വോട്ടായി മാറുമെന്നുമുള്ള ഉറച്ച പ്രതീക്ഷയിലാണ് ജയലളിത. അഴിമതി ആരോപണങ്ങളും പാര്‍ട്ടിയിലെ തമ്മിലടികളും പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഡി എം കെ യെ തളര്‍ത്തിയിരുന്നുവെങ്കിലും പ്രചാരണം സമാപിക്കുമ്പോഴേക്കും പഴയ കരുത്തിലേക്ക് കരുണാനിധിയുടെ പാര്‍ട്ടിയെത്തിയെന്ന് വിശ്വസിക്കാനാണ് അണികള്‍ക്കിഷ്ടം. കലൈഞ്ജറുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ കേള്‍ക്കാനെത്തിയവരെല്ലാം വോട്ട് നല്‍കിയാല്‍ തന്നെ ഡി എം കെ യുടെ വിജയം സുനിശ്ചിതമെന്നാണ് പാര്‍ട്ടിയുടെ കണക്കുക്കൂട്ടല്‍. സഖ്യത്തിന്റെ കരുത്തും മോദി തരംഗവും അനുകൂലമാകുമെന്നാണ് വിജയകാന്ത് കരുതുന്നത്.
പരമ്പരാഗത വോട്ടുകളിലാണ് കോണ്‍ഗ്രസിന്റെ കണ്ണ്. കാമരാജരുടെ പേര് അത്ര പെട്ടെന്നൊന്നും തമിഴക മനസ്സില്‍ നിന്ന് മായ്ച്ചു കളയാന്‍ കഴിയില്ലെന്നാണ് അവരുടെ വിശ്വാസം. സഖ്യമുപേക്ഷിച്ച് പ്രധാന കക്ഷികളെല്ലാം കളത്തിലിറങ്ങിയതും എ എ പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെല്ലാം മത്സരരംഗത്തുള്ളതും കൃത്യമായ പ്രവചനങ്ങളുടെ സാധ്യതയെ ഇല്ലാതാക്കിയിട്ടുണ്ട്.