Connect with us

Wayanad

നീലഗിരി ലോക്‌സഭാ മണ്ഡലം: കൊട്ടിക്കലാശം കഴിഞ്ഞു: ഇനി നിശ്ശബ്ദ പ്രചാരണം

Published

|

Last Updated

ഗൂഡല്ലൂര്‍: തമിഴ്‌നാട്ടില്‍ നാളെ നടക്കുന്ന ആറാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. നഗരങ്ങളെയും ഗ്രാമങ്ങളെയും ഇളക്കിമറിച്ചുള്ള പ്രചാരണമാണ് അവസാന സമയംവരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയിരുന്നത്. ഡി എം കെ, എ ഐ എ ഡി എം കെ, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ വാശിയോടെ ഇരുചക്രവാഹനങ്ങളിലും മറ്റു വാഹനങ്ങളിലുമായും പ്രകടനമായുമാണ് അവസാനഘട്ട പ്രചാരണം നടത്തിയത്.
എ ഐ എ ഡി എം കെ സ്ഥാനാര്‍ഥി ഗോപാലകൃഷ്ണന്‍ മാത്രമാണ് തുറന്ന വാഹനത്തില്‍ ഇന്നലെ വൈകുന്നേരം നഗരം ചുറ്റി വോട്ടഭ്യര്‍ഥിച്ചത്. അതേസമയം ഡി എം കെ സ്ഥാനാര്‍ഥി എ രാജ കഴിഞ്ഞ ദിവസം തുറന്ന വാഹനത്തിലൂടെ നഗരം ചുറ്റി ജനങ്ങളോട് വോട്ടഭ്യര്‍ഥിച്ചിരുന്നു. വന്‍ സുരക്ഷാക്രമീകരണമാണ് ഗൂഡല്ലൂരില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇത്തവണ പ്രചാരണം സജീവമായിരുന്നു. തിരഞ്ഞെടുപ്പിന്റെ ആവേശം കണ്ടത് നഗരങ്ങളില്‍ നടന്ന റോഡ് ഷോകളിലാണ്. കഴിഞ്ഞ കാലങ്ങളെ പോലെ ഇത്തവണയും ചില പാര്‍ട്ടികള്‍ പ്രചാരണായുധമാക്കിയിരുന്നത് ഗൂഡല്ലൂര്‍ മേഖലയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഭൂപ്രശ്‌നം, രാത്രിയാത്രാ നിരോധം, വികസനം, കടുവാസങ്കേത പ്രശ്‌നം തുടങ്ങിയവയാണ്. അഴിമതി വലിയ ചര്‍ച്ചാവിഷയമായിരുന്നു. അണ്ണാ ഡി എം കെ മുന്‍ കേന്ദ്ര ടെലികോം മന്ത്രിയും ഡി എം കെ സ്ഥാനാര്‍ഥിയുമായ എ രാജയുടെ ടൂജി സ്‌പെക്ട്രമാണ് പ്രചാരണായുധമാക്കിയിരുന്നത്. ഫഌക്‌സ് ബോര്‍ഡുകള്‍ക്കും പോസ്റ്ററുകള്‍ക്കും നീലഗിരിയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. നാളെ രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. അംഗവൈകല്യമുള്ളവര്‍ക്കും കൈക്കുഞ്ഞുമായി വരുന്നഅമ്മമാര്‍ക്കും മുന്‍ഗണന ലഭിക്കും. ബൂത്തിനകത്ത് പ്രവേശിച്ചാല്‍ ഒന്നാംപോളിംഗ് ഓഫീസറെ സമീപിച്ച് തിരിച്ചറിയല്‍ രേഖ കാണിക്കണം. വോട്ടര്‍പട്ടികയുടെ മാര്‍ക്ക് ചെയ്ത കോപ്പി ഇയാളുടെ കൈവശമുണ്ടാകും. പിന്നീട് നിങ്ങളുടെ പേരും ക്രമ നമ്പറും വിളിച്ചുപറയും. നിങ്ങളുടെ ഐഡന്റിറ്റി അംഗീകരിച്ചാല്‍ രണ്ടാംപോളിംഗ് ഓഫീസറുടെ മുമ്പിലെത്തണം. ഓഫീസര്‍ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷിപുരട്ടും.
മഷിമായിച്ച് കളയാന്‍ പാടില്ല. പിന്നീട് വോട്ടേഴ്‌സ് രജിസ്റ്ററില്‍ ഒപ്പ് വെക്കണം. ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ പോളിംഗ് ഓഫീസര്‍ ഒപ്പിട്ട സ്ലിപ്പ് നല്‍കും. തുടര്‍ന്ന് മൂന്നാംപോളിംഗ് ഓഫീസര്‍ക്ക് ആ സ്ലിപ്പ് നല്‍കണം. ഈ ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് എന്ന ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റ് വോട്ട് ചെയ്യാന്‍ സജ്ജമാക്കും. തുടര്‍ന്ന് വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ നേരെയുള്ള നീലബട്ടണ്‍ അമര്‍ത്തുക. ഒരു തവണ അമര്‍ത്തിയാല്‍മതി.

Latest