Connect with us

Articles

ചോര കൊണ്ടെഴുതുന്ന പ്രണയം

Published

|

Last Updated

കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ നടന്ന കൊലപാതകം കേരളത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. വിവാഹേതര ബന്ധത്തന്റ മറ്റൊരു ദുരന്തം! ഇരയായത് നിരപരാധികളായ മകളും ഭര്‍ത്താവും ഭര്‍തൃ മാതാവും.
ബസ് സ്റ്റാന്‍ഡിന്‍ വെച്ച് ആളുകള്‍ക്കു മുമ്പില്‍ വെച്ച് കാമുകന്‍ യുവതിയെ കഴുത്തറുത്ത് കൊന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നു. യുവതി മുന്‍ ഭര്‍ത്താവിനൊപ്പം പോകുമെന്ന സംശയത്തിലാണത്രേ കൊല.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായ വാര്‍ത്തകള്‍ ദിനേന പെരുകിക്കൊണ്ടിരിക്കുന്നു. ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന വഴി വിട്ട ബന്ധങ്ങളിലൂടെ ദാമ്പത്യവും കുടുംബത്തെയും ചോദ്യം ചെയ്യപ്പെടുകയാണ്. ദാമ്പത്യത്തിനും കുടുംബത്തിനും വലിയ പരുക്കുകളാണ് ഇത് മുഖേന ഉണ്ടാകുന്നത്. മാത്രമല്ല, ഇതില്‍ പലതും ഒടുങ്ങുന്നത് ദാരുണമായാണ്. മരണത്തിലും കൊലപാതകത്തിലും കൊലപാതക ശ്രമങ്ങളിലുമാണ് കഥാന്ത്യം സംഭവിക്കുന്നത്. ഇതിന് ബലിയാടുകളാകുന്നത് പിഞ്ചുകുഞ്ഞുങ്ങളും രക്ഷിതാക്കളും മറ്റുമാണെന്നത് അതിനേക്കാള്‍ ഖേദകരമാണ്.
ദാമ്പത്യത്തിന് പുതുമോടി അണയും മുമ്പെ കാമുകനെത്തേടിയിറങ്ങുന്നവര്‍, ചെറു സൗന്ദര്യ പിണക്കങ്ങള്‍ പോലും വിവാഹപൂര്‍വ ബന്ധത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഉപയോഗിക്കുന്നവര്‍, ഒരു മിസ്ഡ് കോള്‍ പ്രണയത്തിന്റെ വൈകാരികത്തിളപ്പില്‍, പ്രസവിച്ച് പോറ്റിവളര്‍ത്തിയ മക്കളെപ്പോലും കൊലപ്പെടുത്തുകയും ഉപേക്ഷിക്കുകയും ചെയ്ത് കാമുകനോടൊപ്പം ഓടിപ്പോകുന്നവര്‍, പ്രണയത്തിന് തടസ്സമാകുന്ന പിതാവോ മാതാവോ പങ്കാളിയോ ബന്ധുക്കളോ ആയാല്‍പോലും അവരെ ഇല്ലാതാക്കാന്‍ ഗൂഢതന്ത്രം മെനയുന്നവര്‍. വിവാഹേതര ബന്ധം അല്ലലില്ലാതെ തുടരാനാകാത്ത സാഹചര്യത്തില്‍ മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവര്‍ ഇങ്ങനെ നീളുന്ന ദാമ്പത്യത്തിന്റെ കൂട് പൊട്ടിച്ചെറിയുന്നവരുടെ പട്ടിക.
വിവാഹമോചനം തേടി കുടുംബ കോടതികളിലെത്തുന്ന കേസുകളധികവും വിവാഹേതര ബന്ധങ്ങളാണ് കാരണം. പക്ഷെ, പലപ്പോഴും അവ കാരണമായി കാണിക്കാറില്ല എന്നുമാത്രം. വിവേഹതര ബന്ധം കോടതിയില്‍ തെളിയിക്കാനുള്ള പ്രയാസം, വിവാഹേതര ബന്ധമാണ് കാരണമെന്ന് വരുമ്പോള്‍ പുനര്‍വിവാഹ സാധ്യത കുറക്കുന്നത്, ബന്ധം പുറത്തറിയുന്നതിലെ നാണക്കേട് തുടങ്ങിയവയൊക്കെ വിവാഹമോചനക്കേസില്‍ വിവാഹേതര ബന്ധം മറച്ചുവെച്ച് മറ്റു കാരണങ്ങളാണ് പലരും കാണിക്കുക. യൂട്യൂബിലും മൊബൈല്‍ ഫോണിലുമൊക്കെ പ്രചരിക്കുന്ന ക്ലിപ്പുകളും സംഭാഷണങ്ങളും പെരുകുന്ന വിവാഹേതര ബന്ധങ്ങളുടെ തെളിവുകളാണ്. കുടുംബ കോടതികളിലെത്തുന്ന വിവാഹ മോചന കേസുകളില്‍ വിവാഹേതര ബന്ധത്തിനുള്ള തെളിവായി ടെലിഫോണ്‍ സംഭാഷണങ്ങളുടെ ടേപ്പുകള്‍ ഇന്ന് ധാരാളമായി ഹാജരാക്കപ്പെടുന്നു.
വിവാഹേതര ബന്ധങ്ങള്‍ പെരുകുന്നതിന് പിന്നില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കാരണമാകുന്നത് മൊബൈല്‍, ഇന്റര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ ഉപാധികളാണ്. വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ഒട്ടുമിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ബന്ധങ്ങളും വെറും സൗഹൃദത്തിലാണ് തുടങ്ങുക. പക്ഷേ, അവരുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങളുണ്ടെങ്കില്‍ പലപ്പോഴും ഇത്തരം സൗഹൃദങ്ങള്‍ അവസാനിക്കുക വിവാഹേതര ബന്ധത്തിലായിരിക്കും. 2011ല്‍ മൂന്നിലൊന്ന് വിവാഹമോചനങ്ങള്‍ക്കും വഴിവെച്ചത് ലോകത്തിലെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മയായ ഫേസ്ബുക്കാണെന്ന് ലണ്ടനിലെ നിയമ വ്യവഹാര സ്ഥാപനമായ ഡിവോഴ്‌സ് ഓണ്‍ലൈന്‍ ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊബൈല്‍ ഫോണിന്റെ പ്രചാരം ഏറിയതോടെ ടെലിഫോണ്‍ രതിയിലേര്‍പ്പെടുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കാമുകനെത്തേടി വീട് വിട്ടിറങ്ങുന്ന സ്ത്രീകള്‍ വര്‍ധിച്ചുവരുന്നു. ഇതിന്റെ അനന്തരഫലമാണ് കൊലപാതകവും മറ്റു ക്രൂരകൃത്യങ്ങളും. ഒരു പരിചയവുമില്ലാത്ത ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത വ്യക്തിയുടെ വാക്കുകള്‍ വിശ്വസിച്ച് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവതികള്‍ ഇറങ്ങിപ്പോകുന്ന കേസുകള്‍ ധാരാളം കേള്‍ക്കുന്നുണ്ട്. സാങ്കേതിക പുരോഗതിയുടെ ഒരു നെഗറ്റീവ് ഇംപാക്റ്റാണിത്.
പണ്ടൊക്കെ പെണ്‍കുട്ടികളായിരുന്നു മിസ്ഡ് കോള്‍ വലയില്‍ കുടുങ്ങിയിരുന്നതെങ്കില്‍ ഇന്നങ്ങനെയല്ല. പലതിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ഭര്‍ത്താവും മുതിര്‍ന്ന മക്കളുമുള്ള മധ്യവയസ്‌കരായ സ്ത്രീകളാണ്. ഫോണില്‍ പരസ്പരം കാണാതെ സംസാരിക്കുന്ന ഇവര്‍ സ്വയം സൃഷ്ടിച്ചുകൂട്ടുന്ന കാല്‍പ്പനികതയുടെ ലോകത്തായിരിക്കും മിക്ക സമയങ്ങളിലും. സുരക്ഷിതത്വമാണ് ഫോണ്‍ കോള്‍ ബന്ധങ്ങളുടെ സൗകര്യം. ആരും അറിയാതെയും കാണാതെയും ഒരു ബന്ധം നിലനിര്‍ത്താനാകുന്നു. മിസ്ഡ് കോള്‍ പരിചയങ്ങള്‍ പലതും ആദ്യമാദ്യം മര്യാദയോടെയാകും മുന്നേറുന്നത്. അങ്ങേതലക്കുള്ള സ്ത്രീ തന്റെ വരുതിയിലായി എന്ന് ബോധ്യം വരുന്നതോടെ സംഭാഷണങ്ങളുടെ രീതിയും ഭാവവും മാറും. അത് ഫോണ്‍ രതിയിലും നേരിട്ടുള്ള ബന്ധത്തിലും എത്തുന്നു. പിന്നീട് അത് പിടിക്കപ്പെടുമെന്ന് ഉറപ്പാകുമ്പോള്‍ പ്രതിരോധമെന്ന നിലയില്‍ മക്കളെയും ഭാര്യയെയോ ഭര്‍ത്താവിനെയോ കൊലപ്പെടുത്തുന്നു.
വിവാഹേതര ബന്ധങ്ങളും വിവാഹമോചനങ്ങളും പെരുകുമ്പോള്‍ പ്രധാനമായും അതിന് ഇരയാകുന്നത് കുഞ്ഞുങ്ങളാണ്. ഒന്നുകില്‍ അവര്‍ അനാഥകളാകുന്നു. അല്ലെങ്കില്‍ കൊലചെയ്യപ്പെടുന്നു. അവസാനത്തെ സംഭവമാണ് നാം ആറ്റിങ്ങലില്‍ നിന്നുകേട്ടത്. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള മാനസിക അടുപ്പമാണ് പ്രണയം. പ്രണയത്തില്‍ ന്യൂറോ കെമിക്കലാണ് അടുപ്പമുണ്ടാക്കുന്നത്. പ്രായമോ വിദ്യാഭ്യാസമോ സ്ഥാനമോ ഒന്നും തന്നെ പ്രണയത്തെ തടുത്തു നിര്‍ത്തുന്നില്ല. മനഃശാസ്ത്ര വിദഗ്ധരുടെ അഭിപ്രായത്തില്‍ മൂന്ന് ഘട്ടങ്ങളിലൂടെ പ്രണയത്തിന് സ്വാഭാവികത കൈവരുന്നു. ഒന്നാം ഘട്ടം സ്ത്രീപുരുഷന്മാര്‍ക്ക് എവിടെവെച്ചും ഉണ്ടാകുന്ന ലൈംഗിക ആകര്‍ഷണം. ഈ ആകര്‍ഷണം ആരോടുമുണ്ടാകാം. പഠനവും സ്ഥാനവും ഇവിടെ പ്രശ്‌നമല്ല. ടെസ്റ്റോസ്റ്റീറോണ്‍ എന്ന പുരുഷ ഹോര്‍മോണിന്റെയും ഈസ്ട്രജന്‍ എന്ന സ്ത്രീ ഹോര്‍മോണിന്റെയും സംഭാവനയാണ് ഈ അടുപ്പം. എതിര്‍ലിംഗത്തില്‍ പെട്ടവര്‍ തന്നെ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നതും അവരുടെ അംഗീകാരം കൊതിക്കുന്നതുമൊക്കെ ഇതുകൊണ്ടാണ്. ഇത് അപരന്‍ അറിയണമെന്നില്ല. ഈ ഘട്ടം കഴിഞ്ഞാല്‍ രണ്ടാം ഘട്ടത്തില്‍ ഒന്ന് നേരില്‍ കാണാനും സംസാരിക്കാനുമൊക്കെ ആഗ്രഹിക്കുന്നു. അപ്പോള്‍ ശാരീരിക മാറ്റങ്ങളുമുണ്ടാകുന്നു. തൊണ്ട വരളല്‍, ഇടറല്‍, വിയര്‍ക്കല്‍ തുടങ്ങിയവ നോര്‍അഡ്രിനാലിന്‍ എന്ന കെമിക്കലിന്റെ ഭാഗമായിട്ടാണുണ്ടാകുന്നത്. തുടര്‍ന്ന് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. ഫെയ്‌സ്ബുക്ക്, മൊബൈല്‍, വാട്‌സ്അപ് തുടങ്ങിയവയിലൂടെ ബന്ധങ്ങള്‍ വളരുന്നു. ഈ ഘട്ടത്തില്‍ വിവേകത്തെ നിയന്ത്രിക്കാന്‍ കഴിയാതെവരുന്നു. തിരിച്ചറിവ് നഷ്ടപ്പെടുന്ന അവസ്ഥയിലെത്തുന്നു. വീട്ടുകാരോടും മറ്റും റിബലായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. അക്രമം കാട്ടുന്നു. താന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ കണ്ണടച്ച് വിശ്വസിക്കേണ്ടിവരുന്നു. പിന്നെസ്പര്‍ശന, ശാരീരിക ബന്ധത്തിലേക്ക് ഈ ഹോര്‍മോണ്‍ തള്ളിയിടുന്നു.
സന്തോഷവും സ്‌നേഹവും കൈമാറാനുള്ളതാണ് കുടുംബ ജീവിതം. ഇണകള്‍ തമ്മിലുള്ള ആശയവിനിമയ അപര്യാപ്തതയാണ് പലപ്പോഴും പല പ്രശ്‌നങ്ങളിലേക്ക് വഴിതെളിയിക്കുന്നത്. നൈമിഷിക സുഖത്തിന് വേണ്ടി മക്കളെയും ഭാര്യയെയും ഭര്‍ത്താവിനെയും കൊല ചെയ്യുന്നതിലൂടെ ജീവിതം ദുഷ്‌കരമാകുന്നു. അവസാനം ആത്മഹത്യയിലേക്കോ ജയിലിലേക്കോ എത്തിപ്പെടുന്നു. കാമദാഹം തീര്‍ക്കാന്‍ കൊല ചെയ്യുന്ന ഏക ജീവി ഏതെന്ന ചോദ്യത്തിന് മൃഗങ്ങള്‍ പോലും ഉത്തരമെഴുതുക മനുഷ്യനെന്നായിരിക്കും.