Connect with us

International

ഒബാമയുടെ ഏഷ്യന്‍ സന്ദര്‍ശനം സംഘര്‍ഷം വര്‍ധിപ്പിക്കും: വ. കൊറിയ

Published

|

Last Updated

സിയൂള്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഏഷ്യന്‍ സന്ദര്‍ശനം സൈനിക സംഘര്‍ഷം വര്‍ധിപ്പിക്കുമെന്ന് വടക്കന്‍ കൊറിയ. വടക്കന്‍ കൊറിയയുടെ ആണവായുധ പദ്ധതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരും അമേരിക്കയുടെ ഏഷ്യയിലെ പ്രധാന സൈനിക സഖ്യ രാജ്യങ്ങളുമായ ജപ്പാനും ദക്ഷിണ കൊറിയയും ഈ മാസം 23മുതല്‍ 29വരെ നടക്കുന്ന ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ ഒബാമ സന്ദര്‍ശിക്കുന്നുണ്ട്. കൊറിയന്‍ ഉപദ്വീപില്‍ ആണവായുധ മത്സരത്തിന്റെ പേരില്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങളും സംഘര്‍ഷങ്ങളും വര്‍ധിപ്പിക്കുംവിധം പ്രതികരണമുളവാക്കുന്നതും അപകടകരവുമായ സന്ദര്‍ശനത്തിനാണ് ഒബാമ മുതിരുന്നതെന്ന് വടക്കന്‍ കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
അടുത്തകാലത്ത് ഏഷ്യന്‍ സന്ദര്‍ശനം നടത്തിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി വടക്കന്‍ കൊറിയയുടെ ആണവ മിസൈല്‍ പദ്ധതിയെ പൈശാചികമെന്ന് വിളിക്കുകയും മേഖലയില്‍ വര്‍ധിച്ചുവരുന്ന അമേരിക്കന്‍ സൈനിക സാന്നിധ്യത്തെ ന്യായീകരിക്കുകയുമായിരുന്നുവെന്നും ഒബാമയും ഇതേ കുഴലൂത്ത് തന്നെയായിരിക്കും നടത്തുകയെന്നും വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്ക അമേരിക്കയുമായി ചേര്‍ന്ന് വാര്‍ഷിക സംയുക്ത സൈനിക അഭ്യാസം നടത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസങ്ങളായി കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷം വര്‍ധിച്ചിരിക്കുകയാണ്.

Latest