തഞ്ചാവൂരില്‍ കളം മാറിയെത്തിയ ബാലു വിയര്‍ക്കുന്നു

  Posted on: April 22, 2014 12:32 am | Last updated: April 22, 2014 at 12:32 am

  തമിഴകത്തിന്റെ നെല്ലറയായ തഞ്ചാവൂരില്‍ എ ഐ എ ഡി എം കെ ഒരിക്കലേ ജയിച്ചിട്ടുള്ളൂ. 1977ല്‍ സോമസുന്ദരമാണ് എ ഐ എ ഡി എം കെ ടിക്കറ്റില്‍ ജയിച്ചു കയറിയത്. മിക്കപ്പോഴും എ ഐ എ ഡി എം കെ മുന്നണിയില്‍ കോണ്‍ഗ്രസാണ് ഇവിടെ നിന്ന് മത്സരിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കു ശേഷം പാര്‍ട്ടി നേരിട്ടു കളത്തിലിറങ്ങുകയാണ്. അതുകൊണ്ട് എ ഐ എ ഡി എം കെ അണികള്‍ക്ക് ആവേശം മാനത്തോളമാണ്. എതിര്‍ ഭാഗത്ത് ടി ആര്‍ ബാലുവാണ് ഡി എം കെയുടെ സ്ഥാനാര്‍ഥി. ഡി എം കെയുടെ പാര്‍ലിമെന്ററി നേതാവായ ബാലു എന്തിനും പോന്നവനാണെന്നാണ് എതിരാളികള്‍ പറയുന്നത്. അടുത്തിടെ ഡി എം കെയില്‍ നിന്ന് പുറത്തായ അഴഗിരി പറയുന്നത് ബാലുവിന് പത്ത് കപ്പലുകള്‍ സ്വന്തമായുണ്ടെന്നാണ്. കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രിയായിരിക്കെ ബാലു സമ്പാദിച്ച പണത്തിന് കണക്കില്ലെന്നും അഴഗിരി പറയുന്നു.
  അഴഗിരി പറയുന്നതില്‍ കഴമ്പുണ്ടായാലും ഇല്ലെങ്കിലും ഡി എം കെയില്‍ ബാലു ഒരു പുലി തന്നെയാണ്. സിറ്റിംഗ് സീറ്റായ ശ്രീപെരുംപുത്തൂര്‍ സുരക്ഷിതമല്ലെന്നു കണ്ടതോടെയാണ് ബാലു തഞ്ചാവൂര്‍ നോട്ടമിട്ടത്. പാര്‍ട്ടിക്കുള്ളില്‍ കാര്യമായി കളിച്ചു തന്നെയാണ് സിറ്റിംഗ് എം പിയായ എസ് എസ് പളനിമാണിക്യത്തിനെ പുറത്തേക്ക് വലിച്ചിട്ടത്. ചില്ലറക്കാരനൊന്നുമല്ല പളനിമാണിക്യം. 96 മുതല്‍ 2009 വരെ തുടര്‍ച്ചയായി അഞ്ച് തവണ ഡി എം കെ ടിക്കറ്റില്‍ പാര്‍ലിമെന്റിലെത്തിയയാളാണ്. മുന്‍ കേന്ദ്ര ധനകാര്യ സഹമന്ത്രിയുമായ പളനിമാണിക്യം പഠിച്ചപണി പതിനെട്ടും പയറ്റിയെങ്കിലും ബാലുവിനെ തടയാനായില്ല. ജന്മം കൊണ്ട് ബാലു തഞ്ചാവൂരുകാരനാണ്. തഞ്ചാവൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പെടുന്ന മണ്ണാര്‍ഗുഡിയില്‍ ബാലുവിന്റെ മകനായ ടി ആര്‍ ബി രാജയാണ് ഇപ്പോഴത്തെ എം എല്‍ എ. ബാലുവിന്റെ എതിരാളിയായി എ ഐ എ ഡി എം കെ നിര്‍ത്തിയിരിക്കുന്നത് പരശുരാമനെയാണ്. പരശുരാമന്‍ മണ്ഡലത്തില്‍ അപരിചിതനാണെന്നാണ് എതിരാളികള്‍ പറയുന്നത്. എന്നാലും ഡി എം കെയില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുന്നതിന് കച്ച മുറുക്കിയിറങ്ങിയിരിക്കുകയാണ് അമ്മ ജയലളിത.
  തഞ്ചാവൂര്‍, തിരുവായൂര്‍, ഓരത്താനാട്, മണ്ണാര്‍ഗുഡി, പട്ടുകോട്ടൈ, പേരാവുര്‍നി എന്നീ ആറ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് തഞ്ചാവൂര്‍ ലോക്‌സഭാ മണ്ഡലം. പളനിമാണിക്യത്തിന് സീറ്റ് നിഷേധിച്ചതോടെ ഡി എം കെയിലെ ഒരു വിഭാഗം അണികള്‍ രംഗത്തുവന്നത് ബാലുവിന് വിനയാകുമെന്നാണ് വിലയിരുത്തല്‍. ‘ഇതെന്റെ ജന്മദേശമാണ്. ഇവിടുത്തെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് എനിക്കറിയാം’- ഡി എം കെയിലെ എതിര്‍പ്പിനെ കുറിച്ചു ചോദിച്ചാല്‍ ബാലുവിന്റെ മറുപടി ഇങ്ങനെയാണ്.
  നെല്ലറയായ തഞ്ചാവൂരില്‍ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളുയര്‍ത്തി കാണിച്ചാണ് ജയലളിതയുടെ വോട്ട് പിടുത്തം. തഞ്ചാവൂരില്‍ ഭൂമിക്കടിയിലുള്ള മീഥൈന്‍ ശേഖരം പുറത്തെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വലിയൊരു പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ബാലുവായിരുന്നു ഈ പദ്ധതിയുടെ സൂത്രധാരന്‍. കര്‍ഷകര്‍ പദ്ധതിക്കെതിരെ രംഗത്തുവന്നതോടെ ജയലളിത സര്‍ക്കാര്‍ പദ്ധതി മരവിപ്പിച്ചു. ബാലുവിനെതിരെ ജയലളിത ഉന്നയിക്കുന്ന വലിയൊരു ആയുധവും ഈ പദ്ധതിയാണ്. കര്‍ഷകരെ ദ്രോഹിക്കുന്ന ബാലുവിനെ തിരഞ്ഞെടുക്കണോ, അതോ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്ന എ ഐ ഡി എം കെ വേണമോ എന്നതാണ് ജയലളിതയുടെ ചോദ്യം. ജയലളിതയുടെ ഈ പ്രചാരണത്തെ നേരിടാന്‍ പ്രകടനപത്രിക പൊക്കിപിടിച്ചാണ് ബാലുവിന്റെ പ്രചാരണം. ഡി എം കെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കര്‍ഷകര്‍ക്ക് താത്പര്യമില്ലാത്ത പദ്ധതി വേണ്ടെന്നാണ്. ഇത്തരമൊരു സഹാചര്യത്തില്‍ ജയലളിതയുടെ ആരോപണങ്ങള്‍ക്ക് കഴമ്പില്ലെന്ന് ബാലു പറയുന്നു.
  കോണ്‍ഗ്രസിന്റെ കൃഷ്ണസാമി വാണ്ടയാരും സി പി എമ്മിന്റെ തമിഴ് ശെല്‍വിയും ബി ജെ പിയുടെ കറുപ്പ മുരുകാനന്ദവും പിടിക്കുന്ന വോട്ടുകളും എ ഐ എ ഡി എം കെക്കായിരിക്കും ക്ഷീണമുണ്ടാക്കുകയെന്നാണ് ബാലുവിന്റെ കണക്കുകൂട്ടല്‍. പാര്‍ട്ടിക്കുള്ളിലെ അനൈക്യമാണ് ബാലു നേരിടുന്ന പ്രധാന വെല്ലുവിളി. തഞ്ചാവൂര്‍ മേഖലയില്‍ അഴഗിരിക്കുള്ളതായി പറയപ്പെടുന്ന സ്വാധീനവും ബാലുവിനെ അലട്ടുന്നുണ്ട്. അത് ജയലളിതയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളപ്പിക്കുന്നുണ്ട്.