Connect with us

Ongoing News

ട്രഷറി നിക്ഷേപം ബേങ്കുകളിലേക്ക് മാറ്റിയത് പുനഃപരിശോധിക്കണം: ഏകോപന സമിതി

Published

|

Last Updated

തിരുവനന്തപുരം: ട്രഷറിയില്‍ നിന്ന് സര്‍ക്കാറിന്റെ നിക്ഷേപം വിവിധ വകുപ്പുകള്‍ പിന്‍വലിച്ച് ബേങ്കുകളിലേക്ക് മാറ്റിയതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കെ പി സി സി-സര്‍ക്കാര്‍ ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കെ പി സി സിക്ക് എന്‍ ജി ഒ അസോസിയേഷന്‍ നല്‍കിയ നിവേദനം വിശദമായി ചര്‍ച്ച ചെയ്തശേഷമാണ് ഈ നിര്‍ദേശം.
ട്രഷറികള്‍ വഴി നടന്നിരുന്ന ഇടപാടുകള്‍ ബേങ്കുകളിലേക്ക് മാറ്റിയതിലൂടെ സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ട്രഷറികളില്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സാഹചര്യമുണ്ടായ പശ്ചാത്തലത്തിലാണ് ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് ഏകോപന സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.
ട്രഷറിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ചത് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും പുനഃപരിശോധന അനിവാര്യമാണെന്നും യോഗത്തിനുശേഷം കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഏതെങ്കിലും വകുപ്പിനെ കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനം രൂക്ഷമായ വരള്‍ച്ചയെ നേരിടുന്ന പശ്ചാത്തലത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും വരള്‍ച്ചയെത്തുടര്‍ന്ന് കുടിവെള്ളം കിട്ടാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുകയെന്നതിന് സര്‍ക്കാര്‍ ഊര്‍ജിതവും തീവ്രവുമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബി ജെ പിക്ക് ചോര്‍ന്നതായി ഡി സി സി വിലയിരുത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സുധീരന്‍ പറഞ്ഞു.

Latest