Connect with us

Kollam

മകളെ വെടിവെച്ച കേസ്: പിതാവ് കസ്റ്റഡിയില്‍

Published

|

Last Updated

കൊല്ലം: മീയണ്ണൂരില്‍ മകളെ വെടിവെച്ച സംഭവത്തില്‍ പിതാവ് പോലീസ് കസ്റ്റഡിയില്‍. മീയണ്ണൂര്‍ പാലമുക്കില്‍ വാടകക്ക് താമസിക്കുന്ന ഏറ്റുമാനൂര്‍ തെള്ളകം ഉള്ളാട്ടിക്കുളം വീട്ടില്‍ റോണി റോയി (25)യെ വെടിവെച്ച കേസിലാണ് പിതാവ് റോയി ചെറിയാന്‍ (62) പിടിയിലായത്. എഴുകോണ്‍ സി ഐ ജോഷി, പൂയപ്പള്ളി എസ് ഐ മുബാറക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്ത് നിന്നും ഇന്നലെ വൈകിട്ടോടെയാണ് ഇയാളെ പിടികൂടിയത്.
രണ്ട് ദിവസമായി പ്രതിക്കുവേണ്ടി പോലീസ് ചാലക്കുടി, അങ്കമാലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. പ്രതിയുടെ ഫോണ്‍ കോളുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ എറണാകുളത്തുണ്ടെന്ന് ബോധ്യപ്പെട്ടത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമെ പ്രതിയെ കോടതിയില്‍ ഹാജരാക്കൂ എന്നാണ് അറിയുന്നത്. ഇയാള്‍ വിദേശത്തേക്ക് പോകുന്നത് തടയുന്നതിനായി പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ നേരത്തെ തന്നെ പോലീസ് പിടിച്ചെടുത്തിരുന്നു. പിണങ്ങിക്കഴിയുന്ന മാതാവിനെ കാണാന്‍ പോയതില്‍ പ്രകോപിതനായി കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു ഇയാള്‍ മകള്‍ റോണി റോയിയെ വെടിവെച്ചത്. സാരമായി പരുക്കേറ്റ റോണി റോയി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. റോണിക്ക് ഒരു വയസ്സുള്ളപ്പോള്‍ മാതാവ് ആന്‍സിയുമായി റോയി ചെറിയാന്‍ പിണങ്ങിപ്പിരിയുകയും വിവാഹബന്ധം വേര്‍പ്പെടുത്തുകയുമായിരുന്നു. കോടതി വിധിപ്രകാരം പിന്നീട് റോണി പിതാവിനോടൊപ്പമാണ് വളര്‍ന്നത്.