Connect with us

Malappuram

പൊന്നാനിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിസ്സഹകരിച്ചെന്ന് ഡി സി സിയുടെ റിപ്പോര്‍ട്ട്

Published

|

Last Updated

മലപ്പുറം: പൊന്നാനിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും നിസ്സഹകരിച്ചെന്ന് മലപ്പുറം ഡി സി സിയുടെ റിപ്പോര്‍ട്ട്. മലപ്പുറത്തും പൊന്നാനിയിലും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുമെങ്കിലും ഭൂരിപക്ഷത്തില്‍ കാര്യമായ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കെ പി സി സി പ്രസിഡന്റിന് ഡി സി സി പ്രസിഡന്റ്‌നാളെ നേരിട്ട് റിപ്പോര്‍ട്ട് കൈമാറും. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ കടുത്ത മത്സരം നേരിട്ടെന്നും പതിനയ്യായിരം വോട്ടിന് താഴെ ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിക്കുമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ലീഗ് വിരോധം ഇത്രയും പ്രകടമായ തിരഞ്ഞെടുപ്പ് അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. യു ഡി എഫ് എം പി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഇടത് ജനപ്രതിനിധിയെപ്പോലെ പെരുമാറിയെന്നാണ് പരാതി. ഇതിലുള്ള പ്രതിഷേധം പലപ്പോഴും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രകടമായി. പൊന്‍മുണ്ടത്ത് കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടെങ്കിലും പരസ്യമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടത് സ്ഥാനാര്‍ഥിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു.
പല പഞ്ചായത്തുകളിലും ഭവന സന്ദര്‍ശനങ്ങളിലും സ്ഥാനാര്‍ഥിയുടെ പര്യടനത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിസ്സഹകരിച്ചു. വയനാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന് വേണ്ടി പ്രവര്‍ത്തിച്ചതിന് കോണ്‍ഗ്രസ് ന്യൂനപക്ഷ ജില്ലാ ചെയര്‍മാന്‍ ഇസ്മാഈല്‍ എരഞ്ഞിക്കലിനെയും ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മണ്ഡലം ഭാരവാഹിയുള്‍പ്പെടെ നാല് പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.
എസ് ഡി പി ഐ സ്ഥാനാര്‍ഥിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചതിന് വാഴക്കാട് പഞ്ചായത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ലീഗിനെ നിരന്തരം വിമര്‍ശിച്ചിരുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദ് സജീവമായി പൊന്നാനിയിലും മലപ്പുറത്തും പ്രചാരണ പരിപാടികളില്‍ പങ്കെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മലപ്പുറത്ത് ഇ അഹമ്മദിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ലീഗിനുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നതാണ്. ഇതും ഭൂരിപക്ഷം കുറയുന്നതിനിടയാക്കും.

 

Latest