ഹജ്ജ് ഹൗസില്‍ പുതിയ കെട്ടിടം: തുക അനുവദിക്കാന്‍ ധനകാര്യ വകുപ്പ് തയാറായില്ല

Posted on: April 22, 2014 12:16 am | Last updated: April 22, 2014 at 12:16 am

കൊണ്ടോട്ടി : കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ പുതിയ ഏഴ് നില കെട്ടിടം നിര്‍മിക്കുന്നതിനു തുക അനുവദിക്കാന്‍ ധനകാര്യ വകുപ്പ് തയ്യാറായില്ല. രണ്ട് വര്‍ഷം മുമ്പാണ് ഹജ്ജ് ഹൗസില്‍ ഹാജിമാരായ സ്ത്രീകള്‍ക്ക് മാത്രമായി ഉപയോഗിക്കുന്നതിനും മറ്റുമായി പുതിയ ഏഴു നില കെട്ടിടം നിര്‍മിക്കുന്നതിന് അംഗീകാരം നല്‍കിയത്. മൂന്ന് നിലകള്‍ ഭൂമിക്കടിയിലും നാലു നിലകള്‍ മുകളിലുമായി നിര്‍മിക്കുന്ന കെട്ടിടത്തിനു 18 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ കെട്ടിട നിര്‍മ്മാണത്തിനു ഒരു കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും അധിക തുക അനുവദിക്കുന്നതിനു ധനകാര്യ വകുപ്പ് ഇതുവരെ തയാറായിട്ടില്ല.ഇതോടെ കെട്ടിട നിര്‍മാണം അനന്തമായി നീളുകയാണ് .
ഏഴു നില കെട്ടിടത്തില്‍ സ്ത്രീകള്‍ക്ക് താമസിക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനും പ്രത്യേക നിലകള്‍ക്ക് പുറമെ കോണ്‍ഫറന്‍സ് ഹാള്‍, ബാഗേജ് സൂക്ഷിപ്പു കേന്ദ്രം എന്നിവയും ഉണ്ടായിരിക്കും. നിലവിലെ ഹജ്ജ് കമ്മിറ്റി ഓഫീസും പുതിയ കെട്ടിടത്തിലേക്ക് മാറ്റും.