Connect with us

Editorial

ഉപരിപഠനം: വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തി

Published

|

Last Updated

മലബാറിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പരാധീനതകള്‍ പരിഹരിക്കാന്‍ ഭരണാധികാരികള്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണ് കാണിക്കേണ്ടത്. എല്ലാ വര്‍ഷവും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വന്‍ പുരോഗതി കൈവരിക്കുന്ന മേഖലയില്‍ അതിനനുയോജ്യമായ പഠന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അമ്പേ പരാജയപ്പെടുകയാണ്. മലബാറിലെ വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മത്സരിക്കുന്ന രാഷ്ട്രീയക്കാരെല്ലാം ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് കുറ്റകരമായ മൗനം പാലിക്കുകയാണ്. സംസ്ഥാനത്ത് നിശ്ചിത മാര്‍ക്ക് നേടി വിജയിക്കുന്ന വിദ്യാര്‍ഥി തെക്കന്‍ ജില്ലകളിലാണെങ്കില്‍ ഉപരിപഠനത്തിന് സൗകര്യം ലഭിക്കുമ്പോള്‍ വടക്കന്‍ ജില്ലയിലാണെങ്കില്‍ അവന്‍ പൊതുവിദ്യാഭ്യാസത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളപ്പെട്ട് സമാന്തര മേഖലയെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം തികച്ചും അന്യായമാണ്. മാറി മാറി ഭരണം കൈയാളിയ ഭരണാധികാരികള്‍ തന്നെയാണ് ഇതിന് ഉത്തരവാദികള്‍. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യമൊരുക്കിക്കൊടുക്കേണ്ട ഭരണാധികാരികള്‍ മലബാറിന്റെ കാര്യത്തില്‍ ആരെയോ ഭയക്കുന്നുവെന്ന് വേണം കരുതാന്‍. വടക്കന്‍ ജില്ലകളിലുള്ളവര്‍ വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ പുരോഗതി കൈവരിക്കുന്നത് അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന ഒരു വിഭാഗം സംസ്ഥാനത്തുണ്ടെന്ന കാര്യം നഗ്നമായ യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇത്തരക്കാരെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തര മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ഒരു തരം നിസ്സംഗത പുലര്‍ത്തുന്നു. ഇത് ഭരണാധികാരികള്‍ക്ക് ഭൂഷണമാകില്ല. ഒരു സമൂഹത്തിന് അവകാശപ്പെട്ട നീതി ലഭ്യമാക്കുന്നതിന് മറ്റുള്ളവരുടെ പൊരുത്തവും പൊരുത്തക്കേടും നോക്കുന്ന ഭരണാധികാരി ഒരിക്കലും നീതിമാനാകുന്നില്ല.

ഹൈസ്‌കൂള്‍ തലം തൊട്ട് തന്നെ ഈ വൈജാത്യം മലബാര്‍ ജില്ലകളില്‍ പ്രകടമാണ്. എന്നാല്‍ അധിക ചെലവില്ലാത്ത രീതിയില്‍ മാനേജ്‌മെന്റ് മേഖലയില്‍ സമാന സൗകര്യങ്ങളുള്ളതുകൊണ്ട് ഹൈസ്‌കൂല്‍ തലത്തില്‍ ഇത് അത്ര പ്രകടമാകുന്നില്ലെന്ന് മാത്രം. ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ ഇതിന്റെ ദുരിതം മലബാറിലെ വിദ്യാര്‍ഥികള്‍ നന്നായി അനുഭവിക്കുന്നുണ്ട്. എസ് എസ് എല്‍ സി പരീക്ഷയില്‍ പാസ്മാര്‍ക്കുകാരന് തെക്കന്‍ ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശം ഉറപ്പ് വരുത്താനാകുമെങ്കില്‍ 70 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങുന്ന മലബാറിലെ വിദ്യാര്‍ഥി പ്ലസ്‌വണിന് സയന്‍സ് ഐച്ഛിക വിഷയമായെടുത്ത് പഠിക്കണമെങ്കില്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഉന്നത പഠനത്തിന്റെ സ്ഥിതിയും തഥൈവ. തെക്കന്‍ ജില്ലകളില്‍ ഒരു നിയമസഭാ മണ്ഡലം പരിധിയിലുള്ള അത്ര സര്‍ക്കാര്‍ കോളജുകള്‍ മലബാറിലെ ഒരു ജില്ലയില്‍ കാണാന്‍ കഴിയില്ല. ഇതുകാരണം ഇവര്‍ ഉന്നത വിദ്യാഭ്യാസ പഠനത്തിനായി വന്‍ തുകകള്‍ മുടക്കി ഇതര സംസ്ഥാനങ്ങളിലെയും മറ്റും സ്വാശ്രയ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരികയാണ്. എന്നാല്‍ ഇത്രയും ദയനീയമായ അവസ്ഥ നിലനില്‍ക്കുമ്പോഴും ഉത്തര കേരളത്തിന്റെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്വീകരിക്കുന്ന ഏത് നടപടികളും തടയാന്‍ ശ്രമിക്കുന്ന അസഹിഷ്ണു ലോബിയുടെ കരുനീക്കങ്ങള്‍ കാര്യമായി പ്രതിരോധിക്കാന്‍ പോലും ഭരണാധികാരികള്‍ക്കാകുന്നില്ല. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് മലബാര്‍ മേഖലയില്‍ എയ്ഡഡ്- അണ്‍ എയ്ഡഡ് മേഖലയില്‍ സ്‌കൂളുകള്‍ അനുവദിച്ചപ്പോഴും നിലവില്‍ യു ഡി എഫ് സര്‍ക്കാര്‍ 148 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിച്ചപ്പോഴും ഇതിനെതിരെ ഒരു വിഭാഗം ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇതില്‍ സര്‍ക്കാറുകള്‍ സ്വീകരിച്ച സമീപനം ഇതിന് വ്യക്തമായ ഉദാഹരണമാണ്. 148 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കാനുള്ള നീക്കത്തിന് ഹൈക്കോടതി പച്ചക്കൊടി കാട്ടിയിരിക്കുന്നത് ഏറെ ആശ്വാസകരമാണ്. എന്നാല്‍ ഇതിനെതിരെയും ഈ ലോബി ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം വിസ്മരിച്ചു കൂടാ. സംസ്ഥാനത്ത് അര ലക്ഷത്തോളം ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും ഇതിനാല്‍ പുതിയ സ്‌കൂളുകള്‍ അനുവദിക്കരുതെന്നുമുള്ള വാദമുയര്‍ത്തിയാണ് ഈ ലോബി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളത്രയും പണം നല്‍കിയാല്‍ മാത്രം ലഭിക്കുന്ന മാനേജ്‌മെന്റ് ക്വാട്ടയിലും പട്ടികജാതി-വര്‍ഗ സംവരണ സീറ്റുകളുമാണെന്ന യാഥാര്‍ഥ്യം ഇവന്‍ മനഃപൂര്‍വം മറച്ചുവെക്കുകയാണ്.
സംസ്ഥാനം നിലവില്‍ വന്ന ശേഷം പിന്നിട്ട 58 വര്‍ഷങ്ങളില്‍ പകുതിയോളം വിദ്യാഭ്യാസ വകുപ്പ് കൈവശം വെച്ചത് ഇതേ മലബാറില്‍ നിന്നുള്ള ഭരണാധികാരികളായിരുന്നുവെന്നത് ഈ അവഗണനയുടെ ആഴം വര്‍ധിപ്പിക്കുന്നതാണ്. ഈ അനീതിയെ ചെറുക്കാനും മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സ്ഥാപിച്ചു നല്‍കാനും ഭരണാധികാരികള്‍ രാഷ്ട്രീയമായ ഇച്ഛാശക്തിയാണ് പ്രകടിപ്പിക്കേണ്ടത്.

Latest