Connect with us

Kerala

പാക്കിസ്ഥാനില്‍ കുടുങ്ങിയ മലയാളി കുടുംബം തിരിച്ചെത്തി

Published

|

Last Updated

പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയ പാനൂരിലെ ഹനീഫയെയും കുടുംബത്തെയും മന്ത്രി കെ പി മോഹനന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചപ്പോള്‍

പാനൂര്‍: പൈതൃകമായി ലഭിച്ച പിതാവിന്റെ സ്വത്ത് വില്‍ക്കാന്‍ പാക്കിസ്ഥാനില്‍ പോയി കുടുങ്ങിയ പാനൂര്‍ സ്വദേശികളായ കുടുംബം തിരിച്ചെത്തി. പാനൂര്‍ മുത്താറിപീടികയിലെ നിട്ടുവിന്റവിട ഹനീഫ, ഭാര്യ ഹസീന, മക്കളായ ഹസീബ്, ഹബീബ എന്നിവരാണ് ഏറെ കഷ്ടങ്ങളനുഭവിച്ച ശേഷം ഇന്നലെ നാട്ടില്‍ തിരിച്ചെത്തിയത്. പാക്കിസ്ഥാനില്‍ ജനിച്ച കുട്ടിക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ അവിടെ ഉപേക്ഷിച്ച് നാട്ടില്‍ പോകണമെന്ന അധികൃതരുടെ അന്ത്യശാസനത്തെ തുടര്‍ന്ന് വലഞ്ഞ ദമ്പതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങാന്‍ വഴി ഒരുങ്ങിയത്.

പാക് പൗരത്വം ഉണ്ടായിരുന്ന പിതാവ് അബ്ദുല്ലയുടെ മരണത്തെ തുടര്‍ന്ന് അവിടെയുള്ള സ്വത്ത് വില്‍ക്കാനാണ് ആറ് വര്‍ഷം മുമ്പ് ഇവര്‍ പാക്കിസ്ഥാനില്‍ പോയത്. സാങ്കേതിക കാരണങ്ങളാല്‍ സ്ഥലം വില്‍ക്കുന്നതിന് കാലതാമസം നേരിട്ടു. ഇതിനിടയില്‍ ഇവരുടെ വിസാ കാലാവധിയും അവസാനിച്ചു. പിന്നീട് വിസ ശരിയാക്കുന്നതിനിടയില്‍ ദമ്പതികള്‍ക്ക് ഒരു ആണ്‍കുട്ടി ജനിച്ചു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്.

ജനിച്ച കുട്ടിക്ക് പാക് പൗരത്വം നല്‍കേണ്ടിവരുമെന്ന സ്ഥിതിയായി. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് അവിടെ താമസിക്കേണ്ടിവന്നു. കുട്ടിയെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പോകണമെന്ന് പാക് അധികൃതര്‍ അന്ത്യശാസനം നല്‍കിയതോടെ കുടുംബം വിഷമത്തിലായി. ഇന്ത്യന്‍ എംബസി വഴി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയിട്ടും ലഭിച്ചില്ല.

സംഭവം വാര്‍ത്തയായതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരന്‍ എം പിയും ഇടപെടുകയായിരുന്നു. മന്ത്രി കെ പി മോഹനനും ഈ വിഷയത്തില്‍ അതീവ താത്പര്യമെടുത്തിരുന്നു. കഴിഞ്ഞ ദിവസം മകന് പാസ്‌പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് വരാന്‍ ഇവര്‍ക്ക് അവസരം ഒരുങ്ങിയത്. കറാച്ചിയില്‍ നിന്ന് വിമാനമാര്‍ഗം മുംബൈയിലെത്തി ട്രെയിന്‍ മാര്‍ഗം ഇന്നലെ ഉച്ചയോടെയാണ് നാട്ടിലെത്തിയത്.

ഹനീഫയും കുടുംബവും വീട്ടിലെത്തിയ ഉടനെ മന്ത്രി കെ പി മോഹനന്‍ ഇവരുടെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു. മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച മന്ത്രി മോഹനന്‍ ഹനീഫക്ക് ഫോണ്‍ കൈമാറി.
മുഖ്യമന്ത്രിയെ ഹനീഫ നന്ദി അറിയിച്ചു. തന്റെ മോചനത്തിന് വഴിയൊരുക്കിയ എല്ലാവര്‍ക്കും ഹനീഫ നന്ദി അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നാട്ടില്‍ എത്തില്ലായിരുന്നുവെന്ന് ഹനീഫ പറഞ്ഞു.

 

Latest