Connect with us

Malappuram

പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ബാച്ചുകളും അനുവദിക്കണം: മുസ്‌ലിം ലീഗ്

Published

|

Last Updated

മലപ്പുറം: എസ് എസ് എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന വിജയം കൈവരിച്ച ജില്ലയില്‍ ഉപരിപഠനത്തിന് പുതുതായി ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും പുതിയ ബാച്ചുകളും കോഴ്‌സുകളും അനുവദിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.
പുതിയ സ്‌കൂളുകളും ബാച്ചുകളും ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി ശരിവെച്ച സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കണം. ഇതിനെതിരെ രംഗത്ത് വന്ന കെ എസ് ടി എ യുടെ നിലപാടും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായുള്ള ചില മുത്തശി പത്രങ്ങളുടെ നിലപാടും പ്രതിഷേധാര്‍ഹവും വിദ്യാര്‍ഥികളോടുള്ള നീതി നിഷേധവുമാണ്. കഴിഞ്ഞ കാല വിജയശതമാനങ്ങളെ കടത്തിവെട്ടി ഇക്കുറി 95.48 ശതമാനം നേടാന്‍ ജില്ലക്ക് കഴിഞ്ഞു. എന്നാല്‍ ഉപരിപഠന സൗകര്യത്തിന് ജില്ലയില്‍ 18000 ഓളം സീറ്റുകളുടെ കുറവുണ്ട്. സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ് എന്നീ മൂന്ന് വിഭാഗങ്ങളിലുമായി 224 ഹയര്‍ സെക്കന്‍ഡറികളില്‍ 51,720 സീറ്റുകള്‍ മാത്രമാണ് പ്ലസ് വണ്‍ പ്രവേശനത്തിനുള്ളത്.
മറ്റു കോഴ്‌സുകളിലെ എണ്ണം കൂടിയെടുക്കുമ്പോള്‍ 55,570 സീറ്റുകളേയുള്ളൂ. ഇതിന് പുറമെ സി ബി എസ് ഇ, ഐ സി എസ് ഇ പരീക്ഷകളും സേ പരീക്ഷയും കടന്നെത്തുന്നവരുടെ എണ്ണം കൂടി കൂട്ടുമ്പോള്‍ വിജയികളുടെ എണ്ണം വീണ്ടും കൂടും. മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സീറ്റുകള്‍ പരിമിതവും അപേക്ഷകര്‍ കൂടുതലുമാണ്. മുന്‍ വര്‍ഷം മലബാറില്‍ നിന്നും പ്ലസ് വണ്‍ പ്രവേശനം നേടാനാവാതെ ഓപ്പണ്‍ സ്‌കൂളില്‍ പ്രവേശനം നേടിയത് അര ലക്ഷത്തിലധികം (516957) പേരാണ്. മലപ്പുറം ജില്ലയില്‍ നിന്നാണ് കൂടുതല്‍ പേര്‍ ഓപ്പണ്‍ സ്‌കൂളില്‍ പ്രവേശനം നേടിയത്. ഹയര്‍ സെക്കന്‍ഡറി സൗകര്യമില്ലാത്തതിനാലാണ് ഓപ്പണ്‍സ്‌കൂളിനെ ആശ്രയിക്കുന്നത്. എല്ലാവര്‍ക്കും അവസരമൊരുക്കാന്‍ പുതിയ സ്‌കൂളുകളും ബാച്ചുകളും ആവശ്യത്തിന് അനുസരിച്ച് എന്ന തത്വത്തില്‍ നടപ്പാക്കണം.

Latest