Connect with us

Malappuram

കൊറിയര്‍ എത്തിക്കാതിരുന്ന ഏജന്‍സി പതിനായിരം രൂപ പിഴയടക്കണം

Published

|

Last Updated

നിലമ്പൂര്‍: കൃത്യസമയത്ത് സുപ്രധാന രേഖകള്‍ മേല്‍വിലാസക്കാരിക്ക് എത്തിച്ചു കൊടുക്കാത്ത കൊറിയര്‍ ഏജന്‍സി പതിനായിരം രൂപ പിഴയടക്കണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി ജഡ്ജ് കെ മുഹമ്മദലി, മെമ്പര്‍മാരായ മദനവല്ലി, മിനി മാത്യു എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
മഞ്ചേരി ബാറിലെ സീനിയര്‍ അഭിഭാഷകന്‍ കെ ദിവാകരന്‍, മഞ്ചേരി കച്ചേരിപ്പടിയിലെ ഫസ്റ്റ് ഫ്‌ളൈറ്റ് കൊറിയര്‍ ലിമിറ്റഡ്, എസ് ടി കൊറിയര്‍ ഹെഡ് ഓഫീസ് ചെന്നൈ എന്നിവരെ പ്രതിചേര്‍ത്ത് ഫയല്‍ ചെയ്ത കേസിലാണ് വിധി. കോട്ടയം എം ജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരിക്കെ ചില പ്രധാന രേഖകള്‍ അയക്കാന്‍ ദിവാകരന്റെ മകള്‍ ദീപ മഞ്ചേരിയിലുള്ള കൊറിയര്‍ സ്ഥാപനത്തെ 2013 ഫിബ്രവരി 18 ന് ഏല്‍പ്പിച്ചുവെന്നും അടുത്ത ദിവസം തന്നെ രേഖകള്‍ മേല്‍വിലസക്കാരിക്ക് എത്തിച്ചുകൊടുക്കാമെന്ന് ഉറപ്പുനല്‍കിയിട്ടും എത്തിച്ചില്ല എന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ കാറെടുത്ത് നേരിട്ട് കോട്ടയം വരെ യാത്ര ചെയ്ത് രേഖകളുടെ ഒരു കോപ്പി എത്തിച്ചുകൊടുക്കേണ്ടിവന്നുവെന്നും ഇത് തനിക്ക് മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ക്ക് കാരണമായെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.
ചെന്നൈയിലെ എസ് ടി കൊറിയര്‍, കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോട്ടയത്തെ ബോട്ട് ജെട്ടിക്ക് സമീപത്തുള്ള തങ്ങളുടെ ഓഫീസില്‍ പാര്‍സല്‍ എത്തിയ ഉടന്‍ തന്നെ അത് ഒപ്പിട്ട് വാങ്ങണമെന്ന് വിദ്യാര്‍ഥിയെ അറിയിച്ചുവെന്നും ക്ലാസ് മുറിയില്‍ എത്തിച്ചുകൊടുക്കാനുള്ള ബാധ്യത തങ്ങള്‍ക്കില്ലെന്നും വാദിച്ചു. വെറും പത്തു കിലോമീറ്റര്‍ ദൂരമുള്ള ഓഫീസില്‍ വരാന്‍ വിദ്യാര്‍ഥിനി വിസമ്മതിക്കുകയായിരുന്നുവെന്നും അതിനാല്‍ നൂറു രൂപ മാത്രമേ നഷ്ടപരിഹാരം നല്‍കാനാകു എന്നും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
കൊറിയര്‍ കമ്പനി പാര്‍സല്‍ മേല്‍വിലാസക്കാര്‍ക്ക് അവിടെയെത്തിച്ച് കൊടുക്കാന്‍ ബാധ്യസ്ഥരാണെന്നും ഒരു പെണ്‍കുട്ടിയെ 10 കിലോമീറ്റര്‍ ദൂരെയുള്ള അപരിചിത സ്ഥലത്തേക്ക് വിളിച്ചുവരുത്തുന്നത് നീതിയല്ലെന്നും സുപ്രീം കോടതി വിധി ഉദ്ധരിച്ചുകൊണ്ട് ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരനും മകളും അനുഭവിച്ച മന:പ്രയാസത്തിനും സാമ്പത്തിക നഷ്ടത്തിനും പകരമായി ഒരു മാസത്തിനകം പതിനായിരം രൂപ പരാതി തീയ്യതി മുതല്‍ പത്തു ശതമാനം പലിശ സഹിതം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

Latest