Connect with us

Gulf

ആര്‍ എസ് സി യുവ വികസന വര്‍ഷത്തിനു പ്രൗഢമായ തുടക്കം

Published

|

Last Updated

ദോഹ:: പ്രവാസി യുവാക്കളുടെ സാംസ്‌കാരിക വ്യക്തിത്വ ശാക്തീകരണം ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് നാടുകളില്‍ ആചരിക്കുന്ന യുവ വികസന വര്‍ഷത്തിനു തുടക്കമായി. ആറു ഗള്‍ഫ് രാജ്യങ്ങളിലെ 20 കേന്ദ്രങ്ങളില്‍ “ലോഗ് ഇന്‍” എന്ന പേരില്‍ സംഘടിപ്പിച്ച സംഗമങ്ങളിലാണ് എംപവര്‍മെന്റ് എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ഒരു വര്‍ഷത്തെ കര്‍മ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. ന്യൂജനറേഷന്‍; തിരുത്തെഴുതുന്ന യൗവനം എന്ന സന്ദേശത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തന രംഗത്ത് 20 വര്‍ഷം പിന്നിട്ട് മൂന്നാം പതിറ്റാണ്ടിലേക്കു കടക്കുന്നതിന്റെ ഭാഗമായാണ് ഒരു വര്‍ഷത്തെ പദ്ധതികള്‍ നടപ്പിലാക്കുന്നത്. വിദ്യാഭ്യാസം, തൊഴില്‍, സംസ്‌കാരം, സാങ്കേതികം തുടങ്ങിയ രംഗങ്ങളില്‍ പ്രവാസി യുവതയുടെ ശാക്തീകരണത്തിലൂടെ മനുഷ്യവിഭവങ്ങളുടെ വികസനവും പുതിയ നാളെകളിലേക്ക് ചുവടു വെക്കാനുള്ള ഉണര്‍വ് കൈവരിക്കുന്നതിനുള്ള ശില്പശാലകള്‍, പഠനങ്ങള്‍, സംവാദങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികളാണ് വികസന വര്‍ഷത്തില്‍ നടത്താനുദ്ദേശിക്കുന്നത്.
ഖത്തറിലെ മദീന ഖലീഫയില്‍ നടന്ന ലോഗ് ഇന്‍ സംഗമത്തില്‍ ഐ സി എഫ് ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് അബ്ദുറസാഖ് മുസ്‌ലിയാര്‍ പറവണ്ണ വികസന വര്‍ഷ പ്രഖ്യാപനം നടത്തി. എസ് വൈ എസ് കാസര്‍ഗോഡ് ജില്ല പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. ഐസി എഫ് മിഡില്‍ ഈസ്റ്റ് സെക്രട്ടറി ബഷീര്‍ പുത്തൂപാടം രിസാല കാമ്പയിന്‍ പ്രഖ്യാപനം നടത്തി, ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ കണ്‍വീനര്‍ പ്രമേയ പ്രഭാഷണവും നാഷണല്‍ ചെയര്‍മാന്‍ ജമാലുദ്ദീന്‍ അസ്ഹരി യുവ വികസന വര്‍ഷ പദ്ധതികളും അവതരിപ്പിച്ചു സംസാരിച്ചു. പ്രമുഖ ചിന്തകനും പ്രഭാഷകനുമായ ബഷീര്‍ ഫെസി വെണ്ണക്കോട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല മുസ്‌ലിയാര്‍ കടവത്തൂര്‍ അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ നാഷണല്‍ എംപവര്‍മെന്റ് ടീം ലീഡര്‍ അസീസ് കൊടിയത്തൂര്‍ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ നൗഷാദ് അതിരുമട നന്ദിയും പറഞ്ഞു.

മുഹ്‌സിന്‍ ചേലേമ്പ്ര