Connect with us

Articles

മഅ്ദനി: സമുദായം ഇനി എങ്ങനെ പ്രതികരിക്കണം?

Published

|

Last Updated

ഒരു മനുഷ്യനെ താന്‍ ചെയ്ത കുറ്റം എന്താണെന്ന് അറിയാനുള്ള അവകാശം പോലും നിഷേധിച്ച് നീണ്ട പത്ത് വര്‍ഷത്തോളം ജയിലിടക്കുക. അദ്ദേഹത്തിന് കിട്ടേണ്ട നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും തടഞ്ഞു വെക്കുക. ഒടുവില്‍ നിരപരാധിയെന്ന് പറഞ്ഞ് ജയില്‍മോചിതനാക്കുക. തുടര്‍ന്ന് ജയിലടച്ചവര്‍ തന്നെ നീതിനിഷേധത്തിന്റെ ഇരയെന്ന് മുദ്രകുത്തി വാനോളം പുകഴ്ത്തി സ്വീകരണം നല്‍കുക. ഇനിയെങ്കിലും പിറന്ന നാട്ടില്‍ കുടുംബത്തോടൊപ്പം ജീവിതം ചെലവഴിക്കാമെന്ന ആഗ്രഹത്തോടെ നാട്ടിലെത്തി ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും കൊടും ഭീകരവാദിയെന്ന ലേബലില്‍ കൊണ്ടുപോയി തുറുങ്കിലടക്കുക. ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളികളുടെ നാട്ടില്‍ നടന്ന മനുഷ്യാവകാശലംഘനത്തിന്റെയും രാഷ്ട്രീയ പകപോക്കലിന്റെയും ചരിത്രമാണിത്. പ്രസംഗചാതുരിയും പ്രശോഭിത യൗവനവും കേവലം വാക്കുകള്‍ കൊണ്ട് തകര്‍ത്തെറിഞ്ഞ ഒരു യുവാവിന്റെ ജീവിത യാഥാര്‍ഥ്യം. പറഞ്ഞു വരുന്നത് മറ്റാരെക്കുറിച്ചുമല്ല മഅ്ദനിയെന്ന മനുഷ്യനെ കുറിച്ചാണ്. മഅ്ദനിക്ക് രാഷ്ട്രീയമുണ്ടാകാം വേറിട്ട നിലപാടുകളുമുണ്ടായിരിക്കാം. അതൊക്കെ പക്വമോ അപക്വമോ ആകാം. ചിലര്‍ക്ക് ആ നിലപാടുകളോട് എതിര്‍പ്പുണ്ടാകാം. മറ്റു ചിലര്‍ക്ക് സ്വീകാര്യതയുമുണ്ടാകം. ആ നിലാപാടുകളെ എതിര്‍ക്കുന്നവര്‍ വിവേകത്തോടെ എതിര്‍ക്കട്ടെ. സ്വീകരിക്കുന്നവര്‍ വൈകാരികമായി തന്നെ സ്വീകരിക്കട്ടെ. പക്ഷേ ഇവിടെ അതൊന്നുമല്ല വിഷയം. മഅ്ദനിയെന്ന മനുഷ്യ ജീവിയുടെ മനുഷ്യാവകാശമാണ് പ്രശ്‌നം.

ജനാധിപത്യം പൂത്തുലഞ്ഞ് നില്‍ക്കുന്ന ഒരു നാട്ടില്‍, മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും നീതി നിര്‍വഹണ സ്ഥാപനങ്ങളും മുക്കിനും മൂലയിലുമുള്ള ഒരു രാജ്യത്ത,് അബ്ദുന്നാസര്‍ മഅ്ദനിക്ക് മാത്രം എന്തുകൊണ്ടാണ് ഒരു സാധാരണ പൗരന് ലഭിക്കേണ്ടുന്ന നീതി പോലും നിരന്തരം നിഷേധിക്കപ്പെടുന്നത്? അതും ഒരു കാലത്ത് സമാനമായ തരത്തില്‍ ജയില്‍വാസമനുഭവിക്കേണ്ടി വന്നിട്ട് കൂടി. ഇതുകൊണ്ടൊക്കെ തന്നെയാണ് മതേതര ജനാധിപത്യ ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന ഭരണ നീതിന്യായ വ്യവസ്ഥകളോട് മഅ്ദനി വിഷയം ചില ചോദ്യങ്ങളുയര്‍ത്തുന്നത്. നീതിപീഠങ്ങളുടെയും ഭരണകൂടങ്ങളുടെയും വിശ്വാസ്യതക്ക് മേലാണ് “മഅ്ദനി “ചോദ്യ ചിഹ്നമായി തല ഉയര്‍ത്തി നിലനില്‍ക്കുന്നത്.
ഈ രാജ്യത്തെ ജനങ്ങള്‍ക്കൊരു വിശ്വാസമുണ്ട്. നമ്മുടെ നാട്ടിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി, നീതിയും നിയമവും നോക്കി വിധി നിര്‍ണയിക്കുമെന്നും അത് നടപ്പാക്കപ്പെടുമെന്നതുമാണ് ആ വിശ്വാസം. ആ വിശ്വാസം മനസ്സിലിട്ടുകൊണ്ടാണ് രാജ്യത്തെ മറ്റെല്ലാ നീതിന്യായ കോടതികളില്‍ പ്രതീക്ഷ നഷ്ടപ്പെടുമ്പോഴും ഭരണകര്‍ത്താക്കള്‍ ഇരകള്‍ക്ക് നേരെ കണ്ണടക്കുമ്പോഴും ജനം സുപ്രീം കോടതിയെ സമീപിക്കുന്നത്. എന്നാല്‍ അത്തരം വിശ്വാസങ്ങളിലൊന്നും വലിയ കാര്യമില്ലെന്ന് ഭരണകര്‍ത്താക്കള്‍ തന്നെ തെളിയിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറേ നാളുകളായി കര്‍ണാടകയില്‍ നിന്ന് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് കേട്ടതും അത്തരമൊരു വാര്‍ത്തയുടെ തനിയാവര്‍ത്തനം മാത്രമാണ്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഅ്ദനിയെ പരപ്പന അഗ്രഹാര ജയിലിലേക്ക് വീണ്ടും മാറ്റിയിരിക്കുന്നു. വികലാംഗനായ മഅ്ദനിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണ്. രണ്ട് മാസം ചികിത്സ നല്‍കണമെന്നും ഇതിനിടയില്‍ നേത്ര ശസ്ത്രക്രിയക്ക് വേണ്ട കരുതല്‍ എടുക്കണമെന്നുമായിരുന്നു സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശം പാടെ അവഗണിച്ചാണ് 19 ദിവസത്തെ “തിരഞ്ഞെടുപ്പ് ചികിത്സ” നല്‍കി കേരള, കര്‍ണാടക സര്‍ക്കാറുകള്‍ മഅ്ദനിയെ വീണ്ടും കാരാഗൃഹത്തിലേക്ക് മടക്കിയത്. മതേതരത്വത്തിന്റെ നിലനില്‍പ്പിനായി വോട്ട് ചോദിച്ച കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കാലത്ത് മതേതരത്വം ബാലന്‍സ് ചെയ്യാനായിരുന്നോ മഅ്ദനിക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയതെന്നൊന്നും ആരും ചോദിക്കുരുത്. ഇത് കേരളത്തിലും കര്‍ണാടകത്തിലും കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടിയായിരുന്നു നമ്മുടെ നാട്ടിലെ ഭരണാധികാരികള്‍ ആ ധീരമായ നിലപാട് കൈക്കൊണ്ടത്. അത് എന്ത് തന്നെയായാലും സുപ്രീം കോടതി നിര്‍ദേശം തിരഞ്ഞെടുപ്പ് തന്ത്രമാണോ അതോ തിരഞ്ഞെടുപ്പ് തന്ത്രമാക്കി ഭരണകര്‍ത്താക്കള്‍ മാറ്റിയതാണോ എന്ന് ഇന്നാട്ടിലെ ഒരു സാധാരണക്കാരന്‍ ചിന്തിച്ചാല്‍ അവനെ തിരുത്താന്‍ നമ്മള്‍ ഏറെ പണിപ്പെടേണ്ടി വരില്ലേ?

അതല്ല സുപ്രീം കോടതി നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് നിരന്തരം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഭരണകൂടം മുന്നോട്ടു പോകുകയാണോ? എങ്കില്‍ അത് അപകടമല്ലേ? പരമോന്നത കോടതി നിര്‍ദേശങ്ങള്‍ ഇങ്ങനെ നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നാണെന്ന് ഈ രാജ്യത്തെ സാധാരണ ജനങ്ങള്‍ സംശയിച്ചാല്‍ അത് നമ്മുടെ നാട്ടിലെ ക്രമസമാധാന നിലയെ തന്നെയല്ലേ ബാധിക്കുക. അധികാരവും രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും തുറുങ്കിലടക്കാം എന്ന അവസ്ഥ ഇന്ത്യ പോലെ ഒരു രാജ്യത്ത് ഈ ആധുനിക കാലത്ത് നിലനില്‍ക്കുന്നുവെന്നതിന് തെളിവായി മഅ്ദനിയുടെ ജയില്‍വാസം ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്തിക്കാണിക്കാന്‍ നീതിപീഠങ്ങള്‍ക്ക് സാധിക്കണം. അതും സമാനഗതിയില്‍ ആരോപണങ്ങളുടെ പേരില്‍ തന്റെ യുവത്വകാലം കല്‍ത്തുറുങ്കില്‍ ഹോമിക്കപ്പെട്ടപ്പോഴും നീതിപീഠങ്ങളെ പഴിപറയാതിരുന്ന ഒരാളുടെ പേരിലാകുമ്പോള്‍ പ്രേത്യകിച്ചും. ഇത്തരം സന്ദര്‍ഭങ്ങളില്‍ സുപ്രീം കോടതി നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടോയെന്ന് സുപ്രീം കോടതി നേരിട്ട് പരിശോധിക്കുന്നതിലൂടെ കോടതികളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ സാധിക്കും. മഅ്ദനിയുടെ കാര്യത്തില്‍ മുമ്പും സുപ്രീം കോടതി നിര്‍ദേശിച്ച ഇത്തരം പല കാര്യങ്ങളും കോടതിയെ തെറ്റിദ്ധരിപ്പിച്ച് നടപ്പിലാക്കാതിരിക്കുന്നതില്‍ ഭരണകൂടം വിജയിച്ചിട്ടുണ്ട്.
പൊതു സമൂഹവും മുഖ്യധാരാ മാധ്യമങ്ങളും സ്വീകരിക്കുന്ന കുറ്റകരമായ മൗനമാണ് നമ്മുടെ നാട്ടില്‍ ഇത്തരം കേസുകളില്‍ നിരപരാധികള്‍ ജയിലിടക്കപ്പെടാന്‍ കാരണമാകുന്നത്. ആദ്യമൊക്കെ മഅ്ദനി വിഷയം സജീവമാക്കി നിലനിര്‍ത്തിയിരുന്ന മാധ്യമങ്ങള്‍ പീന്നിട് അത് പാടെ ഒഴിവാക്കുന്ന കാഴ്ചയാണ് കണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മഅ്ദനിയെന്ന പേര് മാധ്യമങ്ങളില്‍ ഉയര്‍ന്നു വരാതിരിക്കാന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെറുതല്ലാത്ത ശ്രമങ്ങളാണ് നടത്തിയത്. ഒരു കാലത്ത് മഅ്ദനി തീവ്ര പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടാകാം. അതിന്റെ പേരില്‍ ഖേദപ്രകടനം നടത്തിയിട്ടും പിന്നെയും അദ്ദേഹത്തെ വേട്ടയാടുന്നതെന്തിനാണ്? തീവ്ര ചിന്താഗതിക്കാരനായ മഅ്ദനിയേക്കാളും മതേതരവാദിയായ മഅ്ദനിയെ ആരാണ് ഭയപ്പെടുന്നത്?

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ചിലര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഇടത് പാര്‍ട്ടികളും മഅ്ദനി വിഷയത്തില്‍ തന്ത്രപരമായ മൗനമാണ് അവലംബിക്കുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും തിരക്കിലാണ്. മഅ്ദനി വിഷയത്തില്‍ ഇടപെട്ടാല്‍ മതേതരത്വത്തിന്റെ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന ഭയപ്പാടണവര്‍ക്ക്. മഅ്ദനി കുറ്റക്കാരനാണെങ്കില്‍ അദ്ദേഹത്തിന് പരമാവധി ശിക്ഷ നല്‍കണമെന്ന അഭിപ്രായക്കാരനാണ് മഅ്ദനിയുടെ പിതാവ് പോലും. അതു തന്നെയാണ് ഈ നാട്ടിലെ എല്ലാവരും പറയുന്നത്. എന്നാല്‍ വികലാംഗനും രോഗിയുമായ ഒരാള്‍ക്ക് ചികിത്സ നിഷേധിക്കുന്നതിന്റെ പൊരുളെന്താണ്? അതും അദ്ദേഹം കുറ്റക്കാരനാണെന്ന് ഒരു കോടതിയും പറയാത്തിടത്തോളം കാലം. ഇനി ഇതിനൊക്കെ പിന്നില്‍ അദ്ദേഹം ഒരു പ്രത്യേക മത വിഭാത്തില്‍പ്പെട്ടതുകൊണ്ടാണോ ഇത്തരം സമീപനങ്ങള്‍ നേരിടേണ്ടി വരുന്നതെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഇവിടെയുണ്ട്. അത്തരം വാദങ്ങള്‍ ശരിവെക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ സര്‍ക്കാറുകളില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
കൂട്ടായ പരിശ്രമം ഉണ്ടായിട്ടില്ലെങ്കിലും സമുദായത്തിന്റെ ഒട്ടുമിക്ക നേതാക്കളും നിയമ പരിധിക്കകത്തും ജനാധിപത്യ സംവിധാനത്തിലും നിന്ന് പ്രതികരിക്കാവുന്നതിന്റെ പരമാവധി പ്രതികരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും വരെ പോയി കണ്ടു. എന്നിട്ടും നിരാശ മാത്രം. ഈ സമുദായം ഇനി എങ്ങനെ പ്രതികരിക്കണം? മഅ്ദനിയുടെ പേരില്‍ ഈ നാട്ടിലെ തെരുവുകള്‍ കത്തണമെന്നാണോ, അതോ പൊതുമുതല്‍ നശിപ്പിക്കപ്പെടണമെന്നോ, അതുമല്ല അശാന്തിയുടെ വിത്ത് പാകി ഈ നാട്ടില്‍ കലാപങ്ങളുണ്ടാകണമെന്നാണോ ഭരണാധികാരികള്‍ കണക്കു കൂട്ടുന്നത്? ഭരണകൂടത്തിന്റെ ഇത്തരം നിഷേധാത്മക സമീപനവും നീതിനിഷേധവും ഉയര്‍ത്തിക്കാട്ടി തീവ്രവാദ വര്‍ഗീയ സംഘടനകള്‍ വളക്കൂറൊരുക്കുമെന്നതാണ് മതേതരവിശ്വാസികളെ ആശങ്കപ്പെടുത്തുന്നത്. ഇതിനൊക്കെ പുറമെ മഅ്ദനിക്ക് ജയിലില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അത് നമ്മുടെ നാടിന് എങ്ങനെ തിരുത്താനാകും? അതേസമയം, മഅ്ദനി നിരപരാധിയായി തിരികെയെത്തിയാല്‍ വേദിയില്‍ ഒപ്പമിരിക്കാനും വൈകി വന്ന നീതി അനീതിയാണെന്ന് പ്രസംഗിക്കാനും മുന്നണിവ്യത്യാസമില്ലാതെ നേതാക്കളുണ്ടാകുമെന്നത് മറ്റൊരു തീര്‍ച്ച. അതുകൊണ്ട് തന്നെ മഅ്ദനി നിരപരാധിയാകുമോയെന്ന് കാത്തിരുന്നു കാണേണ്ടതാണ്. ഫലസ്തീനിലെയും ഇറാഖിലെയും ഇങ്ങ് ഗുജറാത്തിലെയും മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ നമ്മള്‍ തെരുവിലുണ്ടാകും. പക്ഷെ സ്വന്തം കാല്‍ച്ചുവട്ടിലെ അനീതിക്കെതിരെ കണ്ണടക്കാനേ നമ്മള്‍ മലയാളികള്‍ പഠിച്ചിട്ടുള്ളു.

മഅ്ദനിക്ക് നിരന്തരം നീതി നിഷേധിച്ചാല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സെബാസ്റ്റ്യന്‍ പോളിനെ പോലുള്ളമാധ്യമപ്രവര്‍ത്തകരും മഅ്ദനി വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്കല്ല നീതിയുടെ വഴിക്കാണ് പോകേണ്ടതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ പോലുള്ള മതനേതാക്കളും നിരന്തരം ഓര്‍മപ്പെടുത്തുന്നുണ്ട്. ജനാധിപത്യത്തിലും നീതിപീഠങ്ങളിലും വിശ്വാസമര്‍പ്പിക്കുന്ന പൊതുജനങ്ങളുടെ ധാരണകള്‍ തിരുത്തപ്പെടാന്‍ അനുവദിക്കരുത്. അങ്ങനെ വരുന്നത് ഭരണഘടന വിഭാവന ചെയ്ത പൂര്‍വികരോടും ചെയ്യുന്ന അനീതിയായിരിക്കും.

muneerkumaramchira@gmail.com

Latest