Connect with us

Ongoing News

പണം ടിഫിന്‍ ബോക്‌സുകളില്‍

Published

|

Last Updated

കോയമ്പത്തൂര്‍: തിരഞ്ഞെടുപ്പ് കമ്മീഷനെ വെട്ടിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യത്യസ്ത വഴികള്‍ തേടുന്നു. പണവും മറ്റും നേരിട്ട് നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചാല്‍ പിടിക്കപ്പെടുമോ എന്ന ഭയമാണ് നേതാക്കളെ ഇതിന് പ്രേരിപ്പിക്കുന്നത്. ടിഫിന്‍ ബോക്‌സുകളിലാക്കി ആയിരം രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യുമ്പോള്‍ മറ്റ് ചില പാര്‍ട്ടികള്‍ പാല്‍, പത്ര വിതരണക്കാര്‍ വഴിയും പണം വീടുകളിലെത്തിക്കുന്നു. മറ്റു ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വൈദ്യുതി ബില്ലുകളുടെ പണം നേരിട്ട് അടക്കുകയാണ്. ബേങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതായുള്ള പരാതികളും തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പണം നല്‍കാന്‍ സ്വീകരിച്ച രീതികള്‍ ഇത്തവണ മാറ്റി പുതിയ മാര്‍ഗങ്ങളാണ് നേതാക്കള്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ തവണ പണം വോട്ടര്‍മാര്‍ക്ക് നേരിട്ട് നല്‍കുകയാണ് ചെയ്തിരുന്നത്. കമ്മീഷന്‍ ശക്തമായി ഇടപെടല്‍ തുടങ്ങിയതോടെയാണ് മാര്‍ഗങ്ങള്‍ മാറ്റുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 22 കോടി രൂപയും 32 കോടി രൂപയുടെ സാധനങ്ങളും പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇറോഡില്‍ എ ഐ എ ഡി എം കെ നേതാവിന്റെ വീട്ടില്‍ നിന്ന് അമ്പത് ലക്ഷം രൂപയും കടലൂരില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്ന് ആറ് ലക്ഷം രൂപയും പിടിച്ചു. ചെന്നൈ സെന്‍ട്രല്‍ നിയോജക മണ്ഡലത്തില്‍ ടിഫിന്‍ ബോക്‌സിലാക്കി പണം വിതരണം ചെയ്യവെ അഞ്ച് ഡി എം കെ പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് പിടികൂടിയിരുന്നു. ആയിരം രൂപ അടങ്ങിയ അറുപത് ടിഫിന്‍ ബോക്‌സുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതീവ ജാഗ്രതയിലാണ്. പണം നല്‍കുന്നവരെ പിടികൂടാനായി 5,300 നിരീക്ഷണ സംഘങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ പണവിനിയോഗം വര്‍ധിക്കുമെന്നാണ് കരുതുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ തിരഞ്ഞെടുപ്പ്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് 8,895 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 6,612 കേസുകളില്‍ തീര്‍പ്പായിട്ടുണ്ട്.

Latest