Connect with us

Ongoing News

മുംബൈക്ക് രണ്ടാം തോല്‍വി

Published

|

Last Updated

ദുബൈ: ഐ പി എല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ് ഏഴ് വിക്കറ്റിന് അവരെ കീഴടക്കിയത്. ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ പാര്‍ഥിവ് പട്ടേലും (പുറത്താകാതെ 57), എ ബി ഡിവില്ലിയേഴ്‌സുമാണ് (പുറത്താകാതെ 45) ബാംഗ്ലൂരിന് ജയമൊരുക്കിയത്. മൂന്ന് വിക്കറ്റിന് പതിനേഴ് റണ്‍സ് എന്ന നിലയില്‍ നിന്നാണ് ബാംഗ്ലൂര്‍ വിജയം പിടിച്ചത്. നായകന്‍ വിരാട് കോഹ്‌ലിയും യുവ്‌രാജ് സിംഗും പൂജ്യത്തിന് പുറത്തായി. സഹീര്‍ഖാനാണ് ഇരുവരുടെയും വിക്കറ്റെടുത്തത്.
താരതമ്യേന ചെറിയ സ്‌കോറില്‍ മുംബൈയെ ഒതുക്കിയതിന്റെ ആത്മവിശ്വാസത്തില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് ആദ്യ നാല് ഓവറില്‍ കനത്ത പ്രഹരമാണ് ലഭിച്ചത്. 16 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍ മാഡിന്‍സണിനെ നഷ്ടമായി. തുടര്‍ന്ന് ക്രീസിലെത്തിയത് നായകന്‍ വിരാട് കോഹ്‌ലി. എന്നാല്‍ നാലാം ഓവറിന്റെ മൂന്നാം പന്തില്‍ കോഹ്‌ലിയെ പുറത്താക്കി സഹീര്‍ ഖാന്‍ ബാംഗ്ലൂരിനെ ഞെട്ടിച്ചു. റണ്ണൊന്നുമെടുക്കാതെ ഹര്‍ഭജന്‍ സിംഗിന് ക്യാച്ച് നല്കിയാണ് കോഹ്‌ലി മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ കഴിഞ്ഞ മത്സരത്തിലെ സ്റ്റാര്‍ യുവ്‌രാജ് സിംഗിനെ അഞ്ചാം പന്തില്‍ സഹീര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ ബാംഗ്ലൂര്‍ സമ്മര്‍ദത്തിലായി.
തുടര്‍ന്നാണ് ഡിവില്ലിയേഴ്‌സും പാര്‍ഥിവ് പട്ടേലും ക്രീസില്‍ ഒന്നിച്ചത്. സാഹസികതക്ക് മുതിരാതെ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ പതിയെ മുന്നോട്ടുകൊണ്ടുപോയി. ഇടക്കിടെ മികച്ച ഷോട്ടുകളും അവര്‍ പുറത്തെടുത്തപ്പോള്‍ ബാംഗ്ലൂര്‍ ജയത്തോടടുത്തു. ഇതിനിടെ പാര്‍ഥിവ് തന്റെ അര്‍ധ സെഞ്ച്വറി പിന്നിട്ടു. 45 പന്തില്‍ ഏഴ് ഫോറുകളോടെ 57 റണ്‍സെടുത്ത പാര്‍ഥിവാണ് മാന്‍ ഓഫ് ദി മാച്ച്. 48 പന്തില്‍ മൂന്ന് ഫോറുകളും ഒരു സിക്‌സറുമടക്കമാണ് ഡിവില്ലിയേഴ്‌സ് 45 റണ്‍സ് കണ്ടെത്തിയത്. മുംബൈക്കായി സഹീര്‍ ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 115 റണ്‍സെടുത്തത്തത്. ബാംഗ്ലൂര്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ചാമ്പ്യന്‍മാരെ ദുര്‍ബലമായ സ്‌കോറില്‍ ഒതുക്കിയത്. 35 റണ്‍സെടുത്ത അമ്പാട്ടി റായിഡുവാണ് മുംബൈ നിരയില്‍ ടോപ് സ്‌കോറര്‍.
ബാംഗ്ലൂരിനായി മിച്ചല്‍ സ്റ്റാര്‍ച്, വരുണ്‍ ആരോണ്‍, യുഷ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Latest