Connect with us

Wayanad

പോലീസിന്റെ അനാസ്ഥ: രണ്ടാം മൈലില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: പോലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഗൂഡല്ലൂര്‍ രണ്ടാംമൈലില്‍ നാട്ടുകാര്‍ ഗൂഡല്ലൂര്‍-സുല്‍ത്താന്‍ ബത്തേരി അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിമുതല്‍ പത്ത് മണിവരെയാണ് റോഡ് ഉപരോധിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുക്കണക്കിന് പേര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഉദയകുമാരിയുടെ വീടിന് സമീപത്ത് താമസിക്കുന്നവര്‍ അവരുടെ വീട്ടില്‍ കുടുംബ വഴക്ക് നടക്കുന്നതിനിടെ പ്രസ്തുത വിവരം യഥാസമയത്ത് ഗൂഡല്ലൂര്‍ പോലീസിനെ വിവരമറിയിച്ചെങ്കിലും പോലീസെത്താന്‍ വൈകിയതിനെത്തുടര്‍ന്നാണ് സ്ത്രീ മരിക്കാനിടയായതെന്നുമാണ് ജനങ്ങള്‍ ആരോപിക്കുന്നത്. ജനങ്ങള്‍ക്ക് വല്ല പ്രശ്‌നവും വരുമ്പോള്‍ ഓടിയെത്തേണ്ട പോലീസ് നിസ്സംഗത പാലിക്കുകയാണ്. ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് സമരക്കാര്‍ ആരോപിച്ചു. വിവരമറിഞ്ഞ് ഗൂഡല്ലൂര്‍ തഹസില്‍ദാര്‍ രാമചന്ദ്രന്‍, ഡി വൈ എസ് പി തിരുമേനി എന്നിവര്‍ സ്ഥലത്തെത്തി ജനങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.