Connect with us

Kozhikode

പുതുപ്പാടി വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്‌

Published

|

Last Updated

താമരശ്ശേരി: പുതുപ്പാടിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് ആരവം. വയനാട് പാര്‍ലിമെന്റ് മണ്ഡലത്തില്‍പെട്ട മലപുറം ഇരുപത്തിനാലാം നമ്പര്‍ പോളിംഗ് ബൂത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിനെ തുടര്‍ന്ന് ഈ മാസം 23 ന് ഉപ തിരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടിംഗ് യന്ത്രം പ്രവര്‍ത്തിക്കുന്നില്ലെന്ന എല്‍ ഡി എഫ് ബൂത്ത് ഏജന്റിന്റെ പരാതിയെ തുടര്‍ന്ന് മലപുറം ജി യു പി സ്‌കൂളിലെ ഇരുപത്തിനാലാം നമ്പര്‍ പോളിംഗ് ബൂത്തില്‍ രണ്ട് മണിക്കൂര്‍ പോളിംഗ് നിര്‍ത്തിവെച്ചിരുന്നു.
എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് വൈകീട്ട് നാല് മണിയോടെ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നാലര മുതല്‍ ആറര വരെ വോട്ടിംഗ് നിര്‍ത്തിവെക്കുകയായിരുന്നു. അസി. റിട്ടേണിംഗ് ഓഫീസര്‍ കെ ശ്രീലതയും ടെക്‌നിക്കല്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി യന്ത്രത്തിന് തകരാറില്ലെന്ന് കണ്ടെത്തി ആറരയോടെ പോളിംഗ് പുനരാരംഭിച്ചു. എന്നാല്‍ രാവിലെ മുതല്‍ പരാതിപ്പെട്ടിരുന്നതായും ഇത് പരിഗണിച്ചില്ലെന്നുമായിരുന്നു എല്‍ ഡി എഫിന്റെ വാദം. ബൂത്തില്‍ റീപോളിംഗ് നടത്തണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് പോളിംഗ് ഏജന്റുമാരും വോട്ടര്‍മാരും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് പോളിംഗ് സ്‌റ്റേഷന്‍ കവാടം ഉപരോധിക്കുകയും ചെയ്തിരുന്നു. വയനാട് പാര്‍ലിമെന്റ് മണ്ഡലത്തിന്റെ ഇലക്ഷന്‍ ഓഫീസറായ വയനാട് ജില്ലാ കലക്ടര്‍ ഇടപെട്ടതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ പതിനൊന്നാം തീയതി കലക്ടറുമായി വീണ്ടും ചര്‍ച്ച നടത്തിയെങ്കിലും എല്‍ ഡി എഫിന്റെ പരാതി തള്ളുകയായിരുന്നു. ഇതേതുടര്‍ന്ന് ബൂത്ത് ഏജന്റ് വിജയന്‍ ചെറുകര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയിലാണ് റീ പോളിംഗ് നടത്താന്‍ ഉത്തരവായത്.
613 പുരുഷന്‍മാരും 627 സ്ത്രീകളും ഉള്‍പ്പെടെ 1240 പേരാണ് ഇരുപത്തിനാലാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ ലിസ്റ്റിലുള്ളത്. ഇതില്‍ 15 പേരുകള്‍ നേരത്തെ തള്ളിയിരുന്നു. അവശേഷിക്കുന്ന 1225 പേരാണ് വീണ്ടും പോളിംഗ് ബൂത്തിലെത്തുക. ശബ്ദ പ്രചാരണങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ കുടുംബ യോഗങ്ങള്‍ക്കാണ് ഇടത്-വലത് മുന്നണികള്‍ പരിഗണന നല്‍കുന്നത്. റീ പോളിംഗ് അധിക ബാധ്യതയാവുമെന്നതിനാല്‍ കാര്യമായ പ്രചാരണങ്ങള്‍ നടത്തേണ്ടെന്നാണ് ചെറു കക്ഷികളുടെ തീരുമാനം.

Latest