Connect with us

Kannur

വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണക്കായി ഗ്രന്ഥവേദി തുറന്നു

Published

|

Last Updated

കൊട്ടില: മലയാള സാഹിത്യത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മയ്ക്കായുള്ള ഗ്രന്ഥവേദി കെട്ടിടം നാടിന് സമര്‍പിച്ചു. നരിക്കോട് നവശക്തി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ 27ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് നവശക്തി കെട്ടിടത്തില്‍ ഗ്രന്ഥവേദി തയ്യാറാക്കിയത്. പ്രമുഖ കഥാകൃത്ത് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ എഴുത്തും ജീവിതവും മലയാളിയുടെ മനസില്‍ എന്നും അനശ്വരമായി നിലനില്‍ക്കുമെന്ന് ടി പത്മനാഭന്‍ പറഞ്ഞു. വായനശാലകളുടെ പ്രസക്തി ഒരിക്കലും നഷ്ടപ്പെടുന്നില്ല. ദേശീയ സ്വാതന്ത്ര്യസമരകാലത്താണ് വായനശാലകള്‍ സജീവമായത്. പുതിയകാലത്തും വായനയുടെ പ്രാധാന്യം കൂടിവരികയാണെന്നും ടി പത്മനാഭന്‍ പറഞ്ഞു. പുതുതായി നിര്‍മിച്ച ഒ പി നാരായണന്‍ മാസ്റ്റര്‍ സ്മാരക ഹാള്‍ കവി പി കെ ഗോപി ഉദ്ഘാടനം ചെയ്തു. സിനിമാനടന്‍ മാമുക്കോയ മുഖ്യാതിഥിയായിരുന്നു. നാടന്‍ കലാകാരന്മാരായ ടി ഇ ഒതേനന്‍, കെ രവീന്ദ്രന്‍, എം പി കണ്ണന്‍, കെ സി വേണുഗോപാല്‍, എ സി കാര്‍ത്യായനി എന്നിവരെ ചടങ്ങില്‍ ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എം പ്രദീപ്കുമാര്‍ ആദരിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍, പി വി കുഞ്ഞിരാമന്‍, കെ പത്മനാഭന്‍, സി വി സാജു, ആര്‍ ഷിജിത്ത്, നിതിന്‍ തച്ചോളി പ്രസംഗിച്ചു. തുടര്‍ന്ന് ഗോപിനാഥ് മുതുകാടും സംഘവും അവതരിപ്പിച്ച വേള്‍ഡ് ഓഫ് ഇല്യൂഷന്‍ ഇന്ദ്രജാല പ്രകടനവുമുണ്ടായി.

Latest