Connect with us

Malappuram

ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ വേഗത്തിലാക്കണം: പാരലല്‍ കോളജ് അസോസിയേഷന്‍

Published

|

Last Updated

മലപ്പുറം: ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണമന്ന് പാരലല്‍ കോളജ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എസ് എസ് എല്‍ സി പരീക്ഷാ ഫലം വേഗത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ വൈകുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് വരെ നിരവധി അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടുന്ന വിധത്തിലാണ് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാക്കുന്നത്. ഓരോ വര്‍ഷവും പുതിയ സ്‌കൂളുകളേയും ബാച്ചുകളേയും കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ കണ്ട് കാത്തിരിക്കുന്ന സ്വകാര്യ വിദ്യാര്‍ഥികള്‍ക്കാണ് കൂടുതല്‍ അധ്യയന ദിനങ്ങള്‍ നഷ്പ്പടുന്നത്.
കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ പുതിയ സ്‌കൂളുകളേയും ബാച്ചുകളേയും കുറിച്ചുള്ള തീരുമാനം പെട്ടെന്നെടുത്ത് ഈ സീറ്റുകളിലേക്കു കൂടി ആദ്യ അലോട്ട്‌മെന്റില്‍ തന്നെ പ്രവേശനം നടത്തണം. ഓപ്പണ്‍ സ്‌കൂളില്‍ 500 രൂപയോളം ചെലവഴിച്ച് രജിസ്‌ട്രേഷന്‍ നടത്തിയ കുട്ടിക്ക് പിന്നീട് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം ലഭിക്കുമ്പോള്‍ ഈ തുക തിരിച്ച് കിട്ടുന്നില്ല. സമാന്തര സ്ഥാപനങ്ങളില്‍ അടച്ച തുകയും ഇവര്‍ക്ക് നഷ്ടപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ പ്രവേശന നടപടികളിലെ കാലതാമസം ഒഴിവാക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. സംസ്ഥാന കമ്മിറ്റി യോഗം രക്ഷാധികാരി എ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജന്‍ തോമസ് അധ്യക്ഷത വഹിച്ചു.