Connect with us

Malappuram

ഉപരിപഠന സൗകര്യമില്ലാതെ മലയോരത്തെ പത്താം ക്ലാസ് വിജയികള്‍

Published

|

Last Updated

കാളികാവ്: എസ് എസ് എല്‍ സി പരീക്ഷയില്‍ മേഖലയിലെ മിക്ക സ്‌കൂളുകളിലും മികച്ച വിജയം നേടാനായെങ്കിലും ഉപരി പഠന യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ലഭിക്കാനാവുമോ എന്നതിന്റെ വേവലാതിയാലാണ് മലയോരത്തെ കുട്ടികളും അവരുടെ രക്ഷിതാക്കളും .കാളികാവ് ചോക്കാട് പഞ്ചായത്തുകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഇക്കുറി മികച്ച വിജയ ശതമാനം ഉയര്‍ന്നിട്ടുണ്ട്. ചോക്കാട് പഞ്ചായത്തിലെ എച്ച് എസ് പാറല്‍ മാമ്പാട്ട്മൂല സ്‌കൂളില്‍ 381 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 370 കുട്ടികളും ഉപരിപഠന യോഗ്യത നേടി.
97 ശതമാനമാണ് ഇവിടെ വിജയം. പഞ്ചായത്തിലെ തന്നെ പുല്ലങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 260 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 249 പേര്‍ വിജയിച്ചു. 96 ശതമാനം വിജയം. കാളികാവ് പഞ്ചായത്തിലെ അടക്കാകുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറിയില്‍ 606 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 584 പേരും ഉപരിപഠന കടമ്പ കടന്നിട്ടുണ്ട്. 97 ശതമാനമാണ് ഇവിടത്തെ വിജയ ശതമാനം . ഇവര്‍ക്കെല്ലാം പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സീറ്റ് മേഖയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്ല.
ഇതിന് പുറമെ താലൂക്കിലെ വിവിധ സി ബി എസ് ഇ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും പ്ലസ്‌വണ്‍ പ്രവേശനത്തിനായി എ്ത്തുന്നതോടെ ഉപരിപഠനത്തിനായി രക്ഷിതാക്കള്‍ ശരിക്കും വിയര്‍ക്കും. മേഖലയില്‍ രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണുള്ളത്. ഇതില്‍ പുല്ലങ്കോട് ഹയര്‍സെക്കന്‍ഡറിയില്‍ പ്ലസ്‌വണ്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നിവക്ക് രണ്ട് വീതം ബാച്ചുകളുണ്ട്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ അടക്കാകുണ്ട് ക്രസന്റ്് ഹയര്‍ സെക്കന്‍ഡറിയില്‍ അധിക ബാച്ചുകള്‍ അനുവദിക്കാന്‍ നടപടിയുണ്ടായിട്ടില്ല.
ഈ വര്‍ഷം മുതല്‍ പ്ലസ് വണ്‍ ബാച്ചില്‍ കുട്ടികളുടെ എണ്ണം 60ല്‍ നിന്നും 50 ആക്കി ചുരുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് ചില നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് കൂടി ലഭിക്കുമ്പോള്‍ മലയോരത്തെ ദരിദ്ര കുട്ടികള്‍ ഉപരിപഠനത്തിനായി വിയര്‍ക്കേണ്ടി വരും.

Latest