Connect with us

Palakkad

കരിമന്‍കുന്ന് ഫോറസ്റ്റ് ഔട്ട്‌പോസ്റ്റ് സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ ചേറുംകുളം കരിമന്‍കുന്ന് ഫോറസ്റ്റ് ഔട്ട്‌പോസ്റ്റ് സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നു. സൈലന്റ് വാലിയുടെ താഴ്‌വാരമായ തത്തേങ്ങലത്തു നിന്നും വന വിഭവങ്ങളും മരങ്ങളും കൊള്ളയടിക്കുന്നത് തടയുവാനും ഇവ സംരക്ഷിക്കുന്നതിനും 1990 കളില്‍ സ്ഥാപിച്ച ഔട്ട് പോസ്റ്റാണ് തകര്‍ന്ന് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത്.
കരിമന്‍കുന്ന് മേഖലയില്‍ ഔട്ട് പോസ്റ്റും ഇതിനോടനുബന്ധിച്ച് ചെക്ക് പോസ്റ്റും ആണ് അന്ന് സ്ഥാപിച്ചിരുന്നത്. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഔട്ട് പോസ്റ്റ് കെട്ടിടം തകര്‍ച്ചാ ഭീഷണി നേരിടുകയും തുടര്‍ന്ന് ഔട്ട് പോസ്റ്റിന്റെ പ്രവര്‍ത്തനം തത്തേങ്ങലത്തുള്ള കെ എസ് ഇ ബി നിര്‍മിച്ച കെട്ടിടത്തിലേക്ക് മാറ്റുകയുമാണുണ്ടായത്. ഇതോടെ കരിമന്‍കുന്ന് ഉണ്ടായിരുന്ന ചെക്ക്‌പോസ്റ്റ് നിര്‍ത്തലാക്കുകയും ചെയ്തു.
ഇത് വനവിഭവങ്ങള്‍ മോഷ്ടിക്കുന്നവര്‍ക്കും കള്ളക്കടത്ത് നടത്തുന്നവര്‍ക്കും ഏറെ സഹായകരമായി. പിന്നീടങ്ങോട്ട് ചെക്ക്‌പോസ്റ്റ് ആരംഭിക്കുവാന്‍ അധികൃതര്‍ തയ്യാറായില്ല. കരിമന്‍കുന്നിലെ ഈ പഴയ കെട്ടിടം വനം വകുപ്പ് ഉപേക്ഷിച്ച നിലയിലാണ്. അധികൃതര്‍ ഇടപെട്ട് അന്നുതന്നെ ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നുവെങ്കില്‍ തകരുമായിരുന്നില്ല. മാത്രമല്ല വിശാലമായൊരു ഔട്ട് പോസ്റ്റ് വനംവകുപ്പിന് കരിമന്‍കുന്നില്‍ കിട്ടുമായിരുന്നു. എന്നാല്‍, ഇതൊന്നും ശ്രദ്ധിക്കാത്തതുമൂലം ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ഔട്ട്‌പോസ്റ്റ് നോക്കുകുത്തിയായി മാറി. പകുതിഭാഗം തകര്‍ന്നുകിടക്കുന്ന ഈ ഔട്ട്‌പോസ്റ്റ് ഇപ്പോള്‍ സാമൂഹിക വിരുദ്ധരുടെ താവളമാണ്. മദ്യപരുടെ സ്ഥിരം ആവാസകേന്ദ്രവും. സമീപത്തെ സൗരോര്‍ജ വേലി ചാടിക്കടന്നാണ് മദ്യപന്‍മാര്‍ അകത്തുകയറുന്നത്. ഇത് പലതവണ ഫോറസ്റ്റ് അധികൃതരെ അറിയിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്.

Latest