Connect with us

Ongoing News

ആറ്റിങ്ങല്‍ ഇരട്ട കൊല: യുവതിയും കാമുകനും റിമാന്‍ഡില്‍

Published

|

Last Updated

ആറ്റിങ്ങല്‍: ആലംകോട്ട് ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവതിയെയും കാമുകനെയും കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളായ കുളത്തൂര്‍ കരിമണല്‍ തെങ്ങിന്‍മൂട് മാഗി ഗാര്‍ഡന്‍സില്‍ നിനോ മാത്യു (40), കൊല്ലപ്പെട്ട കുട്ടിയുടെ മാതാവും നിനോയുടെ കാമുകിയുമായ അനുശാന്തി (30) എന്നിവരെയാണ് വര്‍ക്കല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 30 വരെ റിമാന്‍ഡ് ചെയ്തത്. നിനോ മാത്യുവിനെ ആറ്റിങ്ങല്‍ സബ് ജയിലിലും അനുശാന്തിയെ അട്ടക്കുളങ്ങര വനിതാ ജയിലിലും പ്രവേശിപ്പിച്ചു.
കൂടുതല്‍ തെളിവെടുപ്പിനും അന്വേഷണത്തിനുമായി ഇരുവരെയും പോലീസ് കസ്റ്റഡില്‍ ലഭിക്കുന്നതിന് തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് അന്വേഷണോദ്യോഗസ്ഥന്‍ അറിയിച്ചു. ഇരുവരെയും കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിന് കടുത്ത സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഒന്നാം പ്രതി നിനോ മാത്യുവിന്റെ കഴക്കൂട്ടത്തെ വീട്ടില്‍ മാത്രമാണ് തെളിവെടുപ്പ് നടന്നത്.
ഇയാളുമായി ഒരുമിച്ച് താമിസക്കുന്നതിന് ഭര്‍ത്താവ് ലിജീഷിനെയും അമ്മയെയും ഒഴിവാക്കണമെന്ന ഉദ്ദേശ്യം രണ്ടാം പ്രതി അനുശാന്തിക്കുണ്ടായിരുന്നു. നിനോയുമായുള്ള ബന്ധം അറിഞ്ഞിരുന്ന അനുശാന്തിയുടെ ഭര്‍ത്താവ് വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നുവെത്രെ. എന്നാല്‍ മകളെ വിട്ടുനില്‍കാനാകില്ലെന്നും ലിജീഷ് അറിയിച്ചു.
അനുശാന്തിക്കുള്ള തടസ്സങ്ങള്‍ നീക്കാന്‍ കൊലപാതകം ചെയ്യണമെന്ന് തീരുമാനമെടുത്തത് നിനോയാണെന്നും ഇതിനായി വീടിന്റെ ദൃശ്യവും വഴിയും ഇവര്‍ നല്‍കിയെന്നും പോലീസ് പറയുന്നു. എന്നാല്‍ കൂട്ടത്തില്‍ കുട്ടിയെ കൊലപ്പെടുത്തുമെന്ന ധാരണയുണ്ടായിരുന്നില്ലെന്നാണ് അനുവിന്റെ മൊഴി.
എന്നാല്‍ സംഭവത്തില്‍ നിനോ മാത്യുവിനൊപ്പം അനുശാന്തിക്കും പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴിയാണ് ഇരുവരും ബന്ധപ്പെട്ടതെന്നതിനാല്‍ ഇരുവരുടെയും മൊബൈല്‍ ഫോണും നിനോയുടെ ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്ത പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടന്നറിയുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
അതേസമയം അക്രമത്തില്‍ ഗുരുതമായി പരുക്കേറ്റ ലിജീഷ് അപകട നില തരണം ചെയ്തിട്ടുണ്ട്. ലിജീഷിനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന നിഗമനത്തിലാണ് പോലീസ്. ആറ്റിങ്ങല്‍ ഡി വൈ എസ് പി ആര്‍ പ്രതാപന്‍, സി ഐ. എം അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

---- facebook comment plugin here -----

Latest