Connect with us

Kasargod

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സത്വര നടപടി വേണം: സി പി ഐ

Published

|

Last Updated

കാസര്‍കോട്: ജില്ലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ജില്ലാ ആസ്ഥാനത്ത് ജനങ്ങള്‍ ഉപ്പുവെള്ളം കുടിക്കുകയാണ്. അതിന് പരിഹാരം കാണാന്‍ നടപടിയുണ്ടാകുന്നില്ല. ജില്ലയിലെ നിരവധി പ്രദേശങ്ങളിലെ ജനങ്ങള്‍ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുകയാണ്. ജില്ലാ ആശുപത്രിയില്‍പോലും വെള്ളമില്ലാത്തതിനാല്‍ രോഗികളും സഹായികളും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
ജില്ലയിലെ ഏറ്റവും വലിയ ആതുരശുശ്രൂഷാ കേന്ദ്രത്തെ പോലും കുടിവെള്ള പ്രശ്‌നം സാരമായി ബാധിച്ചിട്ടും പരിഹരിക്കുന്നതിന് യാതൊന്നും ചെയ്യാത്ത അധികൃതരുടെ ഭാഗത്ത് നിന്നുള്ള നിസംഗത പ്രതിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ പേര് പറഞ്ഞ് കുടിവെള്ളം നല്‍കാതെ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ കൊല്ലാകൊല ചെയ്യുന്ന നിലപാട് മാറ്റി യുദ്ധകാലാടിസ്ഥാനത്തില്‍ കുടിവെള്ളമെത്തിക്കാന്‍ നടപടിയുണ്ടാകണം.
കുടിവെള്ള വിതരണത്തിന് വേണ്ടി ലക്ഷകണക്കിന് രൂപ ചിലവിട്ട് പൂര്‍ത്തിയാക്കിയ പദ്ധതികള്‍പോലും സാങ്കേതിക കാരണങ്ങളാല്‍ കമ്മീഷന്‍ ചെയ്യുന്നില്ല. വര്‍ഷങ്ങളായുള്ള കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ നടപടിയെടുക്കാതിരിക്കുകയും ക്ഷാമകാലത്ത് മാത്രം അതിനെ പറ്റി ഓര്‍ക്കുകയും ചെയ്യുന്ന അധികൃതരുടെ നിലപാട് മാറ്റണമെന്നും ആവശ്യപ്പെട്ടു.
യോഗത്തില്‍ എം നാരായണന്‍ അധ്യക്ഷത വഹിച്ചു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ മേല്‍ക്കമ്മറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സിലംഗങ്ങളായ കെ വി കൃഷ്ണന്‍, ടി കൃഷ്ണന്‍, ജില്ലാ അസി. സെക്രട്ടറി കെ എസ് കുര്യാക്കോസ് പ്രസംഗിച്ചു.

Latest