Connect with us

Malappuram

സാംസ്‌കാരിക പൈതൃകത്തെയും വേരുകളെയും കുറിച്ച് പഠിക്കേണ്ടത് ജനതയുടെ ചുമതല: സി രാധാകൃഷ്ണന്‍

Published

|

Last Updated

കൊണ്ടോട്ടി: സ്വന്തം സാംസ്‌കാരിക പൈതൃകത്തെയും വേരുകളേയും കുറിച്ച് പഠിക്കേണ്ടത് വിദ്യാഭ്യാസമുള്ള ഒരു ജനതയുടെ ചുമതലയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
കേന്ദ്രസാഹിത്യ അക്കാദമിയും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും ചേര്‍ന്നൊരുക്കിയ അറബി മലയാള ഭാഷയും മാപ്പിളപ്പാട്ടും എന്ന സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ കടന്നുവരവും അതില്‍നിന്നുടലെടുത്ത സമ്മിശ്ര സംസ്‌കാരവും, സാംസ്‌കാരിക കേരളത്തിന് മുതല്‍കൂട്ടാണ്. അറബി മലയാള സാഹിത്യം അഞ്ഞൂറ് വര്‍ഷക്കാലത്തെ മാപ്പിള മുസ്‌ലിംകളുടെ സാംസ്‌കാരിക ജീവിതം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണെന്നും അദ്ദേഹം പറഞ്ഞു. അറബി മലയാളത്തിലെ പദ്യ സാഹിത്യം സംഗീത ശ്രുതികൊണ്ടും വിസ്മയ താളം കൊണ്ടും സൗന്ദര്യ സങ്കല്‍പംകൊണ്ടും ജനമനസ്സുകളില്‍ സ്ഥാനം നേടാന്‍ സാധിച്ചിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള ഫോക്ക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി മുഹമ്മദ് അഹമ്മദ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ സി പി സൈതലവി അധ്യക്ഷത വഹിച്ചു.
അറബിമലയാളത്തിന്റെ ചരിത്രവും രാഷ്ട്രീയ പ്രാധാന്യവും എന്ന വിഷയത്തില്‍ എം എച്ച് ഇല്ല്യാസ്, അറബി മലയാളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ കെ സേതുരാമന്‍, അറബി മലയാളത്തിലെ ശാസത്ര ഗ്രന്ഥങ്ങള്‍ എന്ന വിഷയത്തില്‍ പി എ അബൂബക്കര്‍, മാപ്പിളപ്പാട്ടിലെ ഈണങ്ങള്‍ എന്ന വിഷയത്തില്‍ ബാലകഷ്ണന്‍ വള്ളിക്കുന്ന്, അറബി മലയാള കവിതയുടെ ഭാഷാ സവിശേഷതകള്‍ എന്ന വിഷയത്തില്‍ കെ എം ഷെരീഫ്, മാപ്പിളപ്പാട്ട് ജനുസ്സുകള്‍ എന്ന വിഷയത്തില്‍ ഡോ. ഉമര്‍ തറമേല്‍, മുഹ്‌യുദ്ദീന്‍ മാലയുടെ സാഹിത്യ ചരിത്ര പ്രാധാന്യം എന്ന വിഷയത്തില്‍ പി പവിത്രന്‍, മാപ്പിളപ്പാട്ട് പാരമ്പര്യത്തിലെ സ്ത്രീ എന്ന വിഷയത്തില്‍ വി എസ് ഷെറിന്‍, നാടോടി പാരമ്പര്യത്തില്‍ മാപ്പിളപ്പാട്ടിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ രാഘവന്‍ പയ്യനാട്, അറബി മലയാള സാഹിത്യം – തത്വചിന്തയുടെ സമാന്തര പാഠങ്ങള്‍ എന്ന വിഷയത്തില്‍ എന്‍ വി മുഹമ്മദ് റാഫി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.