Connect with us

Malappuram

വനം വകുപ്പിന്റെ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം ശക്തം

Published

|

Last Updated

നിലമ്പൂര്‍: ജനങ്ങളുടെ ജീവന്‍ പോയാലും വന്യമൃഗങ്ങളെ കൊല്ലരുതെന്ന വനം വകുപ്പിന്റെ കാടന്‍ നിയമങ്ങള്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാനുള്ള വനം നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഉദേ്യാഗസ്ഥര്‍ക്ക് മടി കാണിക്കുകയാണ്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മലയോര മേഖലയില്‍ കാട്ടാനയുടെ അക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 25 കവിഞ്ഞു. ഹെക്ടര്‍ കണക്കിന് സ്ഥലങ്ങളിലെ കൃഷികളും നശിപ്പിക്കപ്പെട്ടു. നഷ്ടപരിഹാരം തേടി ഓഫീസുകള്‍ കയറിയിറങ്ങുന്നുവെന്നല്ലാതെ ആര്‍ക്കും ഇതുവെര ഒരു ഫണ്ടും ലഭിച്ചിട്ടില്ല. 1972 ലെ വന നിയമ പ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വനൃ ജീവികളെ മയക്കുവെടിവെച്ച് തളച്ച ശേഷം ജനകേന്ദ്രങ്ങളില്‍ നിന്ന് അകലേക്ക് മാറ്റാന്‍ ഉത്തരവുണ്ട്. മയക്കുവെടിയിലും ആനയെയടക്കം തളക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വേട്ടയാടാനും നിയമം അനുശാസിക്കുന്നുണ്ട്. ഇതിന് സംസ്ഥാന വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി വാങ്ങിയാല്‍ മതി. ഈ അനുമതിക്ക് വേണ്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് അതാത് റെയ്ഞ്ച് ഓഫീസര്‍മാരും ഡി എഫ് ഒ മാരുമാണ്. ഇതുവരെ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
എന്നാല്‍ ഇക്കാര്യങ്ങള്‍ മറച്ചുവെച്ച് ജനങ്ങള്‍ക്ക് ഭീഷണിയായ വന്യ ജീവികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാടാണ് വനം വകുപ്പിലെ ഉന്നത ഉദേ്യാഗസ്ഥരുടേത്. അതിനിടെ സൗത്ത് ഡി എഫ് ഒ തന്നെ വന്നുകണ്ട ജനപ്രതിനിധികളോട് നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായി. ആന നാട്ടിലിറങ്ങുന്നത് വലിയ കാര്യമല്ലെന്ന തരത്തിലായിരുന്ന പരാമര്‍ശം. കൃഷി നാശം സംഭവിച്ച കര്‍ഷകരെയും ജനങ്ങളെയും പരിഹസിക്കുകയാണ് ഈ ഉദേ്യാഗസ്ഥന്‍ ചെയ്തതെന്നാണ് ആക്ഷേപം. ഇതിനെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. അമ്പുമല, വെറ്റിലക്കൊല്ലി, അളക്കല്‍, പുഞ്ചക്കൊല്ലി, തണ്ടന്‍ക്കല്ല്, കുമ്പളപ്പാറ, ഇരുട്ടുകുത്തി, മാഞ്ചീരി തുടങ്ങിയ ആദിവാസി കോളനികളിലെ കുടുംബങ്ങളെല്ലാം കാട്ടാനപ്പേടിയില്‍ വീടുപേക്ഷിച്ച് പോയിരിക്കുകയാണ്. വനത്തോട് ചേര്‍ന്നുകിടക്കുന്ന കൃഷിയിടങ്ങളിലും ആദിവാസി കോളനികളിലും കോടികളുടെ കാര്‍ഷിക വിളകളും കാട്ടാനക്കൂട്ടം മുമ്പ് നശിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ കോളനി വീടുകളും കാട്ടാന തകര്‍ത്ത സംഭവങ്ങളുണ്ട്. കാട്ടാനശല്യം രൂക്ഷമായപ്പോള്‍ ആദിവാസികള്‍ സംഘം ചേര്‍ന്ന് ഡി എഫ് ഒ ഉള്‍പ്പെടെയുള്ള വനം ഉദേ്യാഗസ്ഥരെ തടഞ്ഞിരുന്നു. കാട്ടാനകളില്‍ നിന്നും ജീവന്‍ രക്ഷിക്കാന്‍ കോളനികള്‍ക്ക് ചുറ്റും സൗരോര്‍ജ്ജ വേലി സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തിന് ചെവികൊടുക്കാന്‍ വനം വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ആനയുടെ ആക്രമണത്തില്‍ ഓരോരുത്തരായി കൊല്ലപ്പെടുമ്പോഴും അടിയന്തിര ധനസഹായം നല്‍കി കൈകഴുകുകയാണ് വനം വകുപ്പിന്റെ പതിവുശൈലി. പ്രധാന ഭക്ഷണമായ വനത്തിനുള്ളിലെ മുളങ്കൂട്ടങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതോടെയാണ് കാട്ടാനകള്‍ വനാതിര്‍ത്തിയിലേക്ക് നീങ്ങിത്തുടങ്ങിയത്. മൃഗവേട്ട സംഘങ്ങള്‍ വനത്തില്‍ സജീവമായതും ആനകള്‍ ഉള്‍ക്കാടുകളില്‍ നിന്നും പുറത്തേക്ക് ചാടാന്‍ കാരണമാകുന്നുണ്ട്. ട്രഞ്ചുകളും സൗരോര്‍ജ്ജ വൈദ്യുതി വേലികളും ഇനിയും നിര്‍മിക്കാന്‍ വനം വകുപ്പ് തയ്യാറായിട്ടില്ല. വാഴ, ചക്കയുള്‍പ്പെടെ ഫലങ്ങള്‍ ഭക്ഷിക്കാനാണ് ആനകള്‍ ജനവാസകേന്ദ്രത്തിലേക്കിറങ്ങുന്നത്. കാട്ടാനകള്‍ മനുഷ്യജീവനും കാര്‍ഷിക വിളകള്‍ക്കും വന്‍ ഭീഷണിയായിട്ടും ഇതിന് പരിഹാരം കാണാനാവാതെ വനം വകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. ആനശല്യം നിയന്ത്രിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ ഇനിയും നിരവധി ജീവനുകള്‍ പൊലിയുമെന്ന ആശങ്കയിലാണ് മലയോരവാസികള്‍.