Connect with us

Kozhikode

പരീക്ഷാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് കോച്ചിംഗ് ക്ലാസ്: രണ്ടുപേര്‍ അറസ്റ്റില്‍

Published

|

Last Updated

രാമനാട്ടുകര: വയര്‍മെന്‍ പരീക്ഷയുടെ പേരില്‍ പരീക്ഷാര്‍ഥികളില്‍ നിന്ന് പണം വാങ്ങി കോച്ചിംഗ് ക്ലാസ് നടത്തുന്ന സംഘത്തിലെ രണ്ട് പേരെ ഫറോക്ക് പോലീസ് അറസ്റ്റു ചെയ്തു. അസി. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കരുനാഗപ്പള്ളി കാട്ടില്‍കടവ് കാവുകിഴില്‍ സലീം (43), കൊല്ലം തേവലക്കര പുത്തന്‍പുരക്കല്‍ റസിം അഹ്മദ് (36) എന്നിവരാണ് അറസ്റ്റിലായത്. മെയ് അവസാനവാരം നടത്തുന്ന വയര്‍മെന്‍ അപ്രന്റീസ് പരീക്ഷ എഴുതേണ്ട പരീക്ഷാര്‍ഥികളുടെ വിലാസം സംഘടിപ്പിച്ച് അവരെ ബന്ധപ്പെട്ട് ക്ലാസ് നടത്തുന്നതിന് 5000 രൂപവരെ ഇവര്‍ വാങ്ങിയിരുന്നു. ഇന്നലെ രാമനാട്ടുകര ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സ്വകാര്യ അക്കാദമിയില്‍ വെച്ചായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. കോച്ചിംഗ് ക്ലാസിലെത്തിയ വിദ്യാര്‍ഥികളില്‍ നിന്ന് ബുധനാഴ്ച 1000 രൂപ വാങ്ങിയ സംഘം ഇന്നലെ ബാക്കി 4000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു. ഇലക്ട്രിക് ഇന്‍സ്‌പെക്ടറേറ്റ് ജീവനക്കാരനാണെന്നും മുഴുവന്‍ പണവും തന്നാല്‍ പരീക്ഷയില്‍ വിജയിപ്പിക്കാമെന്നും ധരിപ്പിച്ചാണ് പണം വാങ്ങിയത്. സംശയം തോന്നിയ ഒരു വിദ്യാര്‍ഥിയുടെ പിതാവ് ഇലക്ട്രിക്കല്‍ വയര്‍മെന്‍ സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷനെ വിവരമറിയിക്കുകയും അവരുടെ പരാതി പ്രകാരം ഫറോക്ക് പോലീസ് കോച്ചിംഗ് ക്ലാസിലെത്തി രണ്ട് പേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Latest