Connect with us

Gulf

കൊച്ചി ആസ്റ്റര്‍ മെഡ് സിറ്റിക്ക് ഒമാനില്‍ ഹെല്‍പ് ഡസ്‌കുകള്‍

Published

|

Last Updated

മസ്‌കത്ത്: ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിലവില്‍ വരുന്ന ആസ്റ്റര്‍ മെഡ് സിറ്റിയുടെ സേവനങ്ങള്‍ ഒമാനില്‍ ലഭ്യമാക്കുന്നതിന് രാജ്യത്ത് രണ്ടു കേന്ദ്രങ്ങളില്‍ ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തിക്കും. മസ്‌കത്തിലെയും സൊഹാറിലെയും ആസ്റ്റര്‍ അല്‍ റഫ ആശുപത്രികളിലാണ് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിക്കുക. രാജ്യത്തെ മറ്റു സ്വാകാര്യ ആശുപത്രികളിലും ഹെല്‍പ് ഡസ്‌കുകള്‍ സ്ഥാപിക്കുന്നതിന് അവസരമൊരുക്കുമെന്നും ആസ്റ്റര്‍ ഒമാന്‍ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
300 ദശലക്ഷം ഡോളര്‍ ചെലവില്‍ സ്ഥാപിക്കുന്ന മെഡ് സിറ്റിയുടെ ആദ്യഘട്ടം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 575 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയില്‍ അടുത്ത മാസം മുതല്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും. സംയോജിത മെഡിക്കല്‍ നഗരം പദ്ധതിയാണ് മെഡ് സിറ്റി. രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യത്തോടെ ഇന്ത്യയിലെ മികച്ച സ്ഥാപനം എന്ന കാഴ്ചപ്പാടോടെയാണ് മെഡ് സിറ്റി പടുത്തുയര്‍ത്തുന്നത്. മെഡ് സിറ്റി പൂര്‍ത്തിയാകുമ്പോള്‍ വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ സമുച്ഛയമായിരിക്കും ഇത്. 40 ഏക്കര്‍ സ്ഥലത്താണ് ഒരു കിലോമീറ്റര്‍ ജലാശയത്തിന് അഭിമുഖമായ രീതിയില്‍ മെഡ് സിറ്റി സ്ഥാപിക്കുന്നത്.
അത്യാധുനിക സാങ്കേതിക വിദ്യകള്‍ കൂടി പ്രയോജനപ്പെടുത്തി ലോകോത്തര ചികിത്സാ സൗകര്യം ഒരുക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രോഗികളെ സ്വീകരിക്കാന്‍ തയാറെടുക്കുന്നതിന്റെ ഭാഗമായാണ് ഒമാനില്‍ ഹെല്‍പ് ഡസ്‌കുകള്‍ സ്ഥാപിക്കുന്നത്. മികച്ച ചികിത്സ തേടുന്ന രാജ്യത്തു നിന്നുള്ള രോഗികള്‍ക്ക് ആവശ്യമായ വിവരങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കിയാണ് ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തിക്കുക. ലോകത്തെ ഏതു രാജ്യത്തു നിന്നും എളുപ്പത്തില്‍ നിന്നും വന്നു ചേരാന്‍ കഴിയും വിധമുള്ള കൊച്ചിയില്‍ ചേരാനല്ലൂരിലാണ് മെഡ് സിറ്റി സ്ഥാപിച്ചത്. 3.2 ദശലക്ഷം ചതുരശ്ര അടിയാണ് സിറ്റിയുടെ വിസ്തീര്‍ണം. രാജ്യാന്തര അംഗീകാരം നേടിയ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്ന സിറ്റിയില്‍ വിവിധ സൂപ്പര്‍ സ്‌പെഷ്യലിറ്റികള്‍ക്കായി ഒമ്പത് എക്‌സലന്‍സ് സെന്ററുകളാണ് പ്രവര്‍ത്തിക്കുക. ഡോ. ഹരീഷ് പിള്ള, സി ഒ ഒ സീനിയ ബിജു, ഡോ. ആശിക് സൈനു, വൈ ആര്‍ വിനോദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.