Connect with us

Kannur

കണ്ണൂരിലെ കള്ളവോട്ട് പരാതി: യു ഡി എഫ് നിയമനടപടിക്ക്

Published

|

Last Updated

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തവര്‍ക്കെതിരായും അതിന് ഒത്താശ ചെയ്തു കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരായും നിയമനടപടി സ്വീകരിക്കാന്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചു. വോട്ടര്‍മാര്‍ക്ക് നല്‍കാനുള്ള ബി എല്‍ ഒ സ്ലിപ്പുകള്‍ സി പി എം ഓഫീസുകളിലെത്തിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കെതിരായും നിയമനടപടി സ്വീകരിക്കും. സി പി എം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് ആരോപിച്ച് കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ 103 ബൂത്തുകളുടെ വിശദവിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ യു ഡി എഫ് നേരത്തെ അറിയിച്ചിരുന്നു. ജില്ലാ കലക്ടര്‍ക്കും ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയിരുന്നു.
തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിലെ പോളിംഗ് സ്റ്റേഷനുകളിലാണ് കള്ളവോട്ട് നടന്നത്. കള്ളവോട്ട് ചോദ്യം ചെയ്ത യു ഡി എഫ് ബൂത്ത് ഏജന്റുമാരെ പല ബൂത്തുകളിലും ആക്രമിക്കുകയുണ്ടായി. യു ഡി എഫ് ബൂത്ത് ഏജന്റുമാരില്ലാത്ത ബൂത്തുകളില്‍ സി പി എമ്മിന് കള്ളവോട്ട് ചെയ്യാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കി. ചില ബൂത്തുകളില്‍ പ്രിസൈഡിംഗ് ഓഫീസറോട് യു ഡി എഫ് ബൂത്ത് ഏജന്റ് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല തുടങ്ങിയ പരാതികളാണ് കോണ്‍ഗ്രസിനുള്ളത്. വോട്ടര്‍മാര്‍ക്ക് വീടുകളിലെത്തിക്കേണ്ട സ്ലിപ്പുകളാണ് ചില ബി എല്‍ ഒമാര്‍ മൊത്തമായി സി പി എം ഓഫീസുകളിലെത്തിച്ചത്. ഇവര്‍ക്കെതിരായും നടപടി സ്വീകരിക്കാന്‍ യു ഡി എഫ് തീരുമാനിച്ചു.