Connect with us

Ongoing News

പത്ത് കോടിയുടെ മയക്കുമരുന്നുമായി സിംബാബ്‌വെ യുവതി പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ വനിതയില്‍ നിന്ന് പത്ത് കോടിയിലധികം വില വരുന്ന 20 കിലോ ഗ്രാം എഫെഡ്രിന്‍ ലഹരി മരുന്ന് പിടികൂടി. ദോഹയില്‍ നിന്ന് ജോഹന്നാസ്ബര്‍ഗിലേക്ക് പോകുന്ന പുലര്‍ച്ചെ നാല് മണിയുടെ ഖത്തര്‍ എയര്‍വേസില്‍ യാത്ര ചെയ്യാനെത്തിയ സിംബാബ്‌വെക്കാരിയായ എന്‍സര്‍ (36) എന്ന യുവതിയുടെ ബാഗേജിലാണ് എഫെഡ്രിന്‍ കണ്ടെത്തിയത്.
വിമാനത്താവള സുരക്ഷാ വിഭാഗം പിടികൂടിയ ഇവരെ കസ്റ്റംസിന് കൈമാറി. ലഹരിമരുന്ന് ആര്‍ക്ക് എത്തിക്കാനാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമായിട്ടില്ല. കാഴ്ചയില്‍ കെറ്റാമിന് സമാനമായ ഇത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പരിശോധനയിലാണ് എഫെഡ്രിനാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്.
ഇവര്‍ക്കു പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നാണ് സംശയിക്കുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസും ഇന്റലിജന്‍സും പരിശോധന നടത്തിയത്. ഡല്‍ഹിയില്‍ നിന്ന് വാങ്ങിയ എഫ്രഡിന്‍ സിംബാബ്‌വേയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പിടിയിലായ യുവതി മൊഴി നല്‍കിയത്. എന്നാല്‍ ഇവര്‍ക്ക് സിംബാബ്‌വേയിലേക്കുള്ള ടിക്കറ്റില്ലാത്തതും പിടിയിലായ ശേഷം ഫോണിലൂടെ വധഭീഷണിയുണ്ടായതും വന്‍ റാക്കറ്റ് ഉണ്ടെന്നതിന്റെ സൂചനയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest