Connect with us

Gulf

മാതാവ് കാറിടിച്ചു മരിച്ച സ്ഥലത്ത് മകനും അപകടത്തില്‍ മരിച്ചു

Published

|

Last Updated

ദുബൈ: മൂന്ന് വര്‍ഷം മുമ്പ് മാതാവ് കാറിടിച്ചു മരിച്ച അതേ സ്ഥലത്ത് 14 കാരനായ മകനും വാഹനാപകടത്തില്‍ മരിച്ചു. ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണിതെന്ന് ദുബൈ ട്രാഫിക് പ്രോസിക്യൂഷന്‍ തലവന്‍ സ്വലാഹ് ബൂഫറുഷ അല്‍ ഫലാസി. ദേര അബൂ ഹൈല്‍ റോഡിലെ ഇന്റര്‍സെക്ഷനില്‍ 2011 ജൂണ്‍ 20 നാണ് 50 കാരിയായ ഏഷ്യക്കാരി അപകടത്തില്‍ മരിക്കുന്നത്. റോഡരുകില്‍ നില്‍ക്കുകയായിരുന്ന അവരെ അതിവേഗത്തില്‍ ട്രാക്കു തെറ്റി വന്ന ഒരു വാഹനം ഇടിച്ചു തെറിപ്പിച്ചു. ഇടിയേറ്റ കാര്‍ ദേഹത്തു കയറിയാണ് ഏഷ്യക്കാരി തല്‍ക്ഷണം മരിച്ചത്.
സംഭവം കഴിഞ്ഞ് മൂന്ന് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 14 കാരനായ മകന്‍ ഇതേ സ്ഥലത്തു വെച്ച് അപകടത്തില്‍ മരിച്ചു. കഴിഞ്ഞ മാസം 30 ന് അതേ സിഗ്‌നലിലൂടെ തന്റെ സൈക്കിളില്‍ യാത്രചെയ്യുകയായിരുന്ന ബാലനെ അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായ നിലയില്‍ ആശുപത്രിയിലെത്തിച്ച ബാലന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചത്. ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ സംഭവമാണിതെന്ന് അല്‍ ഫലാസി പറഞ്ഞു.
സംഭവത്തെക്കുറിച്ച് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കാര്‍ ഡ്രൈവറും കുട്ടിയും തെറ്റുകാരാണെന്നാണ് വ്യക്തമാകുന്നത്. തെറ്റായ രീതിയിലായിരുന്നു കുട്ടി സൈക്കളുമായി റോഡ് മുറിച്ചു കടന്നതെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം റോഡ് മുറിച്ചു കടക്കുന്നവരെ തീരെ ഗൗനിക്കാതെ കാറോടിച്ച ഡ്രൈവറും തെറ്റുകാരാണ്- അല്‍ ഫലാസി പറഞ്ഞു.
സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അപകടം നടന്ന സിഗ്‌നലിനടുത്താണ് മരിച്ച കുടുംബം താമസിച്ചിരുന്നത്. കുട്ടിയുടെ പിതാവില്‍ നിന്നും സംഭവത്തിനു സാക്ഷിയായവരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ടെന്നും അല്‍ ഫലാസി പറഞ്ഞു.

 

---- facebook comment plugin here -----

Latest