Connect with us

Kannur

ജനാധിപത്യത്തിന് ഭീഷണിയായ ഛിദ്രശക്തികളെ കരുതണം: കാന്തപുരം

Published

|

Last Updated

തളിപ്പറമ്പ്: മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയുയര്‍ത്തുന്ന നിലയില്‍ ഛിദ്രശക്തികളുടെ നീക്കങ്ങളെ വളരെ കരുതലോടെ കാണണമെന്നും അത്തരം പ്രവര്‍ത്തനങ്ങളെ നിയമപരമായി ഇല്ലായ്മ ചെയ്യണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. തളിപ്പറമ്പ് നാടുകാണി ദാറുല്‍ അമാനില്‍ അല്‍മഖര്‍ സില്‍വര്‍ ജൂബിലി പൊതു സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ അഖണ്ഡത നാം കാത്തുസൂക്ഷിക്കണം. വര്‍ഗീയതയും തീവ്രവാദവും രാഷ്ട്രങ്ങള്‍ക്ക് ഭീഷണിയാണ്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഒരു വിഭാഗത്തിന്റെ മേല്‍ മേധാവിത്വം സ്ഥാപിക്കാനുള്ള ശ്രമവും നാം ചെറുക്കണം. മതേതര ശക്തികള്‍ നല്ല രാഷ്ട്രീയ ബോധത്തോടെ പ്രവര്‍ത്തിക്കണം. കോര്‍പ്പറേറ്റുകള്‍ രാജ്യത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന അവസ്ഥ ആശങ്കയുളവാക്കുന്നതാണെന്നും ജനാധിപത്യം സംരക്ഷിക്കേണ്ട മാധ്യമരംഗത്ത് മുതലാളിത്ത്വത്തിന്റെ അമിത ഇടപെടല്‍ നിഷ്പക്ഷതയെ ചോദ്യം ചെയ്യാനിടയാക്കുമെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസം നേടിയ സമൂഹത്തിലൂടെ മാത്രമേ നാട്ടില്‍ വികസനം സാധ്യമാകൂ. രാജ്യത്ത് ഉന്നത വിദ്യാഭ്യാസത്തിന്റെ അഭാവം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കണം. ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതിക്ക് കൂട്ടായ യത്‌നം വേണം. ധാര്‍മിക വിദ്യയുടെ പ്രസക്തി ഇന്ന് വര്‍ധിച്ചുവരികയാണ്. നമ്മുടെ മണ്ണും വെള്ളവും മറ്റു പ്രകൃതി വിഭവങ്ങളും മനുഷ്യന് വേണ്ടിയുള്ളതാണ്. മനുഷ്യന്റെ ആര്‍ത്തിയും അമിത ചൂഷണവും ഭാവിതലമുറക്ക് തന്നെ അപകടമാണ്. അടിസ്ഥാന വര്‍ഗത്തെ മറന്നുള്ള ഒരു വികസനവും നാടിന് നന്നല്ല. അതിന് നിലനില്‍പ്പുമില്ല. കാന്തപുരം വ്യക്തമാക്കി.
ഇസ്‌ലാം പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും സംരക്ഷിക്കാനാണ് കല്‍പ്പിക്കുന്നത്. വെള്ളത്തിന്റെ അമിത ഉപയോഗത്തെ ഇസ്‌ലാം എതിര്‍ക്കുന്നു. നിസ്‌കാരത്തിനു വേണ്ടി അംഗശുദ്ധി വരുത്തുന്നത് സമുദ്രത്തില്‍ നിന്നായാല്‍ പോലും ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് പ്രവാചക പാഠം. കുടിവെള്ളം ആര്‍ക്കും തടഞ്ഞുവെക്കരുത്. ജലത്തിന്റെ ലഭ്യതയും ഉപയോഗവും സംബന്ധിച്ച് ജനങ്ങളില്‍ ബോധവത്കരണം അനിവാര്യമാണ്. എസ് വൈ എസ് അതിന്റെ ഭാഗമായി ഇപ്പോള്‍, “ജലം അമൂല്യമാണ്; പാഴാക്കരുത്” എന്ന പേരില്‍ സംസ്ഥാനത്ത് ക്യാമ്പയിന്‍ ആചരിക്കുകയാണ്.
സുന്നികള്‍ നേരിടുന്ന അക്രമത്തില്‍ നാം സംയമനം പാലിക്കുന്നത് ഭീരുത്വമായി കരുതരുത്. അക്രമത്തിനെതിരെ നിയമത്തിന്റെ വഴിയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തും. ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കാനും വിധികള്‍ പറയാനും ഇവിടെ പണ്ഡിതരുണ്ട്. രാഷ്ട്രീയക്കാര്‍ ഫത്‌വകളിറക്കുന്നതും തത്സ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്നതും അപകടമാണ്. നിലവില്‍ ഖാസി ഉണ്ടായിരിക്കെ, മറ്റൊരു ഖാസിയെ നിയമിക്കുന്നത് ഇസ്‌ലാമികമല്ല. ഏന്തെങ്കിലും കാര്യലാഭത്തിനു വേണ്ടിയോ ആരോടെങ്കിലുമുള്ള വിദ്വേഷത്തിന്റെ പേരിലോ ഇസ്‌ലാമിക നിയമങ്ങളെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ഭൂഷണമല്ല. അത്തരം ഹീനശ്രമങ്ങളെ സുന്നികള്‍ മതപരമായും നിയമപരമായും നേരിടുമെന്നും കാന്തപുരം പറഞ്ഞു. സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

 

Latest