Connect with us

Malappuram

റേഡിയോ ഉപയോഗിച്ചതിന് ജയിലില്‍ കഴിഞ്ഞ ഓര്‍മയില്‍ അബ്ദുര്‍റഹ്മാന്‍

Published

|

Last Updated

മലപ്പുറം: റേഡിയോ ഉപയോഗിച്ചതിന് ജയില്‍ അഴിക്കുളളില്‍ കടന്നുവെന്ന് കേള്‍ക്കുമ്പോള്‍ ന്യൂ ജനറേഷന്‍ ചിരിച്ചേക്കും. റേഡിയോ കേള്‍ക്കാന്‍ ആളില്ലാത്ത പുതിയ കാലത്ത് റേഡിയോ കേള്‍ക്കണമെങ്കില്‍ ലൈസന്‍സ് വേണമായിരുന്നു.
റേഡിയോ ഉപയോഗിച്ച് പൊല്ലാപ്പായ കഥയാണ് എളങ്കൂരിലെ അബ്ദുര്‍റഹ്മാന് പറയാനുള്ളത്. 36 വര്‍ഷം മുമ്പുള്ള സംഭവം ഇന്നും അബ്ദുര്‍റഹ്മാന് ഇന്നലെ നടന്നത് പോലെ. വാര്‍ധക്യസഹജമായ രോഗങ്ങള്‍ക്കിടയില്‍ കഴിയുമ്പോഴും ഇന്നും ആ പഴയ റേഡിയോ അബ്ദുര്‍റഹ്മാന്‍ കൈവിട്ടിട്ടില്ല. 1977 ലാണ് സംഭവം.
കാളികാവ് പൂങ്ങോടിലെ സ്റ്റേഷനറിക്കടയില്‍ ജോലിക്കാരനായിരുന്ന അബ്ദുര്‍റഹ്മാന്‍ കടയിലുണ്ടായിരുന്ന റേഡിയോയില്‍ ആകാശവാണിയിലെ ഉച്ചക്കുള്ള വാര്‍ത്ത കേള്‍ക്കുന്നതിന് വേണ്ടി റേഡിയോ തുറന്നതാണ് പൊല്ലാപ്പായത്. വാര്‍ത്ത കേള്‍ക്കുന്നതിനിടെ അത് വഴി വന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ റേഡിയോയുടെ ലൈസന്‍സ് ചോദിച്ചു.
ലൈസന്‍സില്ലാത്ത വിവരം അബ്ദുര്‍റഹ്മാന്‍ അറിഞ്ഞിരുന്നില്ല. താന്‍ കടയിലെ ജോലിക്കാരനാണ്. റേഡിയോ മുതലാളിയുടെതാണെന്ന് പറഞ്ഞു. എന്നാല്‍ റേഡിയോ പ്രവര്‍ത്തിപ്പിച്ചത് അബ്ദുര്‍റഹ്മാന്‍ ആയതിനാല്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
അങ്ങനെ ഇന്‍സ്‌പെക്ടര്‍ വെള്ളക്കടലാസില്‍ അദ്ദേഹത്തെകൊണ്ട് ഒപ്പിടുവിച്ച് വാങ്ങി. രണ്ടര വര്‍ഷം നീണ്ടു കേസ്. 30 രൂപ മാത്രമുള്ള ലൈസന്‍സ് ഇല്ലാത്തതിനാല്‍ അയ്യായിരത്തോളം രൂപ കേസിനത്തില്‍ ചെലവായി. മൂന്ന് ദിവസം പെരിന്തല്‍മണ്ണ സബ് ജയിലില്‍ കിടക്കേണ്ടിയും വന്നു. 1979 ലാണ് റോഡിയോ കേസ് തീര്‍ന്നു കിട്ടിയത്. അന്ന് പെരിന്തല്‍മണ്ണ മുന്‍സിഫ് കോടതിയില്‍ അടച്ച 200 രൂപയുടെ ഫൈനുള്ള രസീത് ഇപ്പോഴും അദ്ദേഹം സൂക്ഷിക്കുന്നുണ്ട്. വാര്‍ധക്യത്തിന്റെ ശാരീരിക അവശതകളുമായി വീട്ടില്‍ കഴിയുമ്പോഴും വിവരങ്ങള്‍ അറിയാന്‍ റോഡിയോ തന്നെയാണ് ഇപ്പോഴും അബ്ദുര്‍റഹ്മാന്റെ ഉറ്റ ചങ്ങാതി.

 

Latest