Connect with us

Ongoing News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസില്‍ കേരളം മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കും

Published

|

Last Updated

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസില്‍ സുപ്രീംകോടതിയില്‍ കേരളം മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കും. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ വിശ്വനാഥനെയാണ് ഇതിനായി പരിഗണിക്കുന്നത്. ഒരു മാസത്തിലധികം കേരളത്തില്‍ താമസിച്ചാണ് ഗോപാല്‍സുബ്രഹ്മണ്യം റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ റിപ്പോര്‍ട്ട് ഇന്നു കോടതിയില്‍ സമര്‍പ്പിച്ചേക്കും. രഹസ്യസ്വഭാവമുള്ള ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. ക്ഷേത്രത്തിന്റെ സുരക്ഷയും, പത്മതീര്‍ഥക്കുളത്തിന്റെ നവീകരണവും അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.
പത്മതീര്‍ഥ കുളം വൃത്തിയാക്കുന്നതിനായുള്ള ടെന്‍ഡര്‍ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് ഗോപാല്‍ സുബ്രഹ്മണ്യം കഴിഞ്ഞദിവസം സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു. 29 ലക്ഷം രൂപക്ക് നല്‍കേണ്ട ടെന്‍ഡര്‍ ഒരു കോടി 19 ലക്ഷം രൂപക്ക് നല്‍കാനാണ് നീക്കം നടന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. സുപ്രീം കോടതി ഉത്തരവ് ക്ഷേത്രം ജീവനക്കാര്‍ വലിച്ചുകീറി കളഞ്ഞതായും അമിക്കസ് ക്യൂറി വ്യക്തമാക്കി.
പത്മതീര്‍ഥ കുളം വൃത്തിയാക്കുന്നതിന് 29 ലക്ഷം രൂപ ചെലവ് വരുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് സുപ്രീം കോടതിയെ അറിയിച്ചത്. ആ തുകക്ക് സുപ്രീം കോടതി അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ടെന്‍ഡര്‍ അട്ടിമറിച്ച് ക്രമക്കേട് നടത്താനുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായെന്നാണ് അമിക്കസ്‌ക്യൂറി വെളിപ്പെടുത്തിയത്.
29 ലക്ഷം രൂപക്ക് നല്‍കേണ്ട ടെന്‍ഡര്‍ 39 ലക്ഷം രൂപക്കും പിന്നീട് 69 ലക്ഷം രൂപക്കും ഒടുവില്‍ ഒരു കോടി 19 ലക്ഷം രൂപക്കും നല്‍കി.
താന്‍ ഇടപെട്ടാണ് ഇത് തടഞ്ഞതെന്നും ഗോപാല്‍സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു. ക്ഷേത്രത്തിലെ സുരക്ഷാ കാര്യങ്ങള്‍ ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് ക്ഷേത്ര ജീവനക്കാര്‍ വലിച്ചുകീറിക്കളഞ്ഞു.
അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ക്ഷേത്രനടത്തിപ്പുമായി ബന്ധപ്പെട്ട് ഗൗരവതരമായ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും അമിക്കസ് ക്യൂറി പറഞ്ഞു. എല്ലാത്തിനും തെളിവായി ഫോട്ടോഗ്രാഫുകളും 800ലേറെ പേജുകളുള്ള റിപ്പോര്‍ട്ടിലുണ്ട്. അത് പരസ്യപ്പെടുത്തരുതെന്ന് രാജകുടുംബം തന്നോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

 

Latest