Connect with us

Kozhikode

സംസ്ഥാനത്ത് ഇടിമിന്നലില്‍ മൂന്ന് മരണം

Published

|

Last Updated

കോഴിക്കോട്/ ആലപ്പുഴ/ബാലരാമപുരം: ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലില്‍ മൂന്ന് പേര്‍ മരിച്ചു. തിരവനന്തപുരം ബാലരാമപുരത്ത് ക്ലാസെടുത്തുകൊണ്ടിരിക്കെ അധ്യാപകനും കോഴിക്കോട്, ആലപ്പുഴ ചാരുംമൂട് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളും മരിച്ചു.
ഇന്നലെ ഉച്ചക്ക് 3.45ന് താന്നിവിള ചാത്തിലംപാട്ടുകോണം വിശ്വമിത്ര ട്യൂഷന്‍ സെന്ററില്‍ ക്ലാസ് എടുത്തുകൊണ്ടിരിക്കേയാണ് ഹിന്ദി അധ്യാപനായ വെടിവെച്ചാന്‍കോവില്‍ ചാത്തിലംപാട്ട് കിണറ്റിന്‍കര പുത്തന്‍വീട് ലാല്‍ നിവാസില്‍ ഹരിലാല്‍ (25) ഇടിമിന്നലേറ്റ് മരിച്ചത്. നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥികളായ സുമേഷ് (15), ആര്യശ്രീ (19), വൈശാഖ് കൃഷ്ണ(10), സുബാഷ് (14) എന്നിവര്‍ക്കാണ് പരുക്ക്. മരുതൂര്‍കോണം പി ടി എം സ്‌കൂളിലെ അധ്യാപകനാണ് ഹരിലാല്‍. ഉച്ചക്ക് പെയ്ത മഴയെ തുടര്‍ന്ന് ട്യൂഷന്‍ സെന്ററിലെ ടെറസ്സിനു മുകളില്‍ ക്ലാസ് എടുത്തു നില്‍ക്കവേ ശക്തമായ ഇടിമിന്നലില്‍ ഹരിലാലും വിദ്യാര്‍ഥികളും പൊള്ളലേറ്റ് വീണു. സംഭവസ്ഥലത്തു തന്നെ ഹരിലാല്‍ മരിച്ചു. പരിക്കേറ്റ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തു. ഹരിലാലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് സംസ്‌കരിക്കും. വിജയകുമാര്‍-വത്സല ദമ്പതികളുടെ മകനാണ്. ലാവണ്യ സഹോദരിയാണ്. കോഴിക്കോട് പെരുമണ്ണ മാവൂര്‍പറമ്പില്‍ കെ എം കൃഷ്ണന്റെ മകന്‍ അഭിനവ് (12) ആണ് ഇടിമിന്നലേറ്റ് മരിച്ച പന്ത്രണ്ടുകാരന്‍. കുറ്റിക്കാട്ടൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഇന്നലെ വൈകുന്നേരം ശക്തമായ മഴയിലും ഇടിമിന്നലിലും വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് മിന്നലേറ്റത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ശ്രീജ, സഹോദരി: അഭിനന്ദ.
ആലപ്പുഴ ചാരുംമൂടില്‍ ഇടിമിന്നലേറ്റ് പതിനാലുകാരന്‍ പാലമേല്‍ പള്ളിക്കല്‍ ഇടിഞ്ഞയ്യത്ത് ജംഗ്ഷന് സമീപം വേലന്റയ്യത്ത് (അഖില്‍ഭവനം) സത്യന്റെ മകന്‍ അഖില്‍ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.30 നായിരുന്നു സംഭവം. കുടുംബക്ഷേത്രത്തില്‍ വിളക്കുതെളിക്കാനായി പോകുമ്പോള്‍ മഴ പെയ്തതിനെ തുടര്‍ന്ന് സമീപത്തെ ബന്ധുവീട്ടില്‍ കയറിനില്‍ക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. ഈ സമയം അഖിലിന്റെ മാതാവ് പ്രമീളയും സഹോദരി അഖിലയും കൂടെയുണ്ടായിരുന്നു. മിന്നലേറ്റ് മാതാവിന്റെ മടിയിലേക്ക് വീണ അഖിലിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഖില്‍ പയ്യനല്ലൂര്‍ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.