Connect with us

Kannur

കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ കാണാതായ സംഭവം: അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിക്കുന്നു

Published

|

Last Updated

കൂത്തുപറമ്പ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം മുതല്‍ കാണാതായ കോണ്‍ഗ്രസ് ബൂത്ത് ഏജന്റും പാട്യം മണ്ഡലം വൈസ് പ്രസിഡന്റുമായ കോട്ടയം തള്ളോട്ടെ കെ കെ പ്രമോദിനെ കണ്ടെത്താനുള്ള അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു. ഉത്തരമേഖലാ എ ഡി ജി പി. ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
ഇതിനിടെ പ്രമോദിനെ വ്യാഴാഴ്ച രാത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടതായി ചെറുവാഞ്ചേരി സ്വദേശി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബംഗളൂരുവില്‍ താമസിച്ചു ജോലിചെയ്തുവരുന്ന നിസാറാണ് പ്രമോദിനെ കണ്ടതായി മൊഴി നല്‍കിയത്. വ്യാഴാഴ്ച രാത്രി 12ന് കാഞ്ഞങ്ങാട്ടേക്കുള്ള ട്രെയിന്‍ കാത്തുനില്‍ക്കുമ്പോള്‍ പ്രമോദിനെ മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിന്‍ നില്‍ക്കുന്ന പ്ലാറ്റ്‌ഫോമില്‍ കണ്ടുവെന്നാണ് പറയുന്നത്. പ്ലാസ്റ്റിക് ബാഗില്‍ എന്തോ പൊതിഞ്ഞ് കൈയില്‍ സൂക്ഷിച്ചിരുന്നു. കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചില്ലെന്നും ഇതിനിടെ താന്‍ ട്രെയിനില്‍ കയറിപ്പോയെന്നുമാണ് നിസാറിന്റെ മൊഴി. പോലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രമോദ് മൈസൂരിലുള്ളതായി സൂചന ലഭിച്ചിരുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര പരിസരത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രമോദിന്റെ ചെറുവാഞ്ചേരിയിലേയും തള്ളോട്ടെയും വീടുകള്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി ബന്ധുക്കളെ അറിയിച്ചു.

Latest