Connect with us

Alappuzha

റെ. സ്‌റ്റേഷനില്‍ നിന്ന് വാറ്റുചാരായവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി

Published

|

Last Updated

ആലപ്പുഴ: റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വാറ്റുചാരായവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. 128 കിലോ ഹാന്‍സും 45 ലിറ്റര്‍ വാറ്റുചാരായവുമാണ് വ്യത്യസ്ത സംഭവങ്ങളിലായി റെയില്‍വേ പോലീസും എക്‌സൈസ് വകുപ്പും ചേര്‍ന്ന് പിടിച്ചെടുത്തത്. രണ്ടും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ചാരായം ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്നാണ് കണ്ടെടുത്തത്. ഞായറാഴ്ച വൈകുന്നേരം എത്തിയ ട്രെയിനില്‍ നിന്ന് ഇത് പുറത്തിറക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോഗിക്കുള്ളില്‍ തന്നെ ഇരിക്കുകയായിരുന്നു. ലോറി ടയറിന്റെ ട്യൂബിനകത്ത് നിറച്ച നിലയിലും കുപ്പികളിലുമായാണ് വാറ്റുചാരായം സൂക്ഷിച്ചിരുന്നത്. ടയറിന്റെ ട്യൂബില്‍ 30 ലിറ്ററോളം ചാരായമാണ് ഉണ്ടായിരുന്നതെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പി ജയിംസ് പറഞ്ഞു. രണ്ട് ലിറ്ററിന്റെ എട്ട് കുപ്പികളിലായാണ് ചാരായം നിറച്ചിരുന്നത്. പാലക്കാട്ടു നിന്ന് എത്തിച്ചതാണെന്ന് കരുതുന്നു.
തിങ്കളാഴ്ച രാവിലെ 7.15ഓടെയാണ് പ്ലാറ്റ്‌ഫോമില്‍ പാര്‍സല്‍ സെക്ഷനോട് ചേര്‍ന്ന് പുകയില ഉത്പന്നങ്ങളുടെ ചാക്കുകെട്ട് കണ്ടെത്തിയത്. എട്ട് പ്ലാസ്റ്റിക് ചാക്കുകളിലാണ് 30 വീതം ഹാന്‍സിന്റെ പാക്കറ്റുകള്‍ നിറച്ചിരുന്നത്. പ്ലാസ്റ്റിക് ചാക്കിനുള്ളില്‍ തന്നെ ചണച്ചാക്കുകൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു ഇവ. ആകെ 128 കിലോയാണ് ഉണ്ടായിരുന്നത്. സംശയകരമായ സാഹചര്യത്തില്‍ പാര്‍സല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എസ് ഐ. എന്‍ സഹദേവനാചാരിയുടെ നേതൃത്വത്തില്‍ റെയില്‍വേ പോലീസ് സ്ഥലത്തെത്തിയാണ് ചാക്കുകെട്ട് അഴിച്ച് പരിശോധിച്ചത്. കേസെടുത്ത് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി എസ് ഐ. സഹദേവന്‍ ആചാരി പറഞ്ഞു. പുകയില ഉത്പന്നങ്ങള്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചതാണെന്നാണ് കരുതുന്നത്.