Connect with us

Gulf

വിദേശികളുടെ താമസ നിയമം മസ്‌കത്ത് കര്‍ശനമാക്കുന്നു

Published

|

Last Updated

മസ്‌കത്ത്: നഗരത്തില്‍ അനധികൃതമായി തങ്ങുന്നവരെയും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നവരെ നിയന്ത്രിക്കാന്‍ മസ്‌കത്ത് നഗരസഭ വിദേശികളുടെ താമസ നിയമം കര്‍ശനമാക്കുന്നു. റോയല്‍ ഒമാന്‍ പോലീസുമായി ചേര്‍ന്നു നടത്തുന്ന പരിശോധനകള്‍ക്കും മറ്റു നടപടികള്‍ക്കും പുറമേയാണ് അംഗീകൃത വാടകക്കരാറിന്റെ അടിസ്ഥാനത്തിലാണ് താമസിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി വിദേശികളുടെ താമസസ്ഥലങ്ങളില്‍ പതിവായി പരിശോധനകള്‍ നടത്തും. വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനും വാടകക്കരാര്‍ നല്‍കുന്നതിനും നിയന്ത്രണങ്ങള്‍ കൊണ്ടു വരികയും കെട്ടിടങ്ങള്‍ക്കും ഇവിടെ താസമിക്കുന്നവര്‍ക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്യും. നഗരത്തില്‍ നിയമവിരുദ്ധമായി തങ്ങുന്നവരെ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. നഗരസഭ, ആര്‍ ഒ പി, പബ്ലിക് പ്രോസിക്യൂഷന്‍, മാന്‍ പവര്‍ മന്ത്രാലയം എന്നിവ സംയുക്തമായാണ് അനധികൃതമായി നഗരത്തില്‍ തങ്ങുന്നവരെ പിടികൂടുന്നിതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നത്. വിസ കാലാവധി കഴിഞ്ഞും തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയും യഥാര്‍ഥ തൊഴിലുടമയുടെ അടുത്തല്ലാതയും ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനാണ് ശക്തമായ നടപടി സ്വീകരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
നാല് സര്‍ക്കാര്‍ വിഭാഗങ്ങളും സംയുക്തമായി രൂപവത്കരിക്കുന്ന പ്രത്യേക സംഘമാണ് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്തുന്നതിന് നേതൃത്വം നല്‍കുക. ഇതിനായി നഗരത്തില്‍ വ്യാപക പരിശോധന നടത്തും. വിസാ കാലാവധിയും ജോലിയുമില്ലാത്തവര്‍ക്ക് കെട്ടിടം താമസത്തിനായി നല്‍കരുതെന്ന് കെട്ടിട ഉമകള്‍ക്ക് നിര്‍ദേശം നല്‍കും. നിയമവിധേയമായി തങ്ങുന്നവര്‍ക്കും വാടകക്കരാര്‍ ഇല്ലാതെ ഫഌറ്റുകളും വില്ലകളും താമസത്തിനു നല്‍കുന്നതും വിലക്കും.
നഗരത്തില്‍ അടുത്ത കാലത്തായി അനധികൃത വാസികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കുന്നത്. രേഖകളില്ലാതെ തങ്ങിയ 2,267 പേരെയാണ് ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനിടെ പിടികൂടിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ പിടിക്കപ്പെട്ടത് 1,021 പേരായിരുന്നു.

---- facebook comment plugin here -----

Latest