Connect with us

Gulf

കൊറോണ; പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് ആരോഗ്യ വകുപ്പ്

Published

|

Last Updated

അബുദാബി: കൊറോണ എമിറേറ്റിലെ പൊതുജനാരോഗത്തിന് ഭീഷണി സൃഷ്ടിക്കുന്ന സ്ഥിതി നിലവിലില്ലെന്നും മറിച്ചുള്ള പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്നും അബുദാബി ആരോഗ്യ വകുപ്പ് പൊതുജനങ്ങളെ അറിയിച്ചു. പൊതുജനങ്ങള്‍ അവരുടെ സാധാരണ ജീവിത രീതികളുമായി മുമ്പോട്ടുപോകാമെന്നും കൊറോണ വൈറസുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന ഊതിപ്പെരുപ്പിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അത്തരം പ്രചാരണങ്ങള്‍ ഏറ്റെടുക്കരുതെന്നും അധികൃതര്‍ ഉപദേശിച്ചു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് പേടിക്കേണ്ട യാതൊരു സാഹചര്യവുമില്ല. ആരോഗ്യ മന്ത്രാലയവും മറ്റു ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ചേര്‍ന്ന് ആവശ്യമായ മുഴുവന്‍ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്, ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
അതോടൊപ്പം ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യത്തിന് നിര്‍ദേശിക്കുന്ന മുഴുവന്‍ കാര്യങ്ങളും എല്ലാവരും കര്‍ശനമായി പാലിക്കണം. ഇടക്കിടെ കൈ രണ്ടും സോപ്പോ മറ്റു സമാനമായ ദ്രാവകങ്ങളോ ഉപയോഗിച്ച് കഴുകണം. പ്രത്യേകിച്ചും, ചുമക്കുകയോ തുമ്മുകയോ ടോയ്‌ലെറ്റ് ഉപയോഗിക്കുകയോ ചെയ്താല്‍. ഉപയോഗിച്ച ടിഷ്യു തുടങ്ങിയവ നിക്ഷേപിക്കേണ്ടിടത്തു തന്നെ ഉപേക്ഷിക്കണം. പൊതുആരോഗ്യത്തിനും രോഗങ്ങള്‍ പകരുന്നത് തടയാനും ഈ നിര്‍ദേശങ്ങള്‍ ഏറെ പ്രധാനമാണ്.
കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധിച്ച് അല്‍ ഐനില്‍ ഫിലിപ്പിനോ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക മരിക്കുകയും അഞ്ച് പേര്‍ക്ക് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് 64 കാരനായ ഒരാള്‍ അബുദാബിയിലും മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ഉത്കണ്ഠ ലഘൂകരിക്കാന്‍ അബുദാബി ആരോഗ്യ വകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Latest