Connect with us

National

വിഷയങ്ങള്‍ക്ക് പഞ്ഞമില്ലാതെ തിരഞ്ഞെടുപ്പ് രംഗം

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറുമ്പോള്‍ ദേശീയ തലത്തില്‍ പുതിയ വിഷയങ്ങള്‍ ഉദയം ചെയ്യുകയാണ്. ഈ വിഷയങ്ങള്‍ ജനങ്ങളെ ബാധിക്കുന്നുണ്ടോ എന്നതൊന്നും പ്രശ്‌നമല്ല. മാധ്യമങ്ങളില്‍ ആരോപണപ്രത്യാരോപണങ്ങള്‍ അഴിച്ചുവിടാന്‍ വിഷയം വേണമെന്ന് മാത്രം. ഏറ്റവും ഒടുവില്‍ അന്തരീക്ഷത്തില്‍ നിറയുന്നത് ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ വിവാഹവും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മുന്‍ ഉപദേശകന്‍ എഴുതിയ പുസ്തകവുമാണ്. നരേന്ദ്ര മോദി നിത്യ ബ്രഹ്മചാരിയായിരുന്നു; വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും വരെ. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴെല്ലാം നാമനിര്‍ദേശ പത്രികയില്‍ താങ്കള്‍ വിവാഹിതനാണോ എന്ന ചോദ്യമുണ്ടായിരുന്നു. അന്നൊക്കെ ആ ഭാഗം ഒഴിച്ചിടുകയായിരുന്നു മോദി. മോദിയുടെ ഭാര്യയാണെന്ന് അവകാശപ്പെട്ട് അധ്യാപികയായ യശോദാ ബെന്‍ രംഗത്തെത്തിയപ്പോഴൊന്നും മോദി വഴങ്ങിയില്ല. മാധ്യമങ്ങളും കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളും കുറേ ആഘോഷിച്ചുവെന്നല്ലാതെ മോദി കുലുങ്ങിയില്ല.
എന്നാല്‍, ഇത്തവണ ആ പതിവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. നാമനിര്‍ദേശ പത്രികയില്‍ ഒരു കോളവും ഒഴിച്ചിടാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചതോടെ മോദി തുറന്നു പറഞ്ഞു. താന്‍ വിവാഹിതനാണ്. ഭാര്യയുടെ പേര് യശോദാ ബെന്‍. പക്ഷേ, ഭാര്യയുടെ സ്വത്ത് എത്ര എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഉത്തരം. ഇത്തവണയെങ്കിലും വിവാഹം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന് കോണ്‍ഗ്രസ് കാലേക്കൂട്ടി ആവശ്യപ്പെട്ടിരുന്നു.
കമ്മീഷന്റെ നിഷ്‌കര്‍ഷ മാത്രമല്ല, മോദിയുടെ വ്യക്തി ജീവിതം വെറുതേ വിവാദത്തിന് വിട്ട് കൊടുക്കുന്നത് നല്ലതല്ലെന്ന ബി ജെ പി നേതൃത്വത്തിന്റെ വിലയിരുത്തല്‍ കൂടി വെളിപ്പെടുത്തലിന് കാരണമായിട്ടുണ്ടത്രേ. ബുദ്ധിയുറക്കാത്ത കാലത്ത് നടന്ന വിവാഹബന്ധം തുടര്‍ന്നിട്ടില്ലെന്നും നിയമപരമായ ബാധ്യതയെന്ന നിലയിലാണ് വിവാഹം സമ്മതിച്ചതെന്നും ബി ജെ പി വാദിക്കുന്നു. ശൈശവ വിവാഹമെന്ന അത്യാചാരത്തെ തന്റെ ജീവിതത്തില്‍ നിന്ന് മുറിച്ചു മാറ്റുകയാണ് മോദി ചെയ്തതെന്ന് വരെ ബി ജെ പി ന്യായീകരിക്കുന്നുണ്ട്.
കോണ്‍ഗ്രസ് ഇത് ആയുധമാക്കുകയാണ്. നല്ല മൂര്‍ച്ചയുള്ള ആയുധം. മോദി എന്തിനാണ് വസ്തുത മറച്ചു വെച്ചതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. നേരത്തേ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഇക്കാര്യം മറച്ചു വെച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയും മോദിയുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി കപില്‍ സിബല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. വിവാഹം മോദിയുടെ വ്യക്തിപരമായ കാര്യമായിരിക്കാം പക്ഷേ, പ്രധാനമന്ത്രിയാകാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരാള്‍ ഇത്തരം കാര്യങ്ങള്‍ മറച്ചു വെക്കുന്നതാണ് തെറ്റ്. മുഖ്യമന്ത്രിപദം വരെ അലങ്കരിച്ച ഒരു നേതാവിന്റെ ഭാര്യ നിത്യവൃത്തിക്ക് വരെ വകയില്ലാതെ കഴിയേണ്ടി വന്നത് രാജ്യത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. സ്ത്രീവിരുദ്ധതയുടെ പ്രശ്‌നം കൂടി ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉന്നയിക്കുന്നു. ഒരു യുവതിയുടെ നിരീക്ഷിക്കാന്‍ പോലീസിനെ ഉപയോഗിച്ച വിഷയം കൂടി ചേര്‍ക്കുന്നതോടെ വിവാഹ വിവാദം കത്തിപ്പടരുകയാണ്. ബി ജെ പി ഉന്നത നേതൃത്വം അല്‍പ്പം പ്രതിരോധത്തിലായെങ്കിലും രണ്ടാം നിര നേതാക്കള്‍ രാഹുലിന്റെ വ്യക്തി ജീവിതമെടുത്ത് പ്രത്യാക്രമണം തുടങ്ങിയിട്ടുണ്ട്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മുന്‍ മാധ്യമ ഉപദേശകന്‍ സഞ്ജയ് ബാരുവിന്റെ പുസ്തകമാണ് ബി ജെ പിക്ക് വീണുകിട്ടിയ ആയുധം. സോണിയാ ഗാന്ധിയില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കടുത്ത സമ്മര്‍ദം നേരിട്ടിരുന്നുവെന്നാണ് “ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍” എന്ന പുസ്തകത്തില്‍, ബാരു പറയുന്നത്. രണ്ടാം യു പി എ സര്‍ക്കാറില്‍ മന്ത്രിസഭാംഗങ്ങളെ മുഴുവന്‍ തീരുമാനിച്ചത് സോണിയാ ഗാന്ധിയാണ്. മന്‍മോഹന്‍ സിംഗ് തീര്‍ത്തും കീഴടങ്ങിയ അവസ്ഥയിലായിരുന്നു. സോണിയാ ഗാന്ധി സൂപ്പര്‍ അധികാര കേന്ദ്രമായാണ് പ്രവര്‍ത്തിച്ചത്. ഇരട്ട അധികാര കേന്ദ്രങ്ങള്‍ നിലനിന്നതില്‍ സിംഗ് അസ്വസ്ഥനായിരുന്നു. അദ്ദേഹം പലപ്പോഴും ശക്തമായ പ്രതികരണത്തിന് മുതിര്‍ന്നതുമാണ്. ഇങ്ങനെ പോകുന്നു 2004 മുതല്‍ 2008 വരെ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന ബാരുവിന്റെ 301 പേജ് വരുന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍.
പുസ്തകത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തിടുക്കത്തില്‍ രംഗത്തെത്തി. ചിദംബരമാണ് ആദ്യം പ്രതികരിച്ചത്. ബാരു തെറ്റായ കാര്യങ്ങള്‍ നിരത്തി പ്രശസ്തിക്ക് ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ തള്ളിക്കളഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിറക്കുകയും ചെയ്തു. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ പല വീക്ഷണകോണിലൂടെ നിറഞ്ഞു നില്‍ക്കുയാണ്.
ഒരു ദിവസം വൈകിയെങ്കിലും ഇന്നലെ ഈ വിഷയം മോദി തന്നെ എടുത്തുയര്‍ത്തി. റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെയാണോ നമുക്ക് വേണ്ടത്? ചിക്കബല്ലാപൂരിലെ റാലിയില്‍ മോദി ചോദിച്ചു. തങ്ങള്‍ കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നത് ഇപ്പോള്‍ ശരിയെന്ന് തെളിഞ്ഞില്ലേയെന്നാണ് ബി ജെ പി നേതാക്കളുടെ ചോദ്യം. പിന്നില്‍ നിന്ന് നിയന്ത്രിക്കപ്പെടുന്ന ഒരു പ്രധാനമന്ത്രിയെയല്ല രാജ്യത്തിനാവശ്യം. മുന്നില്‍ നിന്ന് നയിക്കാന്‍ ശേഷിയുള്ള നേതാവിനെയാണ്- ആത്മപ്രശംസയുടെ ചുവയുള്ള വാക്കുകളുമായി മോദി ആക്രമിക്കുന്നു. രാജ്യത്തെ ഓരോ കുട്ടിക്കും അറിയുന്നതേ ബാരു പറഞ്ഞിട്ടുള്ളൂ. ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രി മന്‍മോഹന്‍ തന്നെ- അഡ്വാനിയുടെ വക വിമര്‍ശം.
പ്രധാനമന്ത്രിയെയും സി ബി ഐയെയും ഒക്കെ വിമര്‍ശിച്ച് മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖിന്റെ പുസ്തകം കൂടി വരുമ്പോള്‍ രംഗം ഒന്നു കൂടി കൊഴുക്കും.

Latest