Connect with us

Editorial

പ്രവാസി വോട്ട്

Published

|

Last Updated

വിവിധ ഘട്ടങ്ങളിലൂടെ തികച്ചും വ്യവസ്ഥാപിതമായി 16-ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രവാസി ഇന്ത്യക്കാരുടെ സമ്മതിദാനം സംബന്ധിച്ച ഹരജിയില്‍ സുപ്രീം കോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ ഏറെ പ്രസക്തവും സ്വാഗതാര്‍ഹവുമാണ്. സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള സംവിധാനങ്ങള്‍ എത്രമാത്രം വിപുലവും ലളിതവും ആകുന്നുവോ അത്രമാത്രം കുറ്റമറ്റതായിരിക്കും പ്രാതിനിധ്യ ജനാധിപത്യ സംവിധാനം. പൗരന്‍മാരെ രാഷ്ട്രീയ പ്രക്രിയയില്‍ നേരിട്ട് പങ്കാളികളാക്കുന്നത് കൃത്യമായ ഇടവേളകളില്‍ നടക്കുന്ന വോട്ടെടുപ്പുകളാണ്. നിര്‍ഭയമായും സ്വതന്ത്രമായും സാങ്കേതിക കുരുക്കുകളില്ലാതെയും വോട്ട് രേഖപ്പെടുത്താന്‍ പൗരന്‍മാര്‍ക്ക് സാധിക്കുമ്പോഴാണ് വോട്ടെടുപ്പ് അര്‍ഥവത്താകുന്നത്. ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടു പോകാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊണ്ടുവന്നിട്ടുള്ള പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും വോട്ടെടുപ്പിനെ വലിയ തോതില്‍ ഗുണപരമായി പരിവര്‍ത്തിപ്പിച്ചിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനത്തിലേക്ക് കേരളം കുതിച്ചുവെന്നതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം. പക്ഷേ ഈ അഭിമാനത്തിനും ആഘോഷത്തിനുമിടയിലും അല്‍പ്പം നിരാശയോടെ മാത്രം ചിന്തിക്കാവുന്ന ഒന്നായി പ്രവാസികളുടെ വോട്ടവകാശം നിലനില്‍ക്കുകയാണ്.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയില്‍ പ്രവാസികള്‍ നല്‍കുന്ന സംഭാവന വളരെ വലുതാണ്. സ്വന്തം നാടിന്റെ ഓരോ ചലനത്തിലും അവര്‍ കാതങ്ങള്‍ക്കപ്പുറത്ത് നിന്ന് പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ അനിവാര്യമായ അഭിപ്രായ രൂപവത്കരണത്തില്‍ അവര്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. പക്ഷേ അവരില്‍ നല്ലൊരു ശതമാനത്തിനും വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കുന്നില്ല. വോട്ട് രജിസ്റ്റര്‍ ചെയ്തിടത്ത് വന്ന് വോട്ട് രേഖപ്പെടുത്തണമെന്ന വ്യവസ്ഥയാണ് ഇതിന് തടസ്സം. പലര്‍ക്കും തിരഞ്ഞെടുപ്പ് കാലത്ത് അവധി ലഭിക്കില്ല. അവധി ലഭിച്ചാല്‍ തന്നെ വന്‍ തുക മുടക്കി നാട്ടിലെത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുകയെന്ന അവകാശത്തിനും കടമക്കും ഇത്ര വില വരുന്നത് ഭൂഷണവുമല്ലല്ലോ. തപാല്‍ വോട്ട് അനുവദിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളുടെ പരിധിയില്‍ പ്രവാസികള്‍ വരുന്നില്ലെന്നതാണ് പ്രശ്‌നം. അവരവര്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ വോട്ട് രേഖപ്പെടുത്താന്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ 20 എ വകുപ്പില്‍ ഭേദഗതി ആവശ്യമാണ്. ഈ ആവശ്യമുന്നയിച്ചാണ് പ്രവാസി വ്യവസായി, വി പി ഷംസീര്‍ പരമോന്നത കോടതിയെ സമീപിച്ചത്. പ്രവാസികള്‍ക്ക് 2010ല്‍ ജനപ്രാതിനിധ്യ നിയമ ഭേദഗതിയിലൂടെ അനുവദിച്ച വോട്ടവകാശം വിനിയോഗിക്കാനുള്ള പ്രയോഗിക ബുദ്ധിമുട്ടുകള്‍ നീക്കണമെന്ന് ഹരജി ആവശ്യപ്പെടുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21 എന്നിവയുടെ ലംഘനമായ ജനപ്രാതിനിധ്യ നിയമത്തിലെ 20 എ വകുപ്പ് ഭേദഗതി ചെയ്യണം. പ്രവാസികള്‍ക്ക് അതത് രാജ്യങ്ങളിലെ എംബസികളിലോ, തപാല്‍ വഴിയോ, ഇലക്‌ട്രോണിക് സംവിധാനം വഴിയോ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 114 രാജ്യങ്ങള്‍ പ്രവാസികള്‍ക്കായി പ്രത്യേക വോട്ടിംഗ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇതില്‍ 20 രാജ്യങ്ങള്‍ ഏഷ്യയില്‍ നിന്നുള്ളവയാണെന്നും ഹരജിയില്‍ പറയുന്നു. പ്രവാസി വോട്ടവകാശ പ്രശ്‌നം പഠിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഹരജി പരിഗണിച്ച ജസ്റ്റിസ് കെ എസ് രാധാകൃഷണന്‍ അധ്യക്ഷനായ ബഞ്ച് തുടക്കത്തിലേ അനുകൂല സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ തന്നെ ഓണ്‍ലൈന്‍ വോട്ടിംഗിന്റെ സാധ്യത ആരായണമെന്ന് കോടതി നിര്‍ദേശം നല്‍കി. ജനപ്രാതിനിധ്യ നിയമത്തിന്റെ 60 സി വകുപ്പിന്റെ അടിസ്ഥാനത്തില്‍ പ്രവാസി വോട്ട് അനുവദിക്കാവുന്നതേയുള്ളൂ എന്ന് ബഞ്ച് ചൂണ്ടിക്കാട്ടി. സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളസിറ്റര്‍ ജനറല്‍ കെ വി വിശ്വനാഥനും ഇക്കാര്യത്തില്‍ എതിരഭിപ്രായമുണ്ടായിരുന്നില്ല. 60 സി വകുപ്പ് രാജ്യത്തിനകത്ത് സ്വന്തം ദേശത്ത് നിന്ന് പ്രത്യേക സാഹചര്യത്തില്‍ മാറിപ്പോയവര്‍ക്ക് മാത്രമാണെന്നും പ്രവാസികളുടെ കാര്യത്തില്‍ ഇത് സാധുവല്ലെന്നും കമ്മീഷന്‍ വാദിച്ചു. വോട്ടിംഗ് പ്രക്രിയ തുടങ്ങിയ സാഹചര്യത്തില്‍ ഇത്തവണ പ്രവാസി വോട്ട് അനുവദിക്കാനാകില്ലെന്ന നിലപാടില്‍ കമ്മീഷന്‍ ഉറച്ചു നിന്നതോടെ കോടതി ഇത് അംഗീകരിക്കുകയായിരുന്നു. കമ്മീഷന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹരജിക്കാരന് കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഹരജി സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി. കേരളത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ സംവിധാനം നിലവില്‍ വരും വിധത്തിലായിരിക്കണം തീരുമാനമെടുക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ വോട്ട് ചെയ്യാനാകുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിന് അറുതിയാകുമെന്നു തന്നെയാണ് പ്രതീക്ഷ. പക്ഷേ അതിലേക്കുള്ള ചുവടുകള്‍ അത്ര ലളിതമാകില്ലെന്ന് ഉറപ്പാണ്. വോട്ടവകാശം ലഭിക്കാന്‍ യോഗ്യതയുള്ള ഒരു കോടിയിലധികം പ്രവാസികളുണ്ടെന്നാണ് കണക്ക്. എന്നാല്‍ ആകെ 11,844 പേര്‍ മാത്രമാണ് വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ത്തിട്ടുള്ളത്. അപ്പോള്‍ രജിസ്‌ട്രേഷന്‍ തൊട്ട് പ്രതിസന്ധികള്‍ തുടങ്ങുന്നുണ്ട്. കൃത്രിമം കടന്നു കൂടാനുള്ള സാധ്യതയേറെയാണ്. കള്ള വോട്ടിനും ഇരട്ട വോട്ടിനും സാധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ മറികടക്കാന്‍ എംബസി ഉദ്യോഗസ്ഥരും കമ്മീഷനും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടി വരും. പ്രവാസികള്‍ ഉയര്‍ന്ന പൗരബോധം പുറത്തെടുക്കുകയും വേണം. പ്രവാസി വോട്ട് നിലവില്‍ വരും മുമ്പ് തന്നെ തിരഞ്ഞെടുപ്പിന്റെ വാശിയും വീറും നാട്ടിലേതില്‍ നിന്ന് ഒട്ടും കുറയാതെ പ്രവാസ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. മറ്റൊരു പരമാധികാര രാജ്യത്ത്, അതിര്‍വരമ്പിന് പുറത്തേക്ക് ഈ മത്സരം നീളുന്നത് ഒരു നിലക്കും ഭൂഷണമാകില്ലെന്ന് പ്രവാസി സംഘടനകളും നേതാക്കളും മനസ്സിലാക്കണം.