Connect with us

National

മോദിയും വാജ്‌പേയിയും തമ്മിലുള്ള കത്തിടപാടുകള്‍ പരസ്യമാക്കിയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യാ കാലയളവില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, അയച്ച കത്തുകള്‍ പരസ്യമാക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഗുജറാത്ത് സര്‍ക്കാറിന്റെ അഭിപ്രായം തേടി. നേരത്തെ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയെങ്കിലും പി എം ഒയിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ് ഇ റിസ്‌വി ഇവ വെളിപ്പെടുത്താന്‍ വിസമ്മതിച്ചിരുന്നു. കേസന്വേഷണത്തെയും വിചാരണാ നടപടികളെയും ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ നിയമത്തിന്റെ എട്ട് (ഒന്ന്) (എച്ച്) വകുപ്പ് പ്രകാരം അപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഡയറക്ടര്‍ കൃഷന്‍ കുമാറിന് അപേക്ഷ നല്‍കുകയായിരുന്നു. വിവരം നിഷേധിക്കുന്നതിനുള്ള സംഗതമായ കാരണങ്ങള്‍ നല്‍കാന്‍ സാധിക്കുന്നില്ലെന്ന് കൃഷന്‍ കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പതിനൊന്ന് വര്‍ഷം മുമ്പാണ് കത്തിടപാട് നടന്നതെന്നതിനാല്‍ അന്വേഷണത്തെ ബാധിക്കില്ലെന്ന് അപേക്ഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപേക്ഷകന്റെ ന്യായങ്ങളെ ശരിവെച്ച അപ്പലേറ്റ് അതോറിറ്റി, അനുബന്ധ വിവരങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. എട്ട് (ഒന്ന്) (എച്ച്) വകുപ്പ് ഇതിന് ബാധകമല്ലെന്നും പതിനഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷകന് വിവരം നല്‍കണമെന്നും അപ്പലേറ്റ് അതോറിറ്റി നിര്‍ദേശിച്ചു. തുടര്‍ന്ന് പുതിയ വിവരങ്ങള്‍ ലഭിക്കുന്നതിന് വിഷയം ഗുജറാത്ത് സര്‍ക്കാറിന് കൈമാറുകയായിരുന്നു. വിവരങ്ങള്‍ പരസ്യമാക്കുന്നതില്‍ മൂന്നാം കക്ഷിയായ ഗുജറാത്ത് സര്‍ക്കാറിന്റെ പ്രതികരണം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുഖ്യ വിവരാവകാശ ഉദ്യോഗസ്ഥന്‍ റിസ്‌വി പറഞ്ഞു. വിവരാവകാശ നിയമത്തിലെ 11(1) വകുപ്പ് പ്രകാരം മൂന്നാം കക്ഷിയുടെ പ്രതികരണമാരാഞ്ഞുള്ള നോട്ടീസിന് അഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. എന്നാല്‍, സമയപരിധിക്കുള്ളില്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രതികരണം അറിയിക്കാതിരുന്നിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് അത് ഗൗരവത്തില്‍ കാണുന്നില്ല.
2002 ഫെബ്രുവരി 27നും ഏപ്രില്‍ 30നും ഇടയില്‍ ഗുജറാത്ത് സര്‍ക്കാറുമായി പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ മുഴുവന്‍ ആശയവിനിമയങ്ങളുടെയും കോപ്പികളാണ് അപേക്ഷകന്‍ ആവശ്യപ്പെട്ടത്. ആറ് മാസം മുമ്പാണ് അപേക്ഷ നല്‍കിയത്.

Latest