Connect with us

Gulf

വോയ്‌സ് കാളിംഗ് ആപ്ലിക്കേഷനുകള്‍ക്ക് 'ട്രാ'യുടെ നിയന്ത്രണമുണ്ടെന്ന് ഒമാന്‍ ടെല്‍

Published

|

Last Updated

മസ്‌കത്ത്: സൗജന്യമായി മൊബൈല്‍ ഫോണുകളിലേക്കു വിളിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനുകള്‍ക്ക് ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് ഒമാനില്‍ തടസം നേരിടുന്നതെന്ന് ഒമാന്‍ ടെല്‍. സൗജന്യ വിളി സൗകര്യം നല്‍കുന്ന വൈബര്‍ സേവനം തടസപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപിടിയിലാണ് ഒമാന്‍ ടെല്‍ മേധാവികള്‍ ഇക്കാര്യം പറഞ്ഞത്.

കൂടുതല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിയന്ത്രണം വരുമെന്ന സൂചനയും അവര്‍ നല്‍കി. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കുന്നുവെങ്കിലും രാജ്യത്തിനകത്തും പുറത്തും നേരിട്ടുള്ള മൊബൈല്‍ വിളികള്‍ കുറഞ്ഞ സാഹചര്യത്തിലാണ് അതോറിറ്റിയുടെ അംഗീകാരത്തോടെ ടെലികോം കമ്പനികള്‍ വൈബര്‍ ഉപയോഗം തടസപ്പെടുത്തിയതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം വിശദീകരിക്കാന്‍ ഒമാന്‍ ടെല്‍ പ്രതിനിധികള്‍ വിസമ്മതിച്ചു. കോമക്‌സ് സമാപനത്തില്‍ വിളിച്ചു ചേര്‍ത്താ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഒമാന്‍ ടെല്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. അമീര്‍ ബിന്‍ അവാദ് അല്‍ റവാസ്.

രാജ്യത്ത് കൂടുതല്‍ വേഗതയും വ്യക്തതയുമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ തുക നിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി 75 ദശലക്ഷം റിയാലാണ് കഴിഞ്ഞ വര്‍ഷം നിക്ഷേപിച്ചത്. ഈ വര്‍ഷവും കൂടുതല്‍ നിക്ഷേപം നടത്തും. രാജ്യത്താകെ 2,100 കേന്ദ്രങ്ങളിലാണ് കമ്പനിക്ക് സൈറ്റുകളുള്ളത്. നെറ്റ് വര്‍ക്ക് ശക്തിപ്പെടുത്തുന്നതിന് 116 ദശലക്ഷം റിയാലാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിക്ഷേപിച്ചത്. ത്രി ജി, ഫോര്‍ ജി നെറ്റ് വര്‍ക്കുകള്‍ വികസിപ്പിക്കുന്നതിനു വേണ്ടിയാണിത്. 2012ല്‍ ആരംഭിച്ച വികസന പദ്ധതി മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.

റവന്യൂ വികസനത്തിനായി ഒമാന്‍ ടെല്‍ 17 ശതമാനം വരെ തുകയാണ് നിക്ഷേപിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ മറ്റു കമ്പനികള്‍ ഈ രംഗത്ത് 16 ശതമാനം വരെ മാത്രമാണ് നിക്ഷേപം നടത്തുന്നത്. എന്നാല്‍ 2007ല്‍ 27 ശതമാനം വരെ നിക്ഷേപിച്ചിരുന്നു. ലാന്‍ഡ്‌ലൈന്‍, മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ധിപ്പിക്കുന്നതിനു വേണ്ടിയുള്ള നിക്ഷേപമാണ് തുടരുക. ബ്രോഡ്ബാന്‍ഡ് സേവനത്തിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധയൂന്നുന്നത്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ 53 ശതമാനമാണ് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനിക്കുമ്പോള്‍ 780,000 ആണ് രാജ്യത്തെ ബ്രോഡ്ബാന്‍ഡ് വരിക്കാര്‍.

അതേസമയം, മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളും വര്‍ധിച്ചു. വര്‍ഷം അവസാനിക്കുമ്പോള്‍ 12 ലക്ഷത്തിലധികം മൊബൈല്‍ ഇന്റര്‍നെറ്റ് വരിക്കാരുണ്ട് രാജ്യത്ത്. ഇതില്‍ 96 ശതമാനം പേരും ടു ജി നെറ്റ് വര്‍ക്കിന്റെ പരിധിയില്‍ വരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനിക്കുമ്പോള്‍ 87 ശതാമാനം പേര്‍ ത്രി ജി നെറ്റ് വര്‍ക്കിന്റെ പരിധിയില്‍ വന്നു. രാജ്യത്തെ മൊബൈല്‍ ഫോണ്‍ സാന്ദ്രത 143 ശതമാനമാണ്. ലോകത്തു തന്നെ മൊബൈല്‍ സാന്ദ്രത കൂടുതലുള്ള രാജ്യമാണ് ഒമാന്‍.

രാജ്യത്ത് 7,500 കിലോമീറ്റര്‍ ഒപ്റ്റിക് ഫൈബര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചിട്ടുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യത്തെ ടെലികോം സേവനം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

Latest