Connect with us

National

ഗുജറാത്ത് മോഡല്‍ വികസനം ഇന്ത്യക്ക് യോജിച്ചതല്ല: മുരളി മനോഹര്‍ ജോഷി

Published

|

Last Updated

കാണ്‍പൂര്‍: മോഡിയുടെ ഗുജറാത്ത് പെരുമക്ക് തിരിച്ചടി നല്‍കി മുതിര്‍ന്ന ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷി രംഗത്ത്. ഗുജറാത്ത് മാത്രമല്ല വികസന മാതൃകയെന്നും ഗുജറാത്തിലെ വികസന മാതൃക ഇന്ത്യക്ക് മൊത്തത്തില്‍ യോജിച്ചതല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ബിജെപിയുടെ പ്രകടനപത്രിക തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷനാണ് മുരളി മനോഹര്‍ ജോഷി.

ഒരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഗുജറാത്ത് മാതൃക അതേപടി ഇന്ത്യയില്‍ ഒന്നാകെ നടപ്പാക്കാനാകില്ല. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ ഗുജറാത്തിനൊപ്പം മധ്യപ്രദേശിലെയും ത്രിപുരയിലെയും മഹാരാഷ്ട്രയിലെയും നല്ല മാതൃകകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മോഡി തരംഗം ഉണ്ടെന്ന പ്രചാരണത്തിനും ജോഷി കനത്ത മറുപടിയാണ് നല്‍കുന്നത്. ബിജെപിക്ക് അനുകൂലമായി രാജ്യത്തുള്ള സാഹചര്യം വ്യക്ത്യാധിഷ്ഠിതമല്ലെന്ന് അദ്ദേഹം വ്യക്തതമാക്കി. ജസ്വന്ത് സിങ് പാര്‍ട്ടിവിടുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നും ജസ്വന്തിന് സീറ്റ് നിഷേധിക്കുന്ന കാര്യം തിരഞ്ഞെടുപ്പ് സമിതിയില്‍ അറിയിച്ചിരുന്നില്ലെന്നും മുരളി മനോഹര്‍ ജോഷി മാധ്യമങ്ങളോട് പറഞ്ഞു.

വരാണസി മണ്ഡലത്തിലെ സിറ്റിംഗ് എം പിയായ ജോഷിയെ മാറ്റിയാണ് ഈ മണ്ഡലം നരേന്ദ്രമോഡിക്ക് നല്‍കിയത്. ഇതിനെതിരെ തുടക്കത്തില്‍ പ്രതികരിച്ച ജോഷി പിന്നീട് പാര്‍ട്ടി സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു. കാണ്‍പൂരില്‍ നിന്നാണ് ജോഷി ജനവിധി തേടുന്നത്.

Latest